'മെസിയെ വേണ്ടത്ര ബഹുമാനിച്ചില്ല'; ഫ്രഞ്ച് ജനതയ്‌ക്കെതിരേ എംബാപ്പെ

'മെസിയെ വേണ്ടത്ര ബഹുമാനിച്ചില്ല'; ഫ്രഞ്ച് ജനതയ്‌ക്കെതിരേ എംബാപ്പെ

മെസിക്ക് അര്‍ഹമായ പരിഗണനയും ബഹുമാനവും നല്‍കാന്‍ പിഎസ്ജി ആരാധകരോ ഫ്രഞ്ച് ജനതയോ ശ്രമിച്ചില്ലെന്നാണ് മെസിയുടെ സഹതാരം കൂടിയായ എംബാപ്പെ കുറ്റപ്പെടുത്തിയത്.
Updated on
1 min read

അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഫ്രഞ്ച് മണ്ണില്‍ വേണ്ടത്ര ബഹുമാനം ലഭിച്ചില്ലെന്നു തുറന്നടിച്ച് ഫ്രാന്‍സിന്റെയും പിഎസ്ജിയുടെയും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കായി രണ്ടു സീസണുകളില്‍ ബൂട്ടുകെട്ടിയ മെസിക്ക് അര്‍ഹമായ പരിഗണനയും ബഹുമാനവും നല്‍കാന്‍ പിഎസ്ജി ആരാധകരോ ഫ്രഞ്ച് ജനതയോ ശ്രമിച്ചില്ലെന്നാണ് മെസിയുടെ സഹതാരം കൂടിയായ എംബാപ്പെ കുറ്റപ്പെടുത്തിയത്.

''ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം. മെസിയെപ്പോലൊരാള്‍ ടീം വിട്ടുപോകുന്ന വാര്‍ത്ത കേള്‍ക്കാന്‍ സുഖമുള്ളതല്ല. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മടക്കം പലര്‍ക്കും ആശ്വാസമാകുന്നത് എന്ന് എനിക്കു മനസിലാകുന്നില്ല. ഫ്രാന്‍സില്‍ അദ്ദേഹത്തിന് അര്‍ഹിച്ച ബഹുമാനം ലഭിച്ചില്ല. ഫ്രാന്‍സിനെ സംബന്ധിച്ച് അത് നാണക്കേടാണ്. പക്ഷേ അങ്ങനെ സംഭവിച്ചുപോയി''- എംബാപ്പെ പറഞ്ഞു.

2021-ലാണ് മെസി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്നു ഫ്രീ ട്രാന്‍സ്ഫറില്‍ പിഎസ്ജിയിലെത്തിയത്. രണ്ടു സീസണില്‍ അവര്‍ക്കായി ബൂട്ടുകെട്ടിയ മെസി രണ്ടു തവണ ഫ്രഞ്ച് ലീഗ് കിരീടം നേടുകയും ചെയ്തു. ഇക്കഴിഞ്ഞ ഫിഫ ലോകകപ്പിനു ശേഷമാണ് പിഎസ്ജി ആരാധകരും മെസിയും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ വീണത്.

മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ഫ്രാന്‍സിനെ തോല്‍പിച്ചാണ് ലോകകപ്പ് കിരീടം നേടിയത്. ഇതോടെ പിഎസ്ജി ആരാധകരില്‍ ഒരു വിഭാഗം മെസിക്കെതിരേ തിരിയുകയായിരുന്നു. പിന്നീട് മെസി കളിക്കാന്‍ ഇറങ്ങിയ മത്സരങ്ങളിലെല്ലാം താരത്തെ അവര്‍ കൂവിയാണ് വരവേറ്റത്. ഇതോടെ പിഎസ്ജി വിടാന്‍ മാനസികമായി മെസി തയാറെടുത്തിരുന്നു.

പിന്നീട് ലീഗ് മത്സരങ്ങളുടെ ഇടവേളയില്‍ സൗദി അറേബ്യ സന്ദര്‍ശിച്ചതിനു മെസിക്കെതിരേ പിഎസ്ജി മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതോടെ ബന്ധം കൂടുതല്‍ വഷളായി. ക്ലബിന്റെ അനുമതിയില്ലാതെയാണ് സന്ദര്‍ശനമെന്നു ചൂണ്ടിക്കാട്ടി രണ്ടാഴ്ചത്തേക്ക് താരത്തെ സസ്‌പെന്‍ഡ് ചെയ്യുകയാണ് പിഎസ്ജി ചെയ്തത്. പിന്നീട് ഇതു പിന്‍വലിച്ചെങ്കിലും ക്ലബുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്നു താരം തീരുമാനിച്ചു. തുടര്‍ന്ന് അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിയിലേക്കു മെസി കൂടുമാറുകയായിരുന്നു.

logo
The Fourth
www.thefourthnews.in