ത്രില്ലിങ് ജയം, ടേബിള്‍ ടോപ്പേഴ്‌സ്; മുംബൈ സിറ്റിക്ക് ഐ.എസ്.എല്‍. വിന്നേഴ്‌സ് ഷീല്‍ഡ്

ത്രില്ലിങ് ജയം, ടേബിള്‍ ടോപ്പേഴ്‌സ്; മുംബൈ സിറ്റിക്ക് ഐ.എസ്.എല്‍. വിന്നേഴ്‌സ് ഷീല്‍ഡ്

18 മത്സരങ്ങളില്‍ നിന്ന് 14 ജയവും നാലു സമനിലകളുമായി 46 പോയിന്റുമായാണ് അവര്‍ രണ്ടു റൗണ്ട് ശേഷിക്കെ തന്നെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.
Updated on
1 min read

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2022-23 സീസണിലെ ടേബിള്‍ ടോപ്പറിനുള്ള വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കി മുംബൈ സിറ്റി എഫ്.സി. ഇന്നു നടന്ന ആവേശപ്പോരാട്ടത്തില്‍ എഫ്.സി. ഗോവയെ തോല്‍പിച്ചാണ് രണ്ടു റൗണ്ട് ശേഷിക്കെ തന്നെ അവര്‍ നേട്ടം സ്വന്തമാക്കിയത്.

എവേ തട്ടകത്തില്‍ നടന്ന എട്ടുഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. ഇരട്ട ഗോളുകള്‍ നേടിയ ഗ്രെഗ് സ്റ്റിയുവര്‍ട്ട് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഹോര്‍ഗെ പെരേര ഡയസ്, ലാലിയന്‍സ്വാല ചാങ്‌തെ, വിക്രം സിങ് എന്നിവരാണ് മുംബൈയുടെ മറ്റു ഗോളുകള്‍ നേടിയത്.

ഗോവയ്ക്കു വേണ്ടി നോഹ സദൗയി, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ബ്രിസണ്‍ ഡ്യൂബന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. 18 മത്സരങ്ങളില്‍ നിന്ന് 14 ജയവും നാലു സമനിലകളുമായി 46 പോയിന്റുമായാണ് അവര്‍ രണ്ടു റൗണ്ട് ശേഷിക്കെ തന്നെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

ലീഗ് റൗണ്ടില്‍ ഇനി അവര്‍ക്ക് രണ്ടു മത്സരങ്ങള്‍ കൂടി ശേഷിക്കുന്നുണ്ട്. 17 മത്സരങ്ങളില്‍ നിന്ന് 11 ജയവും മൂന്നു സമനിലകളുമായി 36 പോയിന്റോടെ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് സിറ്റി എഫ്.സി. രണ്ടാം സ്ഥാനത്തും 31 പോയിന്റുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതുമുണ്ട്. 28 പോയിന്റുള്ള എ.ടി.കെ. മോഹന്‍ ബഗാനാണ് നാലാമത്.

സ്വന്തം തട്ടകത്തില്‍ അഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ഞെട്ടിച്ച എഫ്.സി. ഗോവയെ പിന്നില്‍ നിന്ന് തിരിച്ചടിച്ചാണ് ഇന്ന് മുംബൈ തകര്‍ത്തുവിട്ടത്. സദൗയിയായിരുന്നു ഗോവയ്ക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 18-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റിയുവര്‍ട്ട് മുംബൈയെ ഒപ്പമെത്തിച്ചു.

പിന്നീട് തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിന്റെ 40-ാം മിനിറ്റില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുന്‍താരം ഹോര്‍ഗെ പെരേര ഡയസിന്റെ ഗോളില്‍ മുംബൈ ലീഡ് നേടി. എന്നാല്‍ ഗോവയുടെ മറുപടിക്കും അതിനുള്ള മുംബൈയുടെ തിരിച്ചടിക്കും കേവലം മിനിറ്റുകള്‍ മാത്രമാണ് കാത്തിരിക്കേണ്ടി വന്നത്.

42-ാം മിനിറ്റില്‍ ബ്രാന്‍ഡണിലൂടെ ഒപ്പമെത്തിയ ഗോവയെ 44-ാം മിനിറ്റില്‍ സ്റ്റിയുവര്‍ട്ടിന്റെ ഗോളില്‍ വീണ്ടും പിന്തള്ളിയ മുംബൈ 3-2 ലീഡില്‍ ആദ്യ പകുതി അവസാനിപ്പിച്ചു. പിന്നീട് രണ്ടാം പകുതിയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. എന്നാല്‍ ആധിപതയം മുംബൈയ്ക്കായിരുന്നു. 71-ാം മിനിറ്റില്‍ ചാങ്‌തെയുടെ പെനാല്‍റ്റി ഗോളിലൂടെയും 77-ാം മിനിറ്റില്‍ വിക്രം സിങ്ങിലൂടെയും സ്‌കോര്‍ നില ഉയര്‍ത്തിയ അവര്‍ 5-2 എന്ന നിലയില്‍ മുന്നിലെത്തി. ഇതിനു മറുപടിയായി 84-ാം മിനിറ്റില്‍ ബ്രിസണ്‍ നേടിയ ഒരു ഗോള്‍ മാത്രമേ ഗോവയ്ക്ക് നല്‍കാനുണ്ടായിരുന്നുള്ളു.

logo
The Fourth
www.thefourthnews.in