മൊറോക്കോയുടെ ചോരാത്ത കൈകള്‍ ഇനി അല്‍ ഹിലാലില്‍; ക്ലബ്ബുമായി മൂന്ന് വർഷത്തെ കരാറില്‍ ഒപ്പിട്ട് യാസിൻ ബോനോ
സൗദി ക്ലബ്ബായ അല്‍ ഹിലാലിന്റെ ഗോള്‍ വലകാക്കാന്‍ ഇനി മൊറോക്കയുടെ കാവല്‍ക്കാരന്‍ യാസിന്‍ ബോനോ. അല്‍ ഹിലാലുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ താരം ഒപ്പുവച്ചു. നെയ്മർ ജൂനിയറിന് ശേഷം അല്‍ ഹിലാലിൽ സ്വന്തമാക്കുന്ന പ്രമുഖനാണ് ബോനോ.
ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങളില്‍ മൊറോക്കോയുടെ വന്മതില്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.
സ്പാനിഷ് ക്ലബ്ബായ സെവിയ്യയുടെ ഭാഗമായിരുന്ന ബോനോയെ ഏകദേശം 21 ദശലക്ഷം യൂറോയ്ക്കാണ് (189 കോടി രൂപ) അൽഹിലാല്‍ സ്വന്തമാക്കിയത്. അല്‍ ഹിലാലിന്റെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടിലൂടെയാണ് താരത്തിന്റെ കൂടുമാറ്റം പ്രഖ്യാപിച്ചത്. ബോനോ സംസാരിക്കുന്നതിന്റെയും കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെയും ജെഴ്‌സി സ്വീകരിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങളും ക്ലബ് പങ്കുവച്ചു. 'അറ്റ്‌ലാന്റിക് സിംഹം ഇനി നമ്മുടെ ഗോളി' എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.
2022 ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോ ചരിത്രത്തിലാദ്യമായി സെമിഫൈനലില്‍ എത്തിയപ്പോള്‍ അതില്‍ ബോനോയുടെ പങ്ക് സുപ്രധാനമായിരുന്നു. ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങളില്‍ മൊറോക്കോയുടെ വന്മതില്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. 2020ലാണ് ബോനോ സെവിയ്യയുടെ ഭാഗമാകുന്നത്. ക്ലബിനായി താരം 141 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 58 മത്സരങ്ങളില്‍ ബോനോ ഗോൾവഴങ്ങിയില്ല. റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും താരത്തിനായി നോട്ടമിരുന്നു, അവരുടെ നീക്കങ്ങൾ തകിടം മറിച്ചാണ് അല്‍ ഹിലാല്‍ വന്‍ തുകയുമായി രംഗത്തെത്തിയത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ സൗദിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. യൂറോപ്യന്‍ ഫുട്‌ബോളിന്റെ കരുത്തായിരുന്ന വന്‍ മൂല്യമുള്ള താരങ്ങളെയാണ് സൗദിക്ലബുകൾ പണം കൊടുത്ത് കീശയിലാക്കുന്നത്. സെര്‍ബിയയുടെ സെര്‍ജി മിലിങ്കോവിച്ച്-സാവിക്, സെനഗല്‍ ഡിഫന്‍ഡര്‍ കലിഡൗ കൗലിബാലി, ബ്രസീലിയന്‍ സ്ട്രൈക്കര്‍ മാല്‍കോം എന്നിവര്‍ക്ക് മുകളിലും ക്ലബ് വല വിരിച്ചിട്ടുണ്ട്. ശനിയാഴ്ച സൗദി പ്രോ ലീഗില്‍ അല്‍-ഫൈഹയ്ക്കെതിരായ മത്സരത്തില്‍ പുതുമുഖങ്ങളുമായാവും അൽ ഹിലാല്‍ ഇറങ്ങുക.