അര്‍ജന്റീനയ്‌ക്കൊപ്പം മെസി ബൊളീവിയിലേക്കു പോകും; കളിക്കുമോയെന്ന് ഉറപ്പില്ല

അര്‍ജന്റീനയ്‌ക്കൊപ്പം മെസി ബൊളീവിയിലേക്കു പോകും; കളിക്കുമോയെന്ന് ഉറപ്പില്ല

മെസി ഒപ്പമുള്ളത് ടീമിന് ആത്മവിശ്വാസം പകരുമെന്ന് ചൂണ്ടിക്കാട്ടി സ്‌കലോണി ബൊളീവിയയിലേക്കുള്ള സ്‌ക്വാഡിനൊപ്പം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു
Updated on
1 min read

ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയയ്‌ക്കെതിരായ നാളെ രാത്രി നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീന നിരയില്‍ നായകന്‍ ലയണല്‍ മെസി ഉണ്ടായേക്കില്ല. മത്സരത്തിനായി ടീമിനൊപ്പം മെസിയും ബൊളീവിയയിലേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ കളത്തിലിറങ്ങുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്ന് അര്‍ജന്റീന ടീം മാനേജ്‌മെന്റിനെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെസിയെ ഇലവനില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ കോച്ച് ലയണല്‍ സ്‌കലോണി ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ഇക്വഡോറിനെതിരേ മെസിയുടെ ഫ്രീകിക്ക് ഗോളിലാണ് അര്‍ജന്റീന വിജയം നേടിയത്. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ മെസിയെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തിരുന്നു.

മെസി ആവശ്യപ്പെട്ടതു പ്രകാരമാണ് സബ്‌സ്റ്റിറ്റിയൂഷന്‍ നടത്തിയതെന്നു പിന്നീട് കോച്ച് സ്‌കലോണി വ്യക്തമാക്കി. ''ലിയോ വളരെ ക്ഷീണിതനായിരുന്നു. തന്നെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുകയായിരുന്നു. അടുത്ത മത്സരത്തില്‍ ഇങ്ങനെ ഉണ്ടാകില്ല. ലിയോയ്ക്ക് വിശ്രമം ആവശ്യമാണ്''- അന്നത്തെ മത്സരശേഷം സ്‌കലോണി പറഞ്ഞു. ഇതിനു പിന്നാലെ ബൊളീവിയയ്‌ക്കെതിരേ താരം കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മത്സരത്തിനായി മെസി ബൊളീവിയയിലേക്കു പോകില്ലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ മെസി ഒപ്പമുള്ളത് ടീമിന് ആത്മവിശ്വാസം പകരുമെന്ന് ചൂണ്ടിക്കാട്ടി സ്‌കലോണി ബൊളീവിയയിലേക്കുള്ള സ്‌ക്വാഡിനൊപ്പം തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. നാളെ ആദ്യ ഇലവനില്‍ താരം ഉണ്ടാകില്ലെന്നും വേണ്ടി വരികയാണെങ്കില്‍ പകരക്കരനായി ഇറക്കാനുമാണ് സ്‌കലോണി ലക്ഷ്യമിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in