യൂവേഫ ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റർ സിറ്റി ഫൈനലില്‍, രണ്ടാം പാദ സെമിയില്‍ റയൽ മാഡ്രിഡിനെ തകർത്തു
യൂവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിറ്റി വിജയം കരസ്ഥമാക്കിയത്. ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്റര്‍ മിലാനെ നേരിടും. ഹോം ഗ്രൗണ്ട് ആയ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തീര്‍ത്തും ഏകപക്ഷീയമായ പ്രകടനമാണ് മാഞ്ചസ്റ്റര്‍ സിറ്റി പുറത്തെടുത്തത്. ആദ്യ പകുതിയില്‍ പന്ത് കാര്യമായി തൊടാന്‍ പോലും റയല്‍ മാഡ്രിഡിന് സാധിച്ചിരുന്നില്ല.
അഗ്രഗേറ്റ് സ്‌കോറില്‍ 5-1ന് വിജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇസ്താംബുളില്‍ നടക്കുന്ന ഫൈനലില്‍ ഇന്റര്‍മിലാനെ നേരിടും
ആദ്യ പകുതി അവസാനിക്കും മുമ്പ് രണ്ടു തവണ ഗോള്‍ വല കുലുക്കി സിറ്റി മത്സരം തങ്ങളുടേതാണെന്ന് തെളിയിച്ചു. ബെര്‍ണാഡോ സില്‍വയാണ് രണ്ടു ഗോളുകളും നേടിയത്. 76-ാം മിനുട്ടിലെ ഫ്രീകിക്കില്‍ നിന്ന് പിറന്ന ഒരു സെല്‍ഫ് ഗോള്‍ റയല്‍ മാഡ്രിഡിനെതിരായ സിറ്റിയുടെ ലീഡ് ഉയര്‍ത്തി. അവസാനം ഇഞ്ച്വറി ടൈമില്‍ പകരക്കാരനായി എത്തിയ ഹൂലിയന്‍ ആല്‍വാരസ് റെയല്‍ വലയില്‍ അവസാന ഗോളും നിക്ഷേപിച്ചു. രണ്ടാം പകുതിയില്‍ കളിയിലേക്ക് തിരിച്ചു വരാന്‍ റയല്‍ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും എല്ലാ തന്ത്രങ്ങളും സിറ്റിയുടെ ആക്രമണത്തിന് മുന്നില്‍ നിഷ്പ്രഭമായി.
അഗ്രഗേറ്റ് സ്‌കോറില്‍ 5-1ന് വിജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇസ്താംബുളില്‍ നടക്കുന്ന ഫൈനലില്‍ ഇന്റര്‍മിലാനെ നേരിടും. അടുത്ത മാസം പത്തിനാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. യൂറോപ്പിലെ ഏറ്റവും മികച്ച ടീമാണ് മാഞ്ചസ്റ്റര്‍ സിറ്റി. എന്നാല്‍ ചരിത്രത്തില്‍ ഇതുവരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് നേടാന്‍ കഴിഞ്ഞിട്ടില്ല. ജൂണ്‍ 10 ന് ഇന്റര്‍ മിലാനെതിരെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഈ പേരുദോഷം മാറ്റാനുള്ള അവസരം കൂടിയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നില്‍ തുറക്കുന്നത്. മാനേജര്‍ പെപ് ഗ്വാര്‍ഡിയോളയുടെ കീഴിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടത്തില്‍ കുറഞ്ഞതൊന്നും സ്വപ്‌നം കാണാന് കൂടി കഴിയില്ല. അതുകൊണ്ടു തന്നെ ഇതുവരെ കളിച്ചതില്‍ ഏറ്റവും ദുഷ്‌കരമായ മത്സരമായിരിക്കും ഇസ്താംബൂളില്‍ ഇന്റര്‍ മിലാനെ കാത്തിരിക്കുന്നത്.