വുകുമനോവിച്ചിന്റെ വിശ്വസ്തർ പടിയിറങ്ങുന്നു, സമ്പൂർണ അഴിച്ചുപണിക്ക് ബ്ലാസ്റ്റേഴ്‌സ്; പുതുയുഗത്തിന് തുടക്കമോ?

വുകുമനോവിച്ചിന്റെ വിശ്വസ്തർ പടിയിറങ്ങുന്നു, സമ്പൂർണ അഴിച്ചുപണിക്ക് ബ്ലാസ്റ്റേഴ്‌സ്; പുതുയുഗത്തിന് തുടക്കമോ?

ഇവാന്‍ വുകുമനോവിച്ചിന്റെ ടീമിലെ പ്രധാനിയായിരുന്നു ലെസ്കോവിച്ച്
Updated on
1 min read

ഇന്ത്യന്‍ സൂപ്പർ ലീഗ്(ഐഎസ്‍എല്‍) ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് താരങ്ങളുടെ പടിയിറക്കം തുടരുന്നു. ക്രൊയേഷ്യന്‍ പ്രതിരോധ താരം മാർക്കൊ ലെസ്കോവിച്ചാണ് ഒടുവിലായി ടീം വിട്ടത്. ക്ലബ്ബുമായുള്ള ലെസ്കോവിച്ചിന്റെ മൂന്ന് വർഷത്തെ കരാർ അവസാനിച്ചു. 2021-ല്‍ ക്രൊയേഷ്യന്‍ ക്ലബ്ബായ ഡിനാമൊ സാഗ്രെബില്‍ നിന്ന് 1.2 കോടി രൂപയ്ക്കായിരുന്നു ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി 48 മത്സരങ്ങളില്‍ ക്രൊയേഷ്യന്‍ താരം ബൂട്ടുകെട്ടി. ഒരു ഗോളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. വുകുമനോവിച്ചിന്റെ ടീമിലെ പ്രധാനിയായിരുന്നു ലെസ്കോവിച്ച്.

പരിശീലകന്‍ മൈക്കല്‍ സ്റ്റാറയുടെ കീഴില്‍ പുതിയൊരു ബ്ലാസ്റ്റേഴ്‌സായിരിക്കും കളത്തിലെത്തുക എന്ന സൂചനയാണ് ക്ലബ്ബിന്റെ നീക്കങ്ങളില്‍ നിന്ന് മനസിലാകുന്നത്. വുകുമനോവിച്ച് വിശ്വാസമർപ്പിച്ചിരുന്ന പ്രമുഖ താരങ്ങളില്‍ പലരും ക്ലബ്ബ് വിട്ടു. 2023-24 സീസണില്‍ ഐഎസ്എല്ലിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ ദിമിത്രിയോസ് ഡയമന്റക്കോസായിരുന്നു ആദ്യം ടീം വിട്ടത്. 17 മത്സരങ്ങളില്‍ നിന്ന് 13 ഗോളായിരുന്നു ദിമിത്രിയോസ് കഴിഞ്ഞ സീസണില്‍ നേടിയത്. ബ്ലാസ്റ്റേഴ്സിനായി വിവിധ ടൂർണമെന്റുകളിലായി 28 ഗോളുകളാണ് ദിമിത്രിയോസ് അടിച്ചുകൂട്ടിയത്.

വുകുമനോവിച്ചിന്റെ വിശ്വസ്തർ പടിയിറങ്ങുന്നു, സമ്പൂർണ അഴിച്ചുപണിക്ക് ബ്ലാസ്റ്റേഴ്‌സ്; പുതുയുഗത്തിന് തുടക്കമോ?
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്; പതിനഞ്ചാം കിരീടം തേടി റയൽ, 27 വര്‍ഷത്തെ കാത്തിരുപ്പ് അവസാനിപ്പിക്കാന്‍ ഡോര്‍ട്ട്മുണ്ട്‌

താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സ് എത്തരത്തില്‍ നികത്തുമെന്നകാര്യത്തിലാണ് ഇനി ആകാംഷ. ഡയമന്റക്കോസിന്റെ അടുത്ത താവളം ഈസ്റ്റ് ബംഗാളായിരിക്കുമെന്നാണ് സൂചന.

വെറ്ററന്‍ ഗോള്‍കീപ്പർ കരണ്‍ജിത്ത് സിങ്ങായിരുന്നു ഡയമന്റക്കോസിന് ശേഷം ക്ലബ്ബ് വിട്ട മറ്റൊരു താരം. ബ്ലാസ്റ്റേഴ്‌സിനായി ഏഴ് മത്സരങ്ങളില്‍ മാത്രമായിരുന്നു കരണ്‍ജിത്ത് കളത്തിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഒരു ക്ലീന്‍ഷീറ്റ് പോലും സ്വന്തം പേരിലെഴുതാന്‍ താരത്തിന് സാധിച്ചിരുന്നില്ല. 2022ലായിരുന്നു കരണ്‍ജിത്ത് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേർന്നത്.

ഒരുവർഷത്തെ കരാറില്‍ ടീമിലെത്തിയ ജാപ്പനീസ് മധ്യനിരതാരം ദയ്‌സുകെ സകായിയാണ് ക്ലബ്ബുമായി സീസണിന് മുന്നോടിയായി വേർപിരിഞ്ഞത്. താരവുമായുള്ള കരാർ പുതുക്കാന്‍ ക്ലബ്ബ് തയാറായില്ല. ബ്ലാസ്റ്റേഴ്‌സിനായി 20 മത്സരങ്ങളില്‍ മൂന്ന് ഗോളാണ് സകായ് നേടിയത്. ക്ലബ്ബുമായുള്ള കരാർ അവസാനിച്ച ഗോള്‍കീപ്പർ ലാറ ശർമയും ഇനി മഞ്ഞപ്പടയ്ക്കൊപ്പമുണ്ടാകില്ല. ഇതോടെ സീസണിന് മുന്നോടിയായി ക്ലബ്ബ് വിട്ട താരങ്ങളുടെ എണ്ണം അഞ്ചായി.

പത്ത് വർഷത്തെ ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു തവണ പോലും കിരീടം സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. വുകുമനോവിച്ചിന്റെ കീഴില്‍ കഴിഞ്ഞ മൂന്ന് സീസണിലും പ്ലേ ഓഫ് ഉറപ്പിക്കാനായിരുന്നു. 2021-22 സീസണിലായിരുന്നു അവസാനമായി ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. അന്ന് ഹൈദരാബാദ് എഫ്‌സിയോട് ഫൈനലില്‍ പരാജയപ്പെട്ടു.

logo
The Fourth
www.thefourthnews.in