ഇതിഹാസ ഗോള്‍കീപ്പർ ബഫണ്‍ പടിയിറങ്ങി
കാല്‍പന്ത് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായ ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ പടിയിറങ്ങി. ഇറ്റലിക്കൊപ്പം ലോകകപ്പ് കിരീടം, യുവന്റസിനൊപ്പമുള്ള കിരീടങ്ങളുടെ നീണ്ട നിര അങ്ങനെ നേട്ടങ്ങളുടെ കൊടുമുടികള്‍ കയറിയ 28 വര്‍ഷത്തെ കരിയറിന് ശേഷമാണ് ബഫണ്‍ ഗ്ലൗ അഴിക്കുന്നത്.
തുടരെയുണ്ടായ പരുക്കുകള്‍ മൂലമാണ് ബഫണ്‍ വിരമിക്കുന്നത്. 'പ്രിയപ്പെട്ടവരേ, ഇത്രമാത്രം, നിങ്ങളെനിക്ക് എല്ലാം തന്നു, ഞാനും നിങ്ങള്‍ക്കെല്ലാം തന്നു, നമ്മള്‍ ഇതെല്ലാം ഒരുമിച്ച് ചെയ്തതാണ്' ബഫണ്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
1995 ല്‍ പാര്‍മയില്‍ കരിയറിന് തുടക്കമിട്ട ബഫണ്‍ 1997ല്‍ ഇറ്റലിക്കായി അരങ്ങേറ്റം നടത്തി
നിലവില്‍ ഇറ്റാലിയന്‍ സീരീസ് ബിയില്‍ പാര്‍മയുടെ വലകാക്കുകയായിരുന്നു ബഫണ്‍. ബഫണെന്ന കാവല്‍ക്കാരന്റെ ഉദയവും പാര്‍മയില്‍ തന്നെയായിരുന്നു. 1995ല്‍ പാര്‍മയില്‍ കരിയറിന് തുടക്കമിട്ട ബഫണ്‍ 1997 ല്‍ ഇറ്റലിക്കായി അരങ്ങേറ്റം നടത്തി. 1997 മുതല്‍ 2018 വരെ ഇറ്റലിയുടെ ഗോള്‍വല കാത്ത ബഫണ്‍ രാജ്യത്തിനായി 176 മത്സരങ്ങളില്‍ കളിച്ചു. 80 മത്സരങ്ങളില്‍ ഇറ്റലിയുടെ നായകസ്ഥാനത്തും ബഫണ്‍ ഉണ്ടായിരുന്നു. അഞ്ച് ലോകപ്പുകളില്‍ ഇറ്റലിയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ ആ വന്മതില്‍ ഉണ്ടായിരുന്നു. 1998, 2002, 2006, 2010, 2014 ലോകകപ്പുകളിലാണ് താരം ഇറ്റലിക്കൊപ്പമുണ്ടായിരുന്നത്. അഞ്ച് ലോകകപ്പുകളില്‍ കളിച്ച ലോകത്തിലെ ആറ് താരങ്ങളിലൊരാളാണ് അദ്ദേഹം.
2006ല്‍ ഇറ്റലിയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ ബഫണിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഫ്രാന്‍സിന്റെ പ്രതീക്ഷകളെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തല്ലിക്കെടുത്തിയായിരുന്നു ഇറ്റലിയുടെ ജയം. ബഫണിന്റെ തകര്‍പ്പന്‍ സേവുകളാണ് ടീമിന് തുണയായത്.
2001ല്‍ ആയിരുന്നു പാര്‍മയില്‍ നിന്നും യുവന്റസിലേക്കുള്ള ബഫണിന്റെ കൂടുമാറ്റം. റെക്കോര്‍ഡ് തുകയ്ക്കാണ് താരം അദ്ദേഹം യുവന്റസിലേക്കെത്തിയത്. 509 മത്സരങ്ങളില്‍ യുവന്റസിന്റെ ഗോള്‍വല കാത്ത ബഫണ്‍ 2018 വരെയാണ് അവിടെ കളിച്ചത്. ടീമിനൊപ്പം 10 സീരി എ കിരീടവും അഞ്ച് കോപ്പ ഇറ്റാലിയ കിരീടവും നേടാന്‍ താരത്തിന് സാധിച്ചു. 2018-2019 സീസണില്‍ പിഎസ്ജിയിലെത്തിയ ബഫണ്‍ ലീഗ് വണ്‍ കിരീടം നേടുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. പിന്നീട് വീണ്ടു യുവന്റസിലേക്കും അവിടെ നിന്ന് 2021ല്‍ ബഫണ്‍ തിരിച്ച് പാര്‍മയിലേക്ക് തന്നെ മടങ്ങിയെത്തി.
2001ല്‍ ആയിരുന്നു പാര്‍മയില്‍ നിന്നും യുവന്റസിലേക്കുള്ള ബഫണിന്റെ കൂടുമാറ്റം
ഇറ്റാലിയന്‍ സീരി എയില്‍ 657 മത്സരങ്ങളില്‍ കളിച്ച് ലോകറെക്കോര്‍ഡ് ഇട്ടിരുന്നു. അതുപോലെ, സീരി എയില്‍ ഗോള്‍ വഴങ്ങാതെ ഏറ്റവുമധികം സമയം കളിച്ച താരത്തിനുള്ള റെക്കോര്‍ഡും ബഫണ്‍ സ്വന്തമാക്കി. തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റും സ്വന്തമാക്കി. സീരി എയില്‍ താരത്തിന് ആകെ 285 ക്ലീന്‍ ഷീറ്റുകളുണ്ട്.