'ലെവന്‍' കളി തുടങ്ങി; ബാഴ്‌സയ്ക്ക് ആദ്യ ജയം, സോസിഡാഡിനെ തുരത്തിയത് 4-1ന്

'ലെവന്‍' കളി തുടങ്ങി; ബാഴ്‌സയ്ക്ക് ആദ്യ ജയം, സോസിഡാഡിനെ തുരത്തിയത് 4-1ന്

ഇരട്ടഗോളുകളുമായി പിറന്നാള്‍ ആഘോഷിച്ച് റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി
Updated on
1 min read

സ്പാനിഷ് ലാ ലിഗയില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് സീസണിലെ ആദ്യ ജയം. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ഈ സീസണില്‍ ടീമിലെത്തിച്ച പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ഗോള്‍ വേട്ട ആരംഭിച്ച മത്സരത്തില്‍ റയല്‍ സോസിഡാഡിനെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തകര്‍ത്താണ് ബാഴ്‌സ ഫോം വീണ്ടെടുത്തത്.

ലീഗില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ റയോ വല്ലക്കാനോയ്‌ക്കെതിരേ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണവും ഇതോടെ ബാഴ്‌സയ്ക്ക് മായ്ക്കാനായി. മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടിയ ലെവന്‍ഡോവ്‌സ്‌കിയ്ക്കു പുറമേ സ്‌ട്രൈക്കര്‍ ഒസ്‌മോനെ ഡെംപ്‌ലെ, അന്‍സു ഫാറ്റി എന്നിവരാണ് ബാഴ്‌സയ്ക്കായി വലചലിപ്പിച്ചത്. സോസിഡാഡിന്റെ ആശ്വാസ ഗോള്‍ അലക്‌സാണ്ടര്‍ ഇസ്ഹാക്കിന്റെ വകയായിരുന്നു.

എവേ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 45-ാം സെക്കന്‍ഡില്‍ തന്നെ ലീഡ് നേടിയായിരുന്നു ബാഴ്‌സയുടെ തുടക്കം. കിക്കോഫില്‍ നിന്നു സോസിഡാഡ് നടത്തിയ ആക്രമണത്തിനു മറുപടിയെന്നോണം നടത്തിയ നീക്കത്തിനൊടുവില്‍ അലക്‌സ് ബാല്‍ഡെ നല്‍കിയ പാസില്‍ നിന്നു ലെവന്‍ഡോവ്‌സ്‌കിയാണ് ആദ്യം ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മുന്നിലെത്തിയ ബാഴ്‌സയ്ക്കു പക്ഷേ ഏറെ വൈകാതെ തിരിച്ചടി കിട്ടി. ആറാം മിനിറ്റില്‍ മധ്യനിര താരം ഫ്രെങ്ക് ഡിയോങ് വരുത്തിയ പിഴവില്‍ നിന്നു പന്തു പിടിച്ചെടുത്ത ഡേവിഡ് സില്‍വ വച്ചുതാമസിക്കാതെ സ്‌ട്രൈക്കര്‍ ഇസ്ഹാക്കിനു മറിച്ചു നല്‍കിയത് പാഴായില്ല. ക്ലിനിക്കല്‍ ഫിനിഷിലൂടെ താരം ആതിഥേയ ടീമിനെ ഒപ്പമെത്തിച്ചു.

എന്നാല്‍ പിന്നീട് കളംനിറഞ്ഞു കളിക്കുന്ന ബാഴ്‌സയെയാണ് കാണാന്‍ കഴിഞ്ഞത്. ആദ്യപകുതിയില്‍ സമനിലക്കുരുക്ക് അഴിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച ബാഴ്‌സ രണ്ടാം പകുതി അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം പേരിലാക്കി.

66-ാം മിനിറ്റില്‍ ഡെംബ്‌ലെയിലൂടെയാണ് കറ്റാലന്‍ ക്ലബ് വീണ്ടും ലീഡ് നേടിയത്. പകരക്കാരനായി ഇറങ്ങിയ അന്‍സു ഫാറ്റി നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. രണ്ടു മിനിറ്റിനകം ഫാറ്റി വീണ്ടും ബാഴ്‌സയുടെ ഓമനയായി. ഇക്കുറി ലെവന്‍ഡോവ്‌സ്‌കിയ്ക്കു തന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയാണ് താരം 'സൂപ്പര്‍ സബ്' ആയത്.

പിന്നീട് 79-ാം മിനിറ്റില്‍ ഇതിനു പ്രത്യുപകാരമെന്നോണം ലെവന്‍ഡോവ്‌സ്‌കി നല്‍കിയ പാസില്‍ നിന്ന് സ്‌കോര്‍ ചെയ്ത ഫാറ്റി ടീമിന്റെ പട്ടിക തികയ്ക്കുകയും ചെയ്തു. സീസണില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി ബാഴ്‌സ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങളും ജയിച്ച വിയ്യാ റയാല്‍, റയാല്‍ മാഡ്രിഡ്, റയാല്‍ ബെറ്റിസ്, ഒസാസുന എന്നിവരാണ് യഥാക്രമം ബാഴ്‌സയ്ക്കു മുകളില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍.

logo
The Fourth
www.thefourthnews.in