പിഎസ്ജിയില്‍ മെസിക്ക് ഇന്ന് അവസാന അങ്കം; ബാഴ്‌സയുടെ ഓഫര്‍ ഇനിയും വന്നിട്ടില്ല

പിഎസ്ജിയില്‍ മെസിക്ക് ഇന്ന് അവസാന അങ്കം; ബാഴ്‌സയുടെ ഓഫര്‍ ഇനിയും വന്നിട്ടില്ല

നിലവിലെ സാഹചര്യത്തില്‍ മെസിയുടെ ബാഴ്‌സയിലേക്കുള്ള മടക്കം ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് കഴിഞ്ഞ മാസം ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ് പറഞ്ഞത്.
Updated on
1 min read

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ പിഎസ്ജി ജഴ്‌സിയില്‍ അവസാന മത്സരത്തിന് അര്‍ജന്റീന്‍ താരം ഇന്ന് ഇറങ്ങും. ഇന്നു രാത്രി നടക്കുന്ന മത്സരത്തില്‍ ക്ലെര്‍മണ്ട് ഫുട്ട് ആണ് പിഎസ്ജിയുടെ എതിരാളികള്‍.

ഫ്രഞ്ച് ക്ലബുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ തന്റെ ഭാവി സംബന്ധിച്ച് അര്‍ജന്റീന താരം ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. എന്നാല്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മെസിയുടെ ബാഴ്‌സലോണയിലേക്കുള്ള മടക്കത്തിന് സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

മെസിയെ തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ കോച്ച് ചാവി ഹെര്‍ണാണ്ടസ് ഏറെ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ ബാഴ്‌സയില്‍ നിന്ന് ഇതുവരെ ഓഫറുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മെസിയുടെ ക്യാമ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെന്നു സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെസി ബാഴ്‌സയിലേക്ക് വരുമോയെന്നത് സംബന്ധിച്ച് സംശയങ്ങളൊന്നുമില്ലെന്നാണ് ചാവി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ അര്‍ജന്റീന താരത്തിനു മുന്നില്‍ വ്യക്തമായ ഒരു കരാര്‍ വ്യവസ്ഥ വയ്ക്കാന്‍ ബാഴ്‌സയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലാ ലിഗയ്ക്കു മുന്നില്‍ സമര്‍പ്പിച്ച സാമ്പത്തിക പദ്ധതിക്ക് ഇതുവരെ അനുമതി ലഭിക്കാത്തതാണ് കാരണം. നിലവിലെ സാഹചര്യത്തില്‍ മെസിയുടെ ബാഴ്‌സയിലേക്കുള്ള മടക്കം ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് കഴിഞ്ഞ മാസം ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ് പറഞ്ഞത്.

logo
The Fourth
www.thefourthnews.in