''യു വില്‍ നെവര്‍ വാക്ക് എലോണ്‍'' ബെര്‍ണാബുവില്‍ മുഴങ്ങിയത് കാല്പന്തിന്റെ സ്‌നേഹം

''യു വില്‍ നെവര്‍ വാക്ക് എലോണ്‍'' ബെര്‍ണാബുവില്‍ മുഴങ്ങിയത് കാല്പന്തിന്റെ സ്‌നേഹം

റയല്‍മാഡ്രിഡിന്റെയും ലിവര്‍പൂളിന്റയും പതാകകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇരു ടീമുകളുടെയും ആരാധകര്‍ ഒത്തു ചേര്‍ന്ന ഹൃദയസ്പര്‍ശിയായ രംഗത്തിനാണ് ബെര്‍ണാബു സാക്ഷ്യം വഹിച്ചത്
Updated on
2 min read

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിനെതിരേ റയല്‍ മാഡ്രിഡിന്റെ മികച്ച ജയത്തിന് ശേഷം റയലിന്റെ ഹോം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ ടീം ഗാനം കാത്തിരുന്ന കാതുകള്‍ ഒന്ന് അമ്പരന്നിട്ടുണ്ടാകാം. കാലാകാലങ്ങളായി ഓരോ ജയത്തിനു ശേഷവും ബെര്‍ണാബുവില്‍ മുഴങ്ങിയിരുന്നു 'ഹാലാ മാഡ്രിഡ്' എന്നു തുടങ്ങുന്ന സഎപാനിഷ് ഗാനത്തിനു പകരം ഇന്നലെ പുലര്‍ച്ചെ അവിടെ മുഴങ്ങിയത് 'യൂ വില്‍ നെവര്‍ വാക്ക് എലോണ്‍' എന്ന് ആരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണ്; റയലിനോടു തോറ്റു പുറത്തായ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ലിവര്‍പൂളിന്റെ ഔദ്യോഗിക ഗാനം. അതുപക്ഷേ യൂറോപ്യന്‍ ലീഗില്‍ തങ്ങളുടെ ഏറ്റവും വലിയ തോല്‍വി ഏറ്റു വാങ്ങി മടങ്ങിയ ലിവര്‍പൂളിനോടുള്ള സഹതാപം കൊണ്ടായിരുന്നില്ല, പകരം ഒരു നന്ദി പ്രകാശനമായിരുന്നു.

റയലിന്റെ പ്രസിഡന്റും ഫുട്‌ബോള്‍ താരവും ആയിരുന്ന അമാന്‍സിയോ അമാരോയുടെ വിയോഗത്തില്‍ ലിവര്‍പൂള്‍ ആദരാഞ്ജലി അര്‍പ്പിച്ചതിന് നന്ദി പ്രകടനമായിരുന്നു അവിടെ കണ്ടത്. ലിവര്‍പൂളിന്റെ വന്‍ വീഴച്ച കണ്ട് ബെര്‍ണാബു വിടാന്‍ തുടങ്ങിയ ലിവര്‍പൂള്‍ ആരാധകര്‍ക്ക് മാഡ്രിഡ് നല്‍കിയത് സന്തോഷകരമായ യാത്ര അയപ്പ്. കാല്പന്ത് കളിയില്‍ മാത്രം കാണാന്‍ സാധിക്കുന്ന മനോഹര ദൃശ്യങ്ങളിലൊന്നിനായിരുന്നു ബെര്‍ണാബു സാക്ഷ്യം വഹിച്ചത്.

കഴിഞ്ഞ മാസം 21 ന് രാവിലെയാണ് അമാരോ അന്തരിച്ചത്. അന്ന് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യ പാദമത്സരത്തില്‍ ആതിഥേയര്‍ അമാരോയ്ക്ക് ആദരം അര്‍പ്പിച്ചിരുന്നു. റയലിന്റെ ആരാധകര്‍ ഇരിക്കുന്ന ഭാഗത്ത് പൂച്ചെണ്ടുകള്‍ സമര്‍പ്പിച്ചു ലിവര്‍പൂള്‍ ആദരം പ്രകടിപ്പിച്ചു. അന്നത്തെ ആ ആദരവിനാണ് റയല്‍ ഇന്നലെ മറുപടി നല്‍കിയത്.

ഇരു ടീമുകളുടെയും ആരാധകര്‍ ഒത്തുചേര്‍ന്ന ഹൃദയസ്പര്‍ശിയായ രംഗത്തിനാണ് ബെര്‍ണാബു സാക്ഷ്യം വഹിച്ചത്. ചാമ്പ്യന്‍സ് ലീഗിലെ വന്‍വീഴ്ച്ചയ്ക്ക് ശേഷം തിരികെ നടക്കാന്‍ തുടങ്ങിയ ലിവര്‍പൂള്‍ താരങ്ങള്‍ കളിക്കളത്തില്‍ തന്നെ നിന്നു. പിന്നീട് തങ്ങളുടെ എതിരാളികളെ ആലിംഗനം ചെയ്യുകയും സ്‌നേഹം പങ്കിടുകയും ചെയ്തു. 'നിങ്ങള്‍ ഒരിക്കലും ഒറ്റയ്ക്ക് നടക്കില്ല'' എന്ന പ്രസിദ്ധമായ വരികള്‍ ആ സ്റ്റേഡിയത്തിന് ചുറ്റും ഉയര്‍ന്നു കേട്ടു.

ഒന്‍പത് ലാലിഗ കിരീടങ്ങളും മൂന്ന് കോപ്പ ഡെല്‍ റേ ട്രോഫികളും നേടിയ അമാരോ 1966 ലെ യൂറോപ്യന്‍ കപ്പും നേടിയിട്ടുണ്ട്

റയല്‍ മാഡ്രിഡിന്‍രെ പ്രീയപ്പെട്ട കാല്പന്ത് കളിക്കാരന്‍ കൂടിയായിരുന്നു അമാരോ. മാഡ്രിഡിനായി 418 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഒന്‍പത് ലാലിഗ കിരീടങ്ങളും മൂന്ന് കോപ്പ ഡെല്‍ റേ ട്രോഫികളും നേടിയ അമാരോ 1966 ലെ യൂറോപ്യന്‍ കപ്പും നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in