സൂപ്പര്‍ കപ്പ്; ചര്‍ച്ചിലിനെ വീഴ്ത്തി മുംബൈ സിറ്റി തുടങ്ങി
എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഐ.എസ്.എല്‍. വമ്പന്മാരായ മുംബൈ സിറ്റിക്ക് വിജയത്തുടക്കം. ഇന്നു കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ഗോവന്‍ ടീമായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയായിരുന്നു മുംബൈ തോല്‍പിച്ചത്.
ഒരൊറ്റ വിദേശ താരം പോലുമില്ലാതെയാണ് മുംബൈ തകര്‍പ്പന്‍ ജയം നേടിയതെന്നതും ശ്രദ്ധേയമായി. മുംബൈയ്ക്കു വേണ്ടി മെഹ്താബ് സിങ്, ലാലിയന്‍സുല ചാങ്‌തെ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ചര്‍ച്ചിലിനു വേണ്ടി ഗ്നാഫെയാണ് സ്‌കോര്‍ ചെയ്തത്.
ചര്‍ച്ചിലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ മുംബൈ ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്താന്‍ അവര്‍ക്കായി. എന്നാല്‍ ഗ്നാഫെയുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല. എന്നാല്‍ ലീഡ് നേടാന്‍ അവര്‍ക്ക് ഏറെ കാത്തിരിക്കേണ്ടി വന്നില്ല. ഒമ്പതാം മിനിറ്റില്‍ മുംബൈ ഗോള്‍കീപ്പര്‍ ഫ്രമുബ ടെംപ വരുത്തിയ പിഴവില്‍ നിന്ന് ഗ്നാഫെ അവരെ മുന്നിലെത്തിച്ചു.
എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന മുംബൈ പിന്നീട് മികച്ച ഫുട്‌ബോള്‍ കെട്ടഴിച്ചു. ഏറെ വൈകാതെ തന്നെ അവര്‍ സമനില നേടുകയും ചെയ്തു. 27-ാം മിനിറ്റില്‍ റൗളിങ് ബോര്‍ഗസ് എടുത്ത ഫ്രീകിക്കിന് തലവച്ചു മെഹ്താബ് സിങ്ങാണ് സമനനീല ഗോള്‍ നേടിയത്.
ഒപ്പമെത്തിയതോടെ ആക്രമണം വര്‍ധിപ്പിച്ച സിറ്റി 37-ാം മിനിറ്റില്‍ ലീഡ് നേടുന്നതിന് അടുത്തെത്തി. എന്നാല്‍ രാഹുല്‍ ഭെക്കെയുടെ ഹെഡ്ഡര്‍ ചര്‍ച്ചില്‍ ഗോള്‍കീപ്പര്‍ നോറ ഫെര്‍ണാണ്ടസ് അതിമനോഹരമായി രക്ഷപെടുത്തി. 43-ാം മിനിറ്റിലും അവര്‍ക്കൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതോടെ ആദ്യ പകുതി 1-1ല്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഇരുകൂട്ടരും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. എങ്കിലും അല്‍പം മുന്‍തൂക്കം മുംബൈയ്ക്കായിരുന്നു. ഇരുപകുതികളിലേക്കും യഥേഷ്ടം പന്ത് കയറിയിറങ്ങിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഒടുവില്‍ രണ്ടാം പകുതിയി ഇന്‍ജുറി ടൈമില്‍ മുംബൈ താരം വിക്രം പ്രതാപിനെ ചര്‍ച്ചില്‍ ഡിഫന്‍ഡര്‍ വീഴ്ത്തിയതിന് റഫറി സ്്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത ചാങ്‌തെ അനായാസം ലക്ഷ്യം കണ്ട് മുംബൈയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.