ഉള്‍ക്കാഴ്ചയില്ലാത്ത മധ്യനിരയും ഉത്തരം തേടുന്ന ഗ്വാർഡിയോളയും; പ്രീമിയർ ലീഗില്‍ തളരുന്ന സിറ്റി
ലോകത്ത് ഏറ്റവും ലളിതവും സുന്ദരവുമായ കായിക വിനോദമേതെന്ന് ചോദിച്ചാല്‍ അതിനുത്തരം ഫുട്ബോള്‍ ആണെന്ന് പറയേണ്ടി വരും. അതുകൊണ്ടാണല്ലോ ലോകത്തിന്റെ എല്ലാ കോണുകളിലും പന്തുരുളുന്നത്. എന്നാല്‍, പെപ് ഗ്വാർഡിയോള എന്ന തന്ത്രശാലിയായ പരിശീലകന്‍ നയിക്കുന്ന ടീം മൈതാനത്ത് പന്ത് തട്ടുമ്പോള്‍ ഫുട്ബോളിന്റെ ലാളിത്യവും സൗന്ദര്യവും ഒന്നുകൂടി വർധിക്കും. എതിരാളികളുടെ പ്രധാന പോരായ്മകള്‍ മാത്രമറിഞ്ഞല്ല യൊഹാൻ ക്രൊയ്ഫിൻ്റെ ശിഷ്യനായ ഗ്വാർഡിയോള തന്ത്രങ്ങള്‍ മെനയാറുള്ളത്. സൂക്ഷ്മനിരീക്ഷണത്തിലൂടെ ചെറിയ ദുർബലതകള്‍ വരെ മനസിലാക്കിയാണ് നീക്കങ്ങള്‍. എതിർകോട്ടകള്‍ തകർത്തും എതിരാളികളെ തളർത്തിയും വിജയം കാണും ഗ്വാർഡിയോള മാജിക്ക്.
കളിവിരുന്നൊരുക്കുന്ന ഗ്വാർഡിയോളയുടെ നിറം മങ്ങുന്നോ എന്ന ആശങ്കയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഉയരുന്നത്
എന്നാല്‍ ഇങ്ങനെ കളിവിരുന്നൊരുക്കുന്ന ഗ്വാർഡിയോളയുടെ നിറം മങ്ങുന്നോ എന്ന ആശങ്കയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഉയരുന്നത്. ഹാട്രിക്ക് കിരീടനേട്ടത്തിന്റെയും ട്രെബിളിന്റെയും പ്രതാപത്തിലെത്തിയ ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് പാതിവഴിയിലെത്തിയപ്പോള്‍ വീര്യം നഷ്ടപ്പെട്ട് കിതയ്ക്കുകയാണ്. അവസാനം കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് സമനിലയും ഒരു തോല്‍വിയും. ആസ്റ്റണ്‍ വില്ലയ്ക്കെതിരായ മത്സരത്തിലെ തോല്‍വി സിറ്റിയുടെ ദുർബലതകള്‍ തുറന്നുകാട്ടി. തന്റെ ടീം തിരിച്ചടി നേരിടുകയാണെന്നും ഉത്തരം കണ്ടത്തേണ്ടതുണ്ടെന്നും ഗ്വാർഡിയോള തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്തു.
മധ്യനിരയിലെ വിള്ളല്‍
കഴിഞ്ഞ കുറച്ച് സീസണുകള്‍ മൈതാനത്ത് ദൃശ്യമായ മധ്യനിരയല്ല ഇത്തവണ സിറ്റിയുടേത്, നേർവിപരീതമെന്ന് തന്നെ വിലയിരുത്താം. സിറ്റിയുടെ മുന്നേറ്റങ്ങളുടെയെല്ലാം എഞ്ചിനായി പ്രവർത്തിക്കുന്നത് മധ്യനിരയാണ്. മധ്യനിരയുടെ വിഷനാണ് കളിയുടെ നിയന്ത്രണവും വേഗതയുമെല്ലാം നിശ്ചയിക്കുന്നത്. അതിനാലാണ് മധ്യനിരതാരങ്ങളെ സൂക്ഷ്മയോടെ ഗ്വാർഡിയോള തിരഞ്ഞെടുക്കുന്നതും. പന്തടക്കവും സംയമനത്തോടെയുള്ള നീക്കങ്ങളുമായിരുന്നു ഹൈലൈറ്റ്.
