റണ്ണേഴ്‌സ് അപ്പ് മെഡല്‍ ആരാധകര്‍ക്ക് എറിഞ്ഞു നല്‍കി മൗറീഞ്ഞോ; റോമയില്‍ തുടര്‍ന്നേക്കില്ല

റണ്ണേഴ്‌സ് അപ്പ് മെഡല്‍ ആരാധകര്‍ക്ക് എറിഞ്ഞു നല്‍കി മൗറീഞ്ഞോ; റോമയില്‍ തുടര്‍ന്നേക്കില്ല

ക്ലബില്‍ താന്‍ അസന്തുഷ്ടനാണെന്ന് പരോക്ഷമായി പറയുകയാണ് മൗറീഞ്ഞോ ചെയ്തതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Updated on
1 min read

ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയുടെ പരിശീലക സ്ഥാനത്ത് തുടര്‍ന്നേക്കില്ലെന്ന സൂചന നല്‍കി വിഖ്യാത് പോര്‍ചുഗല്‍ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ. യൂറോപ്പാ ലീഗില്‍ റോമ സ്പാനിഷ് ക്ലബ് സെവിയയോട് തോറ്റ് റണ്ണേഴ്‌സപ്പായതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് ഇതു സംബന്ധിച്ചുള്ള സൂചന മൗറീഞ്ഞോ നല്‍കിയത്.

ഫൈനലിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനേത്തുടര്‍ന്ന് നടന്ന പെനാല്‍റ്റിയില്‍ 4-1 എന്ന സ്‌കോറിനാണ് റോമ തോല്‍വി നേരിട്ടത്. മത്സരശേഷം റണ്ണറപ്പ് മെഡല്‍ ഏറ്റുവാങ്ങിയ മൗറീഞ്ഞോ അത് റോമ ആരാധകര്‍ക്ക് എറിഞ്ഞു നല്‍കുന്ന വീഡിയോയും വൈറലായിരുന്നു.

അതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍ സൂചന നല്‍കിയത്. ''ഞാന്‍ വളരെയധികം ക്ഷീണിതനാണ്. എനിക്ക് ടീമിന്റെ പരിശീലക ചുമതലയും വക്താവ് ചുമതലയും കലഹിക്കലുമെല്ലാം കൂടി ഒരുമിച്ച് ചെയ്യാനാകില്ല'' എന്നാണ് മൗറീഞ്ഞോ പറഞ്ഞത്. ക്ലബില്‍ താന്‍ അസന്തുഷ്ടനാണെന്ന് പരോക്ഷമായി പറയുകയാണ് മൗറീഞ്ഞോ ചെയ്തതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഫൈനലില്‍ തോറ്റെങ്കിലും മികച്ച പ്രകടമാണ് റോമ താരങ്ങള്‍ കാഴ്ചവച്ചതെന്നും റഫറിയിങ് പിഴവുകള്‍ തിരിച്ചടിയായെന്നും മൗറീഞ്ഞോ കൂട്ടിച്ചേര്‍ത്തു. ''റഫറിയുടെ പല തീരുമാനങ്ങളും തിരിച്ചടിയായി. പക്ഷേ അഭിമാനത്തോടെയാണ് മടങ്ങുന്നത്. മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്. പെനാല്‍റ്റി കിക്കുകളിലും ടീം പരിശീലനം നടത്തിയിരുന്നു. എന്നാല്‍ മത്സരഫലം വിപരീതമായി. സെവിയയ്ക്ക് ആശംസകള്‍''- മൗറീഞ്ഞോ പറഞ്ഞു.

logo
The Fourth
www.thefourthnews.in