റാഷ്‌ഫോര്‍ഡ് വീണ്ടും; നോട്ടിങ്ഹാമിനെ തുരത്തി യുണൈറ്റഡ്
സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഇംഗ്ലീഷ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ മിന്നും ഫോം തുടരുന്നു. കരബാവോ കപ്പില്‍ ആദ്യപാദ സെമിഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു പ്രീമിയര്‍ ലീഗ് വമ്പന്മാരുടെ ജയം.
ഇന്ന് റാഷ്‌ഫോര്‍ഡിനു പുറമേ ബ്രൂണോ ഫെര്‍ണാണ്ടസ്, ഡച്ച് യുവതാരം വൗട്ട് വെഗ്‌ഹോഴ്‌സ്റ്റ് എന്നിവരാണ് യുണൈറ്റഡിന്റെ മറ്റു ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്തു റാഷ്‌ഫോര്‍ഡാണ് അവരുടെ ഗോള്‍വേട്ടയ്ക്കു തുടക്കം കുറിച്ചത്.
ബ്രസീലിയന്‍ താരം കാസിമിറോയുടെ പാസില്‍ നിന്നായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ഗോള്‍. സീസണില്‍ യുണൈറ്റഡിനായി താരത്തിന്റെ 18-ാം ഗോളായിരുന്നു ഇത്. തുടക്കത്തിലേ ലഭിച്ച ലീഡ് പകര്‍ന്ന ആത്മവിശ്വാസം യുണൈറ്റഡിനു കരുത്താകുകയായിരുന്നു.
മത്സരം ഇടവേളയ്ക്കു പിരിയും മുമ്പേ വെഗ്‌ഹോഴ്‌സ്റ്റ് ലീഡ് വര്‍ധിപ്പിക്കുകയും ചെയ്തു. ബ്രസീല്‍ താരം ആന്റണിയുടെ ഷോട്ട് നോട്ടിങ്ഹാം ഗോള്‍കീപ്പര്‍ തട്ടിത്തെറിപ്പിച്ചതു പിടിച്ചെടുത്ത വെഗ്‌ഹോഴ്‌സ്റ്റ് പിഴവില്ലാതെ വലകുലുക്കുകയായിരുന്നു.
രണ്ടു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ യുണൈറ്റഡ് പിന്നീട് രണ്ടാം പകുതിയില്‍ മത്സരം അവസാനിക്കുന്നതിനു തൊട്ടുമുമ്പാണ് പട്ടിക തികച്ചത്. സ്വീഡിഷ് താരം ആന്റണി എലാംഗയുടെ പാസില്‍ നിന്ന് ബ്രൂണോയാണ് ലക്ഷ്യം കണ്ടത്.
കരബാവോ കപ്പില്‍ നോട്ടിങ്ഹാമിനെതിരേ യുണൈറ്റഡിന്റെ നാലാം ജയമാണിത്. ഇതിനു മുമ്പ് 1982-83ലും 1991-92ലും 1998-99 സീസണിലുമാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇന്നു നടന്ന മറ്റൊരു സെമിയില്‍ സതാംപ്ടണെ ഒരു ഗോളിനു തോല്‍പിച്ചു ന്യൂകാസില്‍ യുണൈറ്റഡും ഫൈനലിലേക്ക് ആദ്യ ചുവടുവച്ചു. 86-ാം മിനിറ്റില്‍ ഡ്യുഡെ കലേറ്റ കാര്‍ നേടിയ ഗോളാണ് ന്യൂകാസിലിന് ന്ഥമൊരുക്കിയത്.