മെസി ഉണ്ടാകുമെന്നു കരുതുന്നു; ശുഭപ്രതീക്ഷ വിടാതെ സ്‌കലോണി

മെസി ഉണ്ടാകുമെന്നു കരുതുന്നു; ശുഭപ്രതീക്ഷ വിടാതെ സ്‌കലോണി

മെസി അങ്ങനെ പറഞ്ഞുവെന്നത് ശരിതന്നെയാണെന്നും എന്നാല്‍ അദ്ദേഹം 2026-ലും ടീമിന്റെ ശക്തിയായി ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിമുഖത്തില്‍ സ്‌കലോണി ഇന്നു വ്യക്തമാക്കി.
Updated on
1 min read

യുഎസ്എ-കാനഡ-മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ താന്‍ കളിക്കില്ലെന്ന് അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസി പ്രഖ്യാപിച്ചത് ഇന്നലെയാണ്. എന്നാല്‍ ഈ വാര്‍ത്തയോട് ഇനിയും പൊരുത്തപ്പെടാന്‍ അര്‍ജന്റീന ടീം പരിശീലകന്‍ ലയണല്‍ സ്‌കലോണി തയാറായിട്ടില്ല.

മെസി അങ്ങനെ പറഞ്ഞുവെന്നത് ശരിതന്നെയാണെന്നും എന്നാല്‍ അദ്ദേഹം 2026-ലും ടീമിന്റെ ശക്തിയായി ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സ്‌കലോണി ഇന്നു വ്യക്തമാക്കി.

''മെസി യുക്തപരമായി പറഞ്ഞ അഭിപ്രായമാണത്. 2026 ലോകകപ്പിന് ഇനിയും ഏറെ നാള്‍ ഉണ്ട്. അതുകൊണ്ടു തന്നെ വളരെ ജാഗ്രതയോടെയാണ് മെസി ഒരോ മത്സരത്തെയും സമീപിക്കുന്നത്. അത്രയും നാള്‍ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുകയെന്നത് വളരെ പ്രയാസകരമാണ്. അതുകൊണ്ടാണ് അദ്ദേഹം അത്തരമൊരു അഭിപ്രായം പറഞ്ഞത്. എന്നാല്‍ അപ്പോഴും അദ്ദേഹം അര്‍ജന്റീനയ്ക്കായി കളിക്കാന്‍ ഫിറ്റായിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്''- സ്‌കലോണി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തില്‍ താന്‍ 2026 ലോകകപ്പിന് ഉണ്ടാകില്ലെന്ന് മെസി അറിയിച്ചത്. രാജ്യാന്തര കരിയര്‍ 2026 ലോകകപ്പ് വരെ തുടരുമോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം. ''എന്നെ സംബന്ധിച്ച് തീര്‍ച്ചയായും ഉണ്ടാകില്ല. ഖത്തറില്‍ കഴിഞ്ഞതാണ് എന്റെ അവസാന ലോകകപ്പ്. കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്നു നോക്കട്ടെ. പക്ഷെ എന്റെ വിശ്വാസപ്രകാരം ഞാന്‍ 2026 ലോകകപ്പിന് പോകില്ല'' - എന്നായിരുന്നു മെസി നല്‍കിയ മറുപടി.

ഏഴു തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസിയുടെ മികവിലാണ് ഖത്തറില്‍ സമാപിച്ച 2022 ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന മുത്തമിട്ടത്. ടൂര്‍ണമെന്റിന്റെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും മികച്ച രണ്ടാമത്തെ ടോപ്സ്‌കോറര്‍ക്കുള്ള സില്‍വര്‍ ബൂട്ടും മെസിക്കായിരുന്നു. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു അര്‍ജന്റീനയുടെ കിരീടധാരണം.

logo
The Fourth
www.thefourthnews.in