ഹൃദയം തകര്‍ന്ന് സെനഗല്‍; ആഫ്രിക്കന്‍ കരുത്ത് തകര്‍ത്ത് ഓറഞ്ച് പട

ഹൃദയം തകര്‍ന്ന് സെനഗല്‍; ആഫ്രിക്കന്‍ കരുത്ത് തകര്‍ത്ത് ഓറഞ്ച് പട

മുന്നില്‍ നിന്ന് നയിക്കാന്‍ നായകന്‍ സാദിയോ മാനെ ഇല്ലാതിരുന്നിട്ടും യൂറോപ്യന്‍ യുവനിരയെ മുഴവന്‍ സമയത്തും വിറപ്പിച്ച ശേഷമായിരുന്നു സെനഗലിന്റെ വീരോചിത കീഴടങ്ങല്‍.
Updated on
2 min read

90 മിനിറ്റ് മത്സരത്തിന്റെ 83 മിനിറ്റുകളിലും എതിരാളിയുടെ നിഴലില്‍, അതുവരെ ഒരു ഷോട്ട് പോലും ലക്ഷ്യത്തിനു നേര്‍ക്കു തൊടുക്കാന്‍ പോലുമാകാതെയുള്ള വിവശത. സമനില ആയാലും മതി തോല്‍ക്കരുതേയെന്ന ആരാധകരുടെ പ്രാര്‍ഥന... എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ലഭിച്ച ഒരേയൊരു അവസരം മുതലാക്കി ആ ടീമിന്റെ തടിതപ്പല്‍... അതുവരെ പൊരുതിക്കളിച്ച, വിജയം ഏറെ അര്‍ഹിച്ചവരുടെ താലതാഴ്ത്തിയുള്ള മടക്കം...

2022 ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലെ ഇന്നു നടന്ന ഹോളണ്ട്-സെനഗല്‍ മത്സരത്തിനെ കുറഞ്ഞ വാക്കുകളില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന നാടന്‍ ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമാണ് ഹോളണ്ട് സെനഗലിന്റെ കൈകളില്‍ നിന്ന് വിജ യം തട്ടിയെടുത്തത്.

മത്സരത്തിന്റെ 84-ാം മിനിറ്റില്‍ യുവതാരം കോഡി ഗ്യാപ്‌കോ നേടിയ ഏക ഗോളിലായിരുന്നു ഹോളണ്ട് ആയുസ് നീട്ടിയെടുത്തത്. ആ ഗോളില്‍ തകര്‍ന്നു പോയ സെനഗലിന്റെ വിവശതയിലേക്ക് അവസാന സെക്കന്‍ഡില്‍ ഒരു ഗോള്‍ കൂടി ചാര്‍ത്തി അവര്‍ ജയം ആധികാരികമാക്കുകയും ചെയ്തു. തകര്‍പ്പന്‍ ജയത്തോടെ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്താനും അവര്‍ക്കായി. മറുവശത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ നായകന്‍ സാദിയോ മാനെ ഇല്ലാതിരുന്നിട്ടും യൂറോപ്യന്‍ യുവനിരയെ മുഴവന്‍ സമയത്തും വിറപ്പിച്ച ശേഷമായിരുന്നു സെനഗലിന്റെ വീരോചിത കീഴടങ്ങല്‍.

മത്സരത്തിലുടനീളം ബോള്‍ പൊസെഷനും ആധിപത്യവും ആഫ്രിക്കന്‍ ടീമിനായിരുന്നു മാനെയുടെ അഭാവത്തില്‍ ബൗലായെ ഡിയയും ഇസ്‌മെയ്‌ല സാറും അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ലൂയിസ് വാന്‍ഗാലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന പ്രകടനമായിരുന്ന സെനഗല്‍ പുറത്തെടുത്തത്.

ആദ്യ പകുതിയില്‍ തന്നെ കുറഞ്ഞത് രണ്ടു ഗോളുകള്‍ക്കെങ്കിലും അവര്‍ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ഫിനിഷിങ്ങിലെ പിഴവുകളും ഹോളണ്ട് ഗോള്‍കീപ്പര്‍ ആന്‍ഡ്രീസ് ഓപെര്‍ട്ടിന്റെ മിന്നുന്ന സേവുകളുമാണ് സെനഗലിന് വിനയായത്. പരുക്കില്‍ നിന്ന് മുക്തനായി എത്തിയ മെംഫിസ് ഡിപേയെ പുറത്തിരുത്തി 3-4-1-2 എന്ന ഫോര്‍മേഷനില്‍ ടീമിനെ അണിനിരത്തിയ വാന്‍ഗാലിന് പക്ഷേ ഉദ്ദേശിച്ച ഫലം ലഭിക്കാന്‍ അവസാന മിനിറ്റുകള്‍ വരെ കാത്തിരിക്കേണ്ടി വന്നു.

സെനഗല്‍ ഗോള്‍ നേടിയില്ലെങ്കില്‍ മത്സരം ഗോള്‍രഹിത സമനിലയിലേക്കു നീങ്ങുമെന്ന് ഉറപ്പിച്ച നിമിഷങ്ങളിലാണ് കളിയുടെ ഗതിക്കു വിപരീതമായി വലകുലുക്കി ഹോളണ്ട് ലോകത്തെ അമ്പരപ്പിച്ചത്. ബോക്‌സിനു പുറത്ത് വലതു ഭാഗത്തു നിന്ന് മധ്യനിര താരം ഫ്രെങ്കി ഡിയോങ് നല്‍കിയ ക്രോസില്‍ തലവച്ചാണ് ഗ്യാപ്‌കോ ടീമിനെ മുന്നിലെത്തിച്ചത്.

ഡിയോങ്ങിന്റെ ക്രോസില്‍ അപകടം മണത്ത സെനല്‍ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡോ മെന്‍ഡി കാട്ടിയ മണ്ടത്തരമാണ് ഹോളണ്ടിന് തുണയായത്. ക്രോസിലേക്ക് ഉയര്‍ന്നു ചാടിയ ഗ്യാപ്‌കോയെ പ്രതിരോധിക്കാന്‍ മെന്‍ഡി ലൈന്‍ വിട്ട് ഇറങ്ങിയത് തിരിച്ചടിയായി. സെനഗല്‍ ഗോള്‍കീപ്പര്‍ കബളിപ്പിച്ച് പന്തിനെ ഗ്യാപ്‌കോ കൃത്യമായി വലയിലേക്കു ചെത്തിയിട്ടു.

അപ്രതീക്ഷിതമായി ലഭിച്ച ലീഡ് ഹോളണ്ടിനെ ആകെ ഉണര്‍ത്തി. ശേഷിച്ച മിനിറ്റുകളില്‍ പന്ത് കൈവശം വച്ചു സമയം കളയാനുള്ള അവരുടെ തന്ത്രം ഫലിക്കുകയും ചെയ്തു. സമനിലയ്ക്കായി രണ്ടും കല്‍പിച്ച് പൊരുതിയ സെനഗലിന് പക്ഷേ സമയം തീരെക്കുറവായിരുന്നു. ഒടുവില്‍ എതിരാളികളുടെ വിവശത മുതലെടുത്ത് ഒരു പ്രത്യാക്രമണത്തില്‍ വീണു കിട്ടിയ പന്തുമായി കുതിച്ച മെംഫിസ് ഡി പേ ഹോളണ്ടിന്റെ രണ്ടാം ഗോളിനും വഴിയൊരുക്കി. ഡിപേയുടെ ഷോട്ട് മെന്‍ഡി തടുത്തിട്ടെങ്കിലും ഓടിയെത്തിയ ഡേവി ക്ലാസന്‍ പന്തിന് വലയിലേക്കു വഴികാട്ടി. പിന്നാലെ റഫറി ലോങ്‌വിസില്‍ മുഴക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in