സഹതാരങ്ങളുമായി ഭിന്നത;  എംബാപ്പെ പിഎസ്ജി വിടുമോ

സഹതാരങ്ങളുമായി ഭിന്നത; എംബാപ്പെ പിഎസ്ജി വിടുമോ

ടീമിലെ സഹതാരങ്ങളുമായുള്ള അഭിപ്രായ വ്യതാസങ്ങളുടെ പേരിൽ പിഎസ്ജിയിൽ തുടരാൻ കിലിയന്‍ എംബാപ്പെ ആഗ്രഹിക്കുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
Published on

പിഎസ്ജിയില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ അസന്തുഷ്ടനെന്ന് റിപ്പോര്‍ട്ടുകള്‍. ടീമിലെ സഹതാരങ്ങളുമായുള്ള അഭിപ്രായ വ്യതാസങ്ങളുടെ പേരിൽ പിഎസ്ജിയിൽ തുടരാൻ കിലിയന്‍ എംബാപ്പെ ആഗ്രഹിക്കുന്നില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ലബുമായുള്ള കരാര്‍ പുതുക്കി അഞ്ച് മാസം മാത്രം പിന്നിടുമ്പോഴാണ് എംബാപ്പെയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതോടെ കിലിയന്‍ എംബാപ്പെ വീണ്ടും ഫുട്ബോൾ ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

പിഎസ്ജിയുടെ താരങ്ങളുമായി അത്ര രസത്തിലല്ല ഫ്രഞ്ച് സൂപ്പർ താരമെന്നതിനെ സാധൂകരിക്കുന്ന വാർത്തകൾ ഇതിന് മുൻപും പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ താരം കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടുമെന്നാണ് കരുതിയിരുന്നത്. താരത്തെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് രംഗത്തുമുണ്ടായിരുന്നു. എന്നാൽ 2022 മെയ് 21ന് പാരീസ് സെന്റ് ജെര്‍മെയ്‌ന്റെ മൈതാനത്തു നടന്ന ചടങ്ങിൽ താരം 2025 വരെ ഫ്രഞ്ച് ക്ലബ്ബിൽ തുടരാനുള്ള കരാർ ഒപ്പിട്ട വിവരം ആരാധകരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഫുട്ബോൾ ലോകത്തെ ചൂടേറിയ ചർച്ചകൾ അവസാനിച്ചത്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ പ്രകാരം ടീമിൽ എംബാപ്പെ കളിക്കുന്ന സ്ഥാനത്തിലും, സഹ കളിക്കാരുമായുള്ള പ്രശ്നങ്ങളും, ടീമിന്റെ കളിയോടുള്ള സമീപനം മൂലവും താരത്തിന് എതിർപ്പ് ഉണ്ടെന്നും വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ ടീം വിടുമെന്നും പറയപ്പെടുന്നു.

എന്നാൽ ക്ലബ് വിടുന്ന തരത്തിൽ യാതൊരു വിധ ചര്‍ച്ചകളും എംബാപ്പെ ക്ലബ്ബുമായി നടത്തിയിട്ടില്ലെന്ന് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ലൂയിസ് കാമ്പോസ്‌ പ്രതികരിച്ചു. എല്ലാ ദിവസവും എംബാപ്പെയുമായി സംസാരിക്കാറുണ്ട്. തന്നോടോ ക്ലബ് പ്രസിഡന്റുമായോ ഇതേ പറ്റി ഒന്നും സംസാരിച്ചിട്ടില്ല. അഭ്യൂഹങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ട് അതെ പറ്റി എല്ലായിപ്പോഴും പ്രതികരിക്കാൻ സാധിക്കില്ല. ഇത് പക്ഷെ അങ്ങനെ ഒഴിവാക്കാൻ സാധിക്കില്ല അതിനാലാണ് പ്രതികരിക്കുന്നത്" എന്നും ലൂയിസ് കാമ്പോസ്‌ പറഞ്ഞു.

logo
The Fourth
www.thefourthnews.in