പെലെയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഫുട്‌ബോള്‍ ലോകം
വിടവാങ്ങിയ ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആദരാഞ്ജലികളുമായി ഫുട്‌ബോള്‍ ലോകം. ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയവരും മുന്‍താരങ്ങളും അനുശോചനക്കുറിപ്പുകളുമായി സമൂഹമാധ്യമങ്ങളിലെത്തി.
പെലെയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് 'റെസ്റ്റ് ഇന്‍ പീസ്' എന്ന കുറിപ്പാണ് മെസി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'ഫുട്‌ബോള്‍ രാജാവ് മടങ്ങി, എന്നാല്‍ അദ്ദേഹത്തിന്റെ പൈതൃകം നിലനില്‍ക്കും' എന്ന് പെലെയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു എംബാപ്പെ കുറിച്ചു.
അതീവ വൈകാരികമായിരുന്നു ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ അനുശോചനക്കുറിപ്പ്. 'പെലെയ്ക്ക് മുമ്പ് 10 ഒരു അക്കം മാത്രമായിരുന്ന എന്ന വാചകം ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. എന്നാല്‍ ആ വാചകം അപൂര്‍ണമാണ്. പെലെയ്ക്ക് മുമ്പ് ഫുട്‌ബോള്‍ ഒരു കായിക വിനോദം മാത്രമായിരുന്നുവെന്നു പറയണം. പെലെ അതിനെ മാറ്റിമറിച്ചു. ഫുട്‌ബോളിനെ വിനോദത്തിനൊപ്പം ഒരു കലയാക്കി മാറ്റി അദ്ദേഹം. പാവപ്പെട്ടവര്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കും അതിലൂടെ ശബ്ദം നല്‍കി. പ്രത്യേകിച്ച് ബ്രസീലിന്. ഫുട്‌ബോളിന്റെയും ബ്രസീലിന്റെയും പെരുമ ഉയര്‍ത്തിയതിന് രാജാവിന് നന്ദി. അദ്ദേഹം പോയി, പക്ഷേ ആ മാസ്മരികത അവശേഷിക്കുന്നു. പെലെ എന്നും ജീവിക്കും'' - എന്നായിരുന്നു നെയ്മര്‍ കുറിച്ചത്.
''എല്ലാ ബ്രസീലുകാര്‍ക്കും, പ്രത്യേകിച്ച് എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോയുടെ കുടുംബത്തിന് അനുശോചനം. പെലെയുടെ വിയോഗത്തിലെ ദുഃഖം പ്രകടിപ്പിക്കാന്‍ വിട എന്നൊരു വാക്ക് മതിയാകില്ല. കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായി പെലെ എന്നുമുണ്ടാകും. നിങ്ങള്‍ എന്നോടു കാണിച്ച സ്‌നേഹം അകലെ ആയിരുന്നിട്ടും പ്രതിഫലിച്ചു. ഒരിക്കലും മറക്കില്ല. ലോകത്തെ ഓരോ ഫുട്‌ബോള്‍ ആരാധകനിലും അദ്ദേഹത്തിന്റെ ഓര്‍മകളുണ്ടാകും. റെസ്റ്റ് ഇന്‍ പീസ് കിങ് പെലെ''- എന്നാണ് ക്രിസ്റ്റിയാനോ കുറിച്ചത്.
ഇവര്‍ക്കു പുറമേ മുന്‍ താരങ്ങളായ സിനദിന്‍ സിദാന്‍, ഫ്രാന്‍സ് ബെക്കന്‍ബോവര്‍, റൊമാരിയോ, റോബര്‍ട്ടോ കാര്‍ലോസ് എന്നിവരും അനുശോചനക്കുറിപ്പുകള്‍ പങ്കുവച്ചു. 'പെലെ അനശ്വരന്‍' എന്നായിരുന്നു സിദാന്‍ കുറിച്ചത്. 'ഫുട്‌ബോളിന് ഏറ്റവും മഹാനായ കളിക്കാരനെയും എനിക്ക് പ്രിയപ്പെട്ട സുഹൃത്തിനെയും നഷ്ടമായിരിക്കുന്നു' എന്നു ബെക്കന്‍ബോവര്‍ കുറിച്ചപ്പോള്‍ പെലെയുമായി പിണക്കത്തിലായിരുന്നു ബ്രസീല്‍ മുന്‍ സൂപ്പര്‍ താരം റൊമാരിയോയുടെ കുറിപ്പ് ഏറെ ശ്രദ്ധേയമായി.
'പ്രതിഭ കൊണ്ടു ലോകത്തെ നമിപ്പിച്ചു, ബ്രസീലിനെ ലോക ഫുട്‌ബോളിന്റെ അള്‍ത്താരയിലെക്കു കൈപിടിച്ചുയര്‍ത്തി' -എന്ന വാചകമാണ് റൊമാരിയോ പങ്കുവച്ചത്. 'പെലെ നല്‍കിയതിനൊക്കെയും ഫുട്‌ബോള്‍ ലോകം അദ്ദേഹത്തോട് നന്ദി പറഞ്ഞുകൊണ്ടിരിക്കും'- എന്നായിരുന്നു കാര്‍ലോസിന്റെ കുറിപ്പ്.