നടപ്പ് സീസണില്‍ മേല്‍പ്പറഞ്ഞ വിശേഷണങ്ങളൊന്നും സിറ്റിയുടെ മധ്യനിരയ്ക്ക് ചേരുന്നതല്ല. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് റോഡ്രിയുടെ അഭാവമാണ്. സീസണില്‍ സിറ്റി തോല്‍വി വഴങ്ങിയ മൂന്ന് മത്സരങ്ങളിലും റോഡ്രി മധ്യനിരയിലുണ്ടായിരുന്നില്ല.
പേരുകേട്ട പ്രതിരോധ താരങ്ങളുണ്ടെങ്കിലും ഈ സീസണില്‍ 15 കളികളില്‍ നിന്ന് 17 ഗോളാണ് സിറ്റി വഴങ്ങിയത്
താരസമ്പന്നമായ സിറ്റിയുടെ മധ്യനിര എങ്ങനെ ഒരാളിലേക്ക് ചുരുങ്ങിയെന്നതും ഇവിടെ പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണില്‍ കൗശലവും കളിയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള മികവുമുള്ള ഇല്‍ക്കെ ഗുണ്ടോഗന്റെ സേവനം സിറ്റിക്കുണ്ടായിരുന്നു. സമാനമായിരുന്നു റിയാദ് മഹ്‌രസിന്റെ സാന്നിധ്യവും. ഇരുവരുടേയും അഭാവത്തില്‍ മധ്യനിരയെ ഉടച്ചുവാർക്കേണ്ടി വന്നു സിറ്റിക്ക്.
മധ്യനിരയില്‍ അനുയോജ്യരായ ബെർണാദൊ സില്‍വയും ഫില്‍ ഫോഡനും വിങ്ങുകളിലേക്ക് ചുവടുമാറ്റി. സ്ട്രൈക്കറായ ഹൂലിയാന്‍ ആല്‍വാരസും റൈറ്റ് ബാക്ക് റിക്കൊ ലെവിസും മധ്യനിരയിലേക്കും എത്തി. നിലനിർത്തിയ താരങ്ങളും ടീമിലേക്ക് എത്തിയവരും ഗ്വാർഡിയോളയുടെ ശൈലിയിലേക്ക് എത്തുന്നില്ല എന്നതും തിരിച്ചടിയായി.
പേരുകേട്ട പ്രതിരോധ താരങ്ങളുണ്ടെങ്കിലും ഈ സീസണില്‍ 15 കളികളില്‍ നിന്ന് 17 ഗോളാണ് സിറ്റി വഴങ്ങിയത്. പലപ്പോഴും പിഴവുകളാണ് സിറ്റിയുടെ വലയില്‍ പന്തെത്തിച്ചത്. മാനുവല്‍ അകാഞ്ചി ടീമിന്റെ താളത്തിനൊപ്പം എത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ്, കൈല്‍ വാക്കറും ഫോമിലേക്ക് ഉയരുന്നുണ്ട്.
തിരിച്ചുവരവ് അകലെയല്ല
സസ്പെന്‍ഷനും പരുക്കുകളും താണ്ടി പ്രധാന താരങ്ങള്‍ എത്തിയാല്‍ സിറ്റിക്ക് തിരിച്ചുവരവ് സാധ്യമാക്കാനാകും. സ്റ്റോണ്‍സിന്റേയും റോഡ്രിയുടേയും വരവാണ് ആരാധകർ കാത്തിരിക്കുന്നതും. നിലവില്‍ പട്ടികയിലൊന്നാമതുള്ള ആഴ്‌സണലുമായി ആറ് പോയിന്റാണ് വ്യത്യാസം. കഴിഞ്ഞ സീസണില്‍ എട്ട് പോയിന്റ് അകലവും 2018-19 സീസണില്‍ 10 പോയിന്റ് അകലവും തരണം ചെയ്ത് കിരീടം നേടാന്‍ സിറ്റിക്ക് കഴിഞ്ഞിരുന്നു. സീസണിന്റെ രണ്ടാം പകുതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പതിവ് ശൈലി ഗ്വാർഡിയോള തുടരുമോ എന്ന് ആകാംഷയോടെ കാത്തിരിന്നു കാണ്ടേന്ന ഒന്നാണ്.