'ഇത്ര സിംപിളോ'? പ്രകാശനത്തിന് പിന്നാലെ ഫിഫ 2026 ലോകകപ്പ് ലോഗോയെ പരിഹസിച്ച് ഫുട്ബോള്‍ ആരാധകര്‍

'ഇത്ര സിംപിളോ'? പ്രകാശനത്തിന് പിന്നാലെ ഫിഫ 2026 ലോകകപ്പ് ലോഗോയെ പരിഹസിച്ച് ഫുട്ബോള്‍ ആരാധകര്‍

ലോകകപ്പ് ഫോര്‍മാറ്റില്‍ തന്നെ മാറ്റം വരുത്തിയാണ് 2026ല്‍ കാല്‍പ്പന്ത് കളിയുടെ മാമാങ്കം അരങ്ങേറുന്നത്
Updated on
1 min read

2026 ഫുട്ബോള്‍ ലോകകപ്പ് മൂന്നുവര്‍ഷം അകലെയാണെങ്കിലും നേരത്തെ തന്നെ ലോഗോ പ്രകാശനം ചെയ്തിരിക്കുകയാണ് ഫിഫ. പക്ഷെ, ഫുട്ബോള്‍ ആരാധകര്‍ക്ക് പുതിയ ലോഗോ അത്ര പിടിച്ചിട്ടില്ല. ലോഗോയ്‌ക്കെതിരെ വന്‍ പരിഹാസമാണ് അവരുയര്‍ത്തുന്നത്. ഇത്ര സിംപിളായ ഒരു ലോഗോ എങ്ങനെ ഒരു ലോക മാമാങ്കത്തിന് ചേരുമെന്നതാണ് ചോദ്യം.

ഫിഫ പ്രസിഡന്‌റ് ജിയാനി ഇന്ഫാന്‌റിനോയും ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയും ചേര്‍ന്നാണ് പ്രൗഢഗംഭീരമായ വേദിയില്‍ ലോഗോ പ്രകാശനം ചെയ്തത്. ലളിതമായ ഡിസൈന്‍, നിറം, എംബ്ലം എന്നിവയെല്ലാമാകും ഫുട്ബോള്‍ പ്രേമികള്‍ ഏറ്റെടുക്കുക എന്നായിരുന്നു പ്രകാശനത്തിന് പിന്നാലെ ഫിഫ നേതൃത്വം നല്‍കിയ വിശദീകരണം

ഫിഫ ലോകകപ്പ് കിരീടം, ലോകകപ്പ് നടക്കുന്ന വര്‍ഷമായ 2026നെ സൂചിപ്പിക്കുന്ന 26 എന്നിവയാണ് ലോഗോയില്‍ ഇടംപിടിച്ചിരിക്കുന്നത്. കറുപ്പ് നിറമാണ് ലോഗോയുടെ ബാക്ക്ഗ്രൗണ്ട്. വെളുത്ത നിറത്തില്‍ കട്ടിയായി 26 എന്നെഴുതിയിരിക്കുന്നു. ഒട്ടും കളര്‍ഫുളല്ലാത്തൊരു ലോഗോ എങ്ങനെ ആളുകളുടെ മനസില്‍ ഇടംപിടിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ മത്സരം നടക്കുന്ന ഓരോ നഗരത്തിനും അവരുടെ സംസ്‌കാരവും പൈതൃകവും ലോഗോയിലേക്ക് കൊണ്ടുവരാനാകുമെന്ന് ഫിഫ പറയുന്നു. ലോകകപ്പിന്‌റ വൈവിധ്യത്തെ തുറന്നുകാണിക്കുന്നാകും അതെന്നും ഫിഫ ചൂണ്ടിക്കാട്ടുന്നു

ലോകകപ്പ് ഫോര്‍മാറ്റില്‍ തന്നെ മാറ്റം വരുത്തിയാണ് 2026ല്‍ കാല്‍പ്പന്ത് കളിയുടെ മാമാങ്കം അരങ്ങേറുന്നത്. മെക്‌സിക്കോ , അമേരിക്ക, കാനഡ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 32ല്‍ നിന്ന് 48 ആക്കി ഉയര്‍ത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് ടീമുകള്‍ വീതമുള്ള 12 ഗ്രൂപ്പുകളായിരിക്കും. 2022ല്‍ ഗ്രൂപ്പുഘട്ടത്തിലുണ്ടായിരുന്നത് 64 മത്സരങ്ങളാണ്. 2026ല്‍ ഇത് 104 ആയി ഉയരും. ലോകകപ്പ് നേടണമെങ്കില്‍ ഒരു ടീം എട്ട് മത്സരങ്ങള്‍ കളിക്കേണ്ടി വരും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകളും മൂന്നാംസ്ഥാനങ്ങളിലെത്തുന്ന മികച്ച എട്ട് ടീമുകളും പ്രീക്വാര്‍ട്ടറില്‍ ഇടംപിടിക്കും. ഖത്തറില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ ടീമുകള്‍ നേരത്തെ പുറത്തായ സാഹചര്യത്തിലാണ് 16 ഗ്രൂപ്പുകളായി ടീമുകളെ വിഭജിക്കുന്നത് ഫിഫ ഉപേക്ഷിച്ചത്.

logo
The Fourth
www.thefourthnews.in