മാഞ്ചസ്റ്റർ സിറ്റിക്ക് പുതിയ പരീക്ഷണം; സാമ്പത്തിക ചട്ടലംഘനത്തിന് കുറ്റം ചുമത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചെന്ന് കാട്ടി പ്രീമിയർ ലീഗ് കുറ്റം ചുമത്തി. മാഞ്ചസ്റ്റർ സിറ്റി നടത്തിയിട്ടുള്ള അനവധി ലംഘനങ്ങൾ W.3.4. കീഴിൽ വരുന്ന കമ്മീഷന്റെ പരിഗണനയ്ക്ക് വിട്ടതായി പ്രീമിയർ ലീഗിലെ നിയമത്തിലെ W.82.1 വകുപ്പ് പ്രകാരം സ്ഥിരീകരിച്ചു. പ്രീമിയർ ലീഗിന്റെ ഔദ്യോഗിക സൈറ്റിൽ വന്ന കുറിപ്പിലാണ് ഇതുസംബന്ധിച്ച കാര്യം വിശദീകരിക്കുന്നത്.
നാല് വർഷമായി തുടർന്ന് കൊണ്ടിരിക്കുന്ന അന്വേഷണത്തിനൊടുവിലാണ് നടപടി. 2009-10 സീസൺ മുതൽ 2017-18 സീസൺ വരെ ലംഘനങ്ങൾ നടന്നുവെന്നാണ് കണ്ടെത്തൽ. ഈ കാലയളവിൽ മൂന്ന് തവണ പ്രീമിയർ ലീഗ് ജേതാക്കളായിരുന്നു സിറ്റി. കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ പോയിന്റ് നഷ്ടപ്പെടുത്തുന്നത് മുതൽ ലീഗിൽ നിന്ന് പുറത്താക്കുന്നത് വരെയുള്ള കടുത്ത ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്.
പ്രീമിയർ ലീഗിനും, അംഗങ്ങളായ ക്ലബ്ബിനും പുറത്തുനിന്നുള്ള സ്വതന്ത്ര കമ്മീഷനാകും കേസ് പരിഗണിക്കുക. പ്രീമിയർ ലീഗ് ജുഡീഷ്യൽ പാനലിന്റെ സ്വതന്ത്ര സമിതിക്കാണ് കമ്മീഷനെ നിയമിക്കാനുള്ള അധികാരം. 2013-14 മുതൽ 2017-18 വരെയുള്ള സീസണുകളിൽ യൂവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങൾ പാലിക്കേണ്ട പ്രീമിയർ ലീഗ് നിയമം ലംഘിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിനുപുറമെ 2015-16 മുതൽ 2017-18 വരെയുള്ള സീസണുകളിൽ ലാഭം സംബന്ധിച്ച നിയമങ്ങൾ പാലിക്കുന്നതിലും ഇംഗ്ലീഷ് ക്ലബ് പരാജയപ്പെട്ടുവെന്നും കണ്ടെത്തി.
നടപ്പ് സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിനോട് എതിരില്ലാത്ത ഒരു ഗോളിന് അവർ പരാജയപ്പെട്ടിരുന്നു. ഹാരി കെയിനാണ് ടോട്ടനത്തിനായി വിജയഗോൾ നേടിയത്.