കുപ്പു സ്വാമിയെന്ന കറുത്തമുത്ത്

കുപ്പു സ്വാമിയെന്ന കറുത്തമുത്ത്

ജയിച്ചാലും തോറ്റാലും വലിയ ഭാവമില്ലാതെ മൈതാനത്ത് എളിയിൽ കൈ കൊടുത്ത് കിതപ്പകറ്റാൻ നിൽക്കുന്ന കുപ്പസ്വാമിയെ ആരാധകർ വട്ടംചുറ്റി നിൽക്കും. അന്നത്തെ ഏറ്റവും വലിയ അതിശയമായിരുന്നു കാലാതീതനോ ഈ മനുഷ്യൻ എന്നത്
Published on

കുപ്പസ്വാമി ബാംഗ്ലൂരിൽ മരിച്ചു എന്നറിഞ്ഞ് കൂടുതൽ എന്തെങ്കിലും അറിയാൻ ഗൂഗ്ളിൽ തപ്പി നോക്കി. ഇന്ത്യൻ വിക്കി പീഡിയക്ക് കുപ്പസ്വാമി യെ അറിയുകയേയില്ല. അറിയുന്നത് കുപ്പുസ്വാമി സമ്പത്ത് എന്ന പഴയ പട്ടാള ഫുട്ബാൾ ടീം എം.ഇ. ജിയുടെ ഗോൾകീപ്പറെ മാത്രം. സുനിൽ ഛേത്രി, ബെയ് ചൂംഗ് ബൂട്ടിയ ശബ്ബീർ അലി, സഹൽ അബ്ദുൽ സമദ് തുടങ്ങിയ പുതിയ തലമുറക്കാരായ മിടുക്കന്മാരെ കുറിച്ച് മാത്രം അറിയാം.

പക്ഷേ പഴയ കാലത്തെ പന്തുകളിയെയും കളിക്കാരെയും ടീമുകളെയും മനസ്സിലിട്ട് താരാട്ട് പാടുന്ന കുറേപേർ ഇന്നുമുണ്ടല്ലോ?കോഴിക്കോടിന്നോ മലബാറിന്നോ പെലെയെ അറിയാമായിരുന്നെങ്കിലും മനസ്സിൽ കയറിയിരുന്നില്ല. അവരുടെ കറുത്തമുത്ത് കുപ്പസ്വാമിയായിരുന്നു.

മുള കൊണ്ട് പണി തീർത്ത ഗ്യാലറികൾക്ക് താഴെ പച്ച പുൽമൈതാനിയിൽ (പഴയ പൂതേരിപ്പാടം) ഹൃദയമിടിപ്പായിരുന്നു, കുത്തനേ പച്ചയും വെള്ളയും വര വര ജഴ്സിയിൽ മൈതാനം നിറയെ, പുളകപൂക്കൾ വാരിവിതറിയ കറുകറുത്ത നിറമുള്ള ആ പട്ടാളക്കാരൻ. അന്നത്തെ ഏറ്റവും വലിയ അതിശയമായിരുന്നു കാലാതീതനോ ഈ മനുഷ്യൻ എന്നത്. ഓരോ കൊല്ലം കഴിയും തോറും കളിയുടെ മാറ്റ് കൂടിക്കൂടി വരുന്നു.!

1964 ൽ ഒരിക്കലേ നാഗ്‌ജി ട്രോഫി ഏറ്റുവാങ്ങിയിട്ടുള്ളുവെങ്കിലും എല്ലാ കൊല്ലവും ഇന്ത്യയിലെ പ്രശസ്തമായ ''സേട്ട് നാഗജി അമർസി മെമ്മാറിയൽ വെള്ളി കപ്പിനു വേണ്ടിയുള്ള ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ മദിരാശി റെജിമെന്റൽ സെന്റർ എന്ന എം.ആർ.സി. കോഴിക്കോട്ടെത്തുന്നു. കോഴിക്കോട്ടെന്നല്ല; കേരളക്കരയിൽ അന്നുണ്ടായിരുന്ന പ്രമുഖ ഫുട്ബാൾ ടൂർണ്ണമെന്റുകളായ കണ്ണൂർ ശ്രീനാരായണ, തൃശൂർ ചാക്കോള ട്രോഫി, കൊച്ചി നെഹ്രുകപ്പ് , കോട്ടയം മാപ്പൻ മാപ്പിള ട്രോഫി, തിരുവനന്തപുരം ജി.വി. രാജ ട്രോഫി എന്നീ മേളകളിലും എംആര്‍സി കളിക്കാനിറങ്ങി.

പ്രായം ഒട്ടും ഏശാത്ത ഉറച്ച ശരീരം ആയിരുന്നു കുപ്പുസ്വാമിയുടേത്. അമ്പത് വയസ്സു വരെയൊക്കെ ഒരേ ഫോമിൽ കളിച്ചു. കോഴിക്കോട്ടുകാർ കടൽക്കരയിലും, ഇന്നത്തെ മാനാഞ്ചിറ സ്ക്വയറിലും കടല കൊറിച്ചു കൊണ്ട് അവരുടെ പഴയ കാല പെരുമകൾ അയവിറക്കുമ്പോൾ, അതിൽ കുപ്പസ്വാമി നിറഞ്ഞു നിൽക്കും. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ എൺപത്തിമൂന്നാം വയസ്സിൽ കുപ്പുസ്വാമി ജീവിതത്തിൽ നിന്ന് വിടവാങ്ങിയെന്നറിയുമ്പോൾ നൊമ്പരപ്പെടാൻ കഴിഞ്ഞ കാല തലമുറ ഒന്നിച്ചുണ്ടാവും.

