നജീമുദ്ദീൻ്റെ 'മാരക' ഗോളുകൾ

നജീമുദ്ദീൻ്റെ 'മാരക' ഗോളുകൾ

ഇടനെഞ്ചിൽ തിളച്ചുമറിയുന്ന പോരാട്ടവീര്യവും ബൂട്ടുകളിൽ അണയാത്ത അഗ്നിയുമായി കൊല്ലം തേവള്ളി സ്വദേശി നജീമുദ്ദീൻ കളിക്കമ്പക്കാരുടെ ഹൃദയങ്ങളിലേക്ക് ഡ്രിബിൾ ചെയ്ത് കുതിച്ചുവന്നത് 1973-ലാണ്‌
Updated on
2 min read

ഒരു തലമുറയുടെ ഓർമയിലിപ്പോഴുമുണ്ട് പാൽവെളിച്ചത്തിൽ ഇളകിമറിയുന്ന മഹാരാജാസ് കോളേജ് സ്റ്റേഡിയം ഗ്യാലറികൾ. കാതിൽ ലോംഗ് വിസിലിന്റെ മനം മയക്കുന്ന ഈണവും. അര നൂറ്റാണ്ട് മുൻപ് കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി മാറോടണച്ച രാത്രി. നജീമുദ്ദീന് അന്ന് പ്രായം 21. ആവേശം അണപൊട്ടിയൊഴുകിയ ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ മിന്നുന്ന ഹാട്രിക്കോടെ റെയിൽവേസിന്റെ കഥകഴിച്ച കേരള ടീമിലെ "ബേബി''യായിരുന്നു നജീം; ഗാലറികളുടെ ഓമനയും. ഇടനെഞ്ചിൽ തിളച്ചുമറിയുന്ന പോരാട്ടവീര്യവും ബൂട്ടുകളിൽ അണയാത്ത അഗ്നിയുമായി കൊല്ലം തേവള്ളി സ്വദേശി നജീമുദ്ദീൻ കളിക്കമ്പക്കാരുടെ ഹൃദയങ്ങളിലേക്ക് ഡ്രിബിൾ ചെയ്ത് കുതിച്ചുവന്നത് ആ ടൂർണമെന്റിൽ നിന്നാണ്. അതും എന്തൊരു വരവ്!

നജീമുദ്ദീൻ്റെ 'മാരക' ഗോളുകൾ
കേരളം ഉമ്മവെച്ച പന്ത്

കേരളം സൃഷ്ടിച്ച എക്കാലത്തെയും ഏറ്റവും മികച്ച അറ്റാക്കർമാരിൽ ഒരാളായ നജീമുദ്ദീന്റെ ഫുട്ബാൾ ജീവിതത്തിലെ വർണപ്പകിട്ടാർന്ന ഒരധ്യായത്തിന്റെ തുടക്കം. പിന്നീടങ്ങോട്ട് കേരള ഫുട്ബാളിൽ നജീമുദ്ദീന്റെ പ്രതാപകാലമായിരുന്നു. പ്രതിരോധത്തിലെ പത്മവ്യൂഹങ്ങൾക്ക് മേൽ ചാടിയുയർന്ന് വിംഗുകളിൽ നിന്നുള്ള ക്രോസുകളിൽ കൃത്യതയോടെ തലവെക്കുന്ന നജീമുദ്ദീൻ; ജിംനാസ്റ്റിന്റെ മെയ്‌വഴക്കത്തോടെ എതിർ സ്റ്റോപ്പർമാർക്കിടയിലൂടെ പെനാൽറ്റി ഏരിയയിലേക്ക് നുഴഞ്ഞുകയറുന്ന നജീമുദ്ദീൻ; പാസുകൾ നെഞ്ചിലേറ്റുവാങ്ങി കാൽമുട്ടിലേക്ക് മറിച്ച് പന്ത് നിലം തൊടുംമുൻപ് ഞൊടിയിടയിൽ വലയിലേക്ക് തൊടുക്കുന്ന നജീമുദ്ദീൻ... എന്റെ തലമുറയിലെ കളിക്കമ്പക്കാരുടെ മനസിൽ മിഴിവാർന്നു നിൽക്കുന്ന ചിത്രങ്ങൾ.

36 വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം ടൈറ്റാനിയത്തിന്റെ പടിയിറങ്ങിയത് പതിനാല് വർഷം മുൻപാണ്. സ്റ്റോർസ് അസിസ്റ്റന്റ് ആയി 1973 ൽ ജോലിക്ക് കയറിയ നജീം വിരമിക്കുമ്പോൾ അസിസ്റ്റന്റ് മാനേജരായിരുന്നു.

നജീമുദ്ദീൻ്റെ 'മാരക' ഗോളുകൾ
കന്നിവിജയത്തിന് സമ്മാനം കപ്പയും മീനും കരിപ്പെട്ടിക്കാപ്പിയും!

നജീമുദ്ദീന്റെ സ്കോറിംഗ് വൈഭവത്തിന്റെ പിൻബലത്തിൽ കേരളത്തിലുടനീളമുള്ള അഖിലേന്ത്യാ ടൂർണമെന്റുകളിൽ ടൈറ്റാനിയം അശ്വമേധം നടത്തിയ കാലമുണ്ടായിരുന്നു. തിരുവനന്തപുരം ജി വി രാജ ട്രോഫി, കൊല്ലം മുനിസിപ്പൽ ഗോൾഡൻ ജൂബിലി, കോട്ടയം മാമ്മൻ മാപ്പിള, തൃശൂർ ചാക്കോള, കോഴിക്കോട് സേട്ട് നാഗ്ജി, കണ്ണൂർ ശ്രീനാരായണ..... "അക്കാലത്ത് നാഗ്ജി ട്രോഫി മാത്രമേ ഞങ്ങൾക്ക് പിടിതരാതിരുന്നിട്ടുള്ളൂ; അവിടെ ഫൈനലിൽ തോറ്റു.''-- നജീമുദ്ദീൻ ഓർക്കുന്നു. "അതൊരു കാലം. ഇന്ന് ആ ടൂർണമെന്റുകൾ പോലും ഓർമയായിരിക്കുന്നു. എന്നെങ്കിലും തിരിച്ചുവരുമോ നമ്മുടെ ഫുട്ബാളിന്റെ നല്ല കാലം?''

ഓർമയിലെ നജീമുദ്ദീന് ഇന്നും 23 വയസ്. 1975 ലെ കോഴിക്കോട് സന്തോഷ് ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ പരിചയസമ്പന്നനായ ഗോവൻ ഗോളി ബ്രഹ്മാനന്ദിന്റെ തലയ്ക്ക് മുകളിലൂടെ ചാടിയുയർന്ന് പന്ത് വലയിലേക്ക് ഹെഡ് ചെയ്യുന്ന നജീമുദ്ദീൻ. അംബരചുംബികളായ പ്രതിരോധഭടന്മാർക്കിടയിലൂടെ ഒരു കൊച്ചു മോറിസ് മൈനർ പോലെ നജീം ഒഴുകിപ്പോകുന്നതു കാണാൻ പോലുമുണ്ടായിരുന്നു ഒരു ഓമനത്തം