ലിവര്‍പൂളിനെ 'ഗോളടിച്ച്' ജയിപ്പിച്ച് ലെസ്റ്റര്‍ സിറ്റി
നാലാം മിനിറ്റില്‍ ഗോളടിച്ച് ലീഡ് നേടിയ ശേഷം തുടരെ രണ്ടു സെല്‍ഫ് ഗോളുകള്‍ വഴങ്ങി ജയം കൈവിട്ട് ലെസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നാടകീയ മത്സരത്തില്‍ ലിവര്‍പൂളിനോടാണ് അവര്‍ തോറ്റത്. മത്സരത്തില്‍ രണ്ടു സെല്‍ഫ് ഗോളുകള്‍ വഴങ്ങിയ പ്രതിരോധ താരം വൗട്ട് ഫെയ്‌സാണ് ലെസ്റ്ററിന്റെ വില്ലനായത്.
ലെസ്റ്ററിന്റെ മിന്നുന്ന പ്രടനത്തോടെയാണ് മത്സരത്തിന്റെ തുടക്കം. നാലാം മിനിറ്റില്‍ തന്നെ അവര്‍ ലിവര്‍പൂളിനെ ഞെട്ടിച്ചു ലീഡ് പിടിച്ചെടുക്കുകയും ചെയ്തു. പാറ്റ്‌സണ്‍ ഡാക്ക നല്‍കിയ പാസില്‍ നിന്ന് ഡ്യൂസ്‌ബെറി ഹാള്‍ ആയിരുന്നു ലെസ്റ്ററിനായി സ്‌കോര്‍ ചെയ്തത്.
തുടക്കത്തിലേ ലഭിച്ച ലീഡില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്താന്‍ പക്ഷേ അവര്‍ക്കു കഴിയാതെ പോയതോടെ ലിവര്‍പൂള്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി. യുറുഗ്വെന്‍ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിന്റെ മികച്ച പ്രകടനമാണ് ലിവര്‍പൂളിന് തുണയായത്.
മത്സരത്തിന്റെ 38-ാം മിനിറ്റിലാണ് വൗട്ട് ഫെയ്‌സിന്റെ പിഴവിലൂടെ ലിവര്‍പൂള്‍ ലെസ്റ്ററിന് ഒപ്പമെത്തുന്നത്. അലക്‌സാണ്ടര്‍ അര്‍നോള്‍ഡിന്റെ ഷോട്ട് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ലെസ്റ്റര്‍ താരം സ്വന്തം വലയിലേക്ക് അടിച്ചിടുകയായിരുന്നു.
അപ്രതീക്ഷിതമായി ലഭിച്ച സമനില ഗോള്‍ ലിവര്‍പൂളിന് ആശ്വാസമായി. പിന്നീട് കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ച അവര്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ലീഡും നേടി. ഒന്നാം പകുതിയുടെ ഇന്‍ജുറി ടൈമിലാണ് ലെസ്റ്റര്‍ താരം വൗട്ട് ഫെയ്‌സ് പിഴവ് ആവര്‍ത്തിച്ചത്.
ഇക്കുറി ന്യൂനസിന്റെ നീക്കമാണ് ഫെയ്‌സ് ഗോളിലേക്ക് വഴിതിരിച്ചു വിട്ടത്. ഇതോടെ ഒരു പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രണ്ടു തവണ സെല്‍ഫ് ഗോള്‍ വഴങ്ങുന്ന നാലാമത്തെ താരമായി ഫെയ്‌സ്. ഇതിനു മുമ്പ് ജാമി കരാഗര്‍(1999), മൈക്കല്‍ പ്രോക്ടര്‍(2003), ജൊനാഥന്‍ വാള്‍ട്ടേഴ്‌സ്(2013) എന്നിവര്‍ക്കാണ് ഈ ദുര്‍ഗതി നേരിട്ടത്.
ജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുളള മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള അകലം ഒരു പോയിന്റാക്കി കുറയ്ക്കാനും ലിവര്‍പൂളിനായി. 16മത്സരങ്ങളില്‍ നിന്ന് എട്ടു ജയങ്ങളും നാലു സമനിലകളുമായി 28 പോയിന്റോടെ ആറാമതാണ് ലിവര്‍പൂള്‍. 40 പോയിന്റുള്ള ആഴ്‌സണലാണ് പട്ടികയില്‍ ഒന്നാമത്. മാഞ്ചസ്റ്റര്‍ സിറ്റി(35), ന്യൂകാസില്‍ യുണൈറ്റഡ്(33), ടോട്ടനം ഹോട്‌സ്പര്‍(30), മാഞ്ചസ്റ്റര്‍ യുണൈറ്റഡ്(29) എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.