ജയിച്ചാലും തോറ്റാലും വലിയ ഭാവമില്ലാതെ മൈതാനത്ത് എളിയിൽ കൈ കൊടുത്ത് കിതപ്പകറ്റാൻ നിൽക്കുന്ന കുപ്പസ്വാമിയെ ആരാധകർ വട്ടം ചുറ്റി നിൽക്കും. എം.ആർ.സിയിൽ ഫോർവേഡ് ലൈനിൽ കൂടെ കളിച്ച കാമാക്ഷി ' സദാശിവൻ നായർ, ഫ്രാൻസിസ്, അരുൾ ദാസ്, കൊറ്റൻ എന്നിവരരെല്ലാം ടീമിന്റെ ജയത്തിന്നായി വിയർപ്പ് ഏറെ ചിന്തുന്നവരായിരുന്നു .വീര്യം അവസാന നിമിഷം വരെ നിലനിർത്തിയ കളികൾ...

ബീർ ബഹദൂർ, വില്യംസ്, ജയറാം മുംതാസ് ഹുസൈൻ അണിനിരന്ന ഇ.എം. ഇ സെന്റർ സെക്കന്താരബാദ്, ആയിരുന്നു എം. ആർ.സിയുടെ മുഖ്യ എതിരാളികൾ. ഇവർ നേർക്കുനേർ വരുമ്പോൾ കളി തീപ്പാറും. ഗ്യാലറികളാൽ ആവേശം കത്തിയാളും.കൽക്കത്തയിലെ ഘടാഘടിയന്മാരായ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ്, ആന്ധ്ര പോലീസ് ഹൈദരാബാദ് ഇലവൻ, ബോംബെ മഫത്‌ലാൽ, ടാ റ്റാസ്, മഹീന്ദ്രാസ് ഗോവയിൽ നിന്ന് വാസ്കോ സാൽഗോക്കർ, ഗൂർഖാബ്രിഗ്രേഡ്, പഞ്ചാബിൽ നിന്ന് ബി.എസ്‌ എഫ്, ലീഡേഴ്സ് ക്ലബ്ബ്, പട്ടാള ടീമുകളായ ഗൂർഖാ ബ്രിഗേഡ് എൽ ആർ .ഡി.ഇ. എ എസ്.സി സെന്റർ എം.ഇ.ജി എന്നിവ കൂടി എത്തുമ്പോൾ നാഗ്ജി ഫുട്ബാളിന്റെ മാറ്റ് പതിന്മടങ്ങാവും.

അന്ന് ഈ കളികൾ കാണാൻ സ്കൂൾ പ്രായത്തിൽ നടക്കാവിൽ നിന്ന് ചോമത്ത് വയലും കുറുക്കൻ കാവിലെ കാടു നിറഞ്ഞ പറമ്പുകളും ഇടക്ക് ചില മതിൽ കെട്ടുകളും മറികടന്ന് മൈതാനത്ത് എത്തുമ്പോൾ കളി തുടങ്ങാൻ പിന്നെയും സമയം ബാക്കിയുണ്ടാവും. ഫ്ലഡ് ലൈറ്റുകളില്ലാത്ത അക്കാലത്ത് കളി 4.30 ന് തുടങ്ങും. പടിഞ്ഞാറ് സൂര്യവെളിച്ചത്തിന്റെ തിരി താഴും മുമ്പ് തീരണം ഫുട്ബാൾ കമ്പം ഞരമ്പുകളിൽ തുടിച്ചു നിന്ന കാലം.......

കുപ്പസ്വാമി മനസ്സിന്റെ മൈതാനിയിൽ ഇപ്പോഴും ഇടത് വിംഗിലൂടെ കുതിച്ചോടുന്നു. മധ്യഭാഗത്ത് കൂടെ അമ്പ് പോലെ പാഞ്ഞെത്തുന്ന കാമാക്ഷിയെ ലക്ഷ്യമാക്കി ക്രോസ് ഉതിർക്കാൻ. മിഡ് ഫീൽഡർ പൂച്ചക്കണ്ണൻ ഫ്രാൻസിസിന്റെ ഡയഗണൽ പാസ്ഏറ്റുവാങ്ങാൻ. കാമാക്ഷി നേരത്തേ മരിച്ചു. വല്ലാത്തൊരു കോമ്പിനേഷനായിരുന്നു അത്. വീഡിയോയും സെൽഫോണും ഓട്ടത്തിന്റെ വേഗവും കൈമാറുന്ന പാസിന്റെ കൃത്യത അളക്കാൻ ആധുനിക ഉപകരണങ്ങളുമില്ലാത്ത കാലത്ത് കളി നിർത്തി, ശിഷ്ടകാലം ആരുമറിയാത്ത ലോകത്ത് ജീവിച്ചു തീർത്ത ഇങ്ങിനെ എത്രയോ പേർ.. ആന്ധ്രാ പോലീസിന്റെ അസീസ്, സുൽഫീഖർ, യൂസഫ് ഖാൻ, അൽതാഫ്, ലായിക്ക്, മഫത് ലാലിന്റെ രഞ്ജിത് ഥാപ്പ, ശ്യാം ഥാപ്പ , ബംഗ്ലൂരിന്റെ എത്തി രാജ്, കൃഷ്ണാജി റാവു. ഇവരെല്ലാം മനസ്സിൽ മായാതെ മങ്ങാതെ നിൽക്കുന്നു.

logo
The Fourth
www.thefourthnews.in