ലത്വാരോ മാർട്ടിനസ്: മിശിഹയുടേയും മാലാഖയുടേയും രക്ഷകൻ

ഗോള്‍ നേടിയ ശേഷം ലത്വാരോ ചെവികള്‍ കോർത്തു. ഗ്യാലറിയില്‍ നിന്ന് ഉയര്‍ന്നത് ആര്‍പ്പുവിളികള്‍ മാത്രം. ഗ്രൗണ്ട് വലംവച്ചോടി ലാത്വാരോ അതിന് കാതോര്‍ത്തു

മിശിഹ കരയുകയായിരുന്നു, ചിറകുകള്‍ വിടർത്താനാകാതെ മാലാഖ. അത്ഭുത നിമിഷത്തിനായി മാനത്ത് മാഞ്ഞ മറഡോണയെപ്പോലും സ്മരിച്ചു പോയി ഗ്യാലറി. തട്ടിയകറ്റിയ കിരീടങ്ങളെല്ലാം കൈപ്പിടിയിലൊതുക്കിയെങ്കിലും ഇതിഹാസങ്ങള്‍ക്ക് കാലം ഒരുതുള്ളി കണ്ണീർ ബാക്കിയാക്കിയോ എന്ന് ഓർത്തുപോയി അവര്‍.

112-ാം മിനുറ്റ്, മിശിഹയുടെ കണ്ണീർ അവനൊപ്പി, മലാഖയ്ക്ക് അർഹമായ പടിയിറക്കം ഒരുക്കി. ഒരിക്കല്‍ അർജന്റീനൻ ജനത വെറുത്ത അവൻ തന്നെ, ഒരു രാവുകൊണ്ട് റൊസാരിയോ തെരുവിന്റെ പ്രിയപുത്രനായവൻ, ലത്വാരോ മാർട്ടിനസ്.

ഇനിയല്‍പ്പം പിന്നിലേക്ക് പോകാം, കോപ്പയിലെ മൈതാനങ്ങളില്‍ പന്തുരുളുന്നതിന് മുൻപ്. ലത്വാരോ മാർട്ടിനസിന്റെ ടീമിലെ സ്ഥാനത്തില്‍ അർജന്റീനൻ ആരാധകർ രണ്ട് തട്ടിലായ നാളുകള്‍. ഇന്റർ മിലാനായി എതിർ ഗോള്‍വലകള്‍ നിരന്തരം കുലുക്കി, എതിർ ഗ്യാലറികളെ നിശബ്ദമാക്കുന്നവൻ അർജന്റീനൻ ജേഴ്‌സിയിലെത്തുമ്പോള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്നായിരുന്നു ചോദ്യം. കോപ്പയില്‍ ലത്വാരോയ്ക്ക് കാണിയുടെ റോള്‍ മതിയെന്നായിരുന്നു ആരാധകരുടെ വിധി.

ശേഷം ഗ്വാട്ടിമാലയ്ക്കെതിരെ നടന്ന സൗഹൃദ മത്സരം. ലിസാൻഡ്രോയുടെ ഓണ്‍ ഗോളില്‍ അർജന്റീന പിന്നിലായതിന് ശേഷം 12-ാം മിനുറ്റില്‍ മെസിയുടെ ഗോള്‍. 39-ാം മിനുറ്റില്‍ ലഭിച്ച പെനാൽറ്റി ലത്വാരോയ്ക്ക് നേർക്ക് മെസി നീട്ടി. പിന്നീട് 66-ാം മിനുറ്റില്‍ ലത്വാരോയ്ക്ക് ഗോളടിക്കാൻ വീണ്ടും വഴിയൊരുക്കി. പെനാൽറ്റി വിട്ടുനല്‍കിയതിന് മത്സരശേഷം മെസി പറഞ്ഞത് ഇപ്രകാരമായിരുന്നു.

അർജന്റീനയക്കായി തിളങ്ങാത്തതിന്റെ പേരില്‍ അവനൊരുപാട് പഴി കേള്‍ക്കുന്നു. അവനെ അത് മാനസികമായി ബാധിച്ചിരിക്കുന്നു. അവനെ തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമായ ഒന്നാണ്. ഈ നിമിഷം ലത്വാരോയ്ക്ക് മാത്രമല്ല അർജന്റീനയ്ക്കും പ്രധാനപ്പെട്ട ഒന്നായിരുന്നെന്നതിന്റെ തെളിവായിരുന്നു ഇത്തവണത്തെ കോപ്പ അമേരിക്ക. മെസി കൈമാറിയ ആത്മവിശ്വാസം, കളത്തില്‍ ലത്വാരോ പ്രതിഫലിപ്പിക്കുകയായിരുന്നു.

ലത്വാരോ മാർട്ടിനസ്: മിശിഹയുടേയും മാലാഖയുടേയും രക്ഷകൻ
മെസിയുടെ കണ്ണീരൊപ്പി ലത്വാരോ...! കോപ്പ അർജന്റീനയില്‍ തന്നെ

കാനഡയ്ക്കെതിരായ 88-ാം മിനുറ്റ്, മെസിയുടെ കണ്ണീര് വീഴ്ത്തിയ അതേ മെറ്റ്‌ലൈഫില്‍ ചിലിക്കെതിരായ വിജയഗോള്‍, പെറുവിനെതിരെ ഇരട്ടഗോള്‍. അങ്ങനെ ഫൈനലിന് തൊട്ടുമുൻപ് വരെ നാല് ഗോളുകള്‍. അർജന്റീന ആകെ നേടിയത് എട്ടു ഗോള്‍ മാത്രം. ഇതില്‍ ഫുള്‍ ടൈം കളിച്ചത് ഒരേ ഒരു മത്സരത്തില്‍ മാത്രമായിരുന്നു, പെറുവിനെതിരെ.

സെമിയില്‍ അവൻ ഗോളടിച്ചില്ല, കലാശപ്പോരിനായി കാത്തുവെക്കുകയായിരുന്നോയെന്നറിയില്ല. ഹാമിഷ് റോഡ്രിഗസ് ഒറ്റയ്ക്ക് ചുമലിലേറ്റിയെത്തിച്ച കൊളംബിയയായിരുന്നു എതിരാളികള്‍. പന്തുകൊണ്ട് മാത്രമല്ല ശരീരംകൊണ്ടും കൊളംബിയ അർജന്റീനയെ നേരിടുകയായിരുന്നു. ഡഗൗട്ടിലിരുന്ന് അയാള്‍ എല്ലാം കാണുന്നുണ്ടായിരുന്നു.

അർജന്റീനയ്ക്കായി അത്ഭുതങ്ങള്‍ സൃഷ്ടിച്ച മിശിഹയുടെ വലംകാല്‍ നിശ്ചലമായി. ബൂട്ടുകള്‍ കയ്യിലേന്തി ഇതിഹാസം കണ്ണീരണിഞ്ഞ് അവന് മുന്നിലൂടെ നടന്നുനീങ്ങി. കാല്‍പന്തിനെ നെഞ്ചോട് ചേർത്ത ആരുടെയും നെഞ്ച് പിടഞ്ഞ നിമിഷം. നിശ്ചിത സമയം കടന്ന് കളി അധികസമയത്തിലേക്ക് നീങ്ങുന്നു. 97-ാം മിനുറ്റില്‍ സൈഡ് ലൈൻ ഒഫിഷ്യലിന്റെ ഇലക്ട്രോണിക് ടൈമറില്‍ 22-ാം നമ്പർ തെളിഞ്ഞു.

അതുവരെ അർജന്റീനൻ മുൻനിരയെ പിടിച്ചുകെട്ടിയ കൊളംബിയക്ക് ചുവടുപിഴച്ച ആ നിമിഷം, 112-ാം മിനുറ്റ്. ലൊ സെല്‍സോയുടെ ഫ്ലിക്ക് പാസ് ലത്വാരോയുടെ ബൂട്ടുകളിലേക്ക്, ഞൊടിയിടയിലായിരുന്നു ഫിനിഷ്. കാമിലൊ വാർഗാസിന്റെ കൈകളുടെ വേഗത മതിയായില്ല അത് തടയാൻ. അർജന്റീനൻ ആരാധകർ ആശിച്ച ആ സ്വപ്നനിമിഷം അതായിരുന്നു.

ഗോള്‍ നേടിയ ശേഷം ലത്വാരോ ചെവികള്‍ കോർത്തു. ഗ്യാലറിയില്‍ നിന്ന് ഉയര്‍ന്നത് ആര്‍പ്പുവിളികള്‍ മാത്രം. ഗ്രൗണ്ട് വലംവച്ചോടി ലാത്വാരോ അതിന് കാതോര്‍ത്തു. ആ ഓട്ടം നിലച്ചത് തന്റെ നായകനും മിശിഹയുമായ മെസിയുടെ മുന്നില്‍. ഇരുവരും ആശ്ലേഷിച്ചു. ഒരുപക്ഷേ, ലത്വാരോയുടെ കരിയറിലെ ഏറ്റവും മികച്ച ഗോള്‍, അത്രത്തോളം, അല്ലെങ്കില്‍ അതിന് മുകളില്‍ സുന്ദരമായി നിമിഷം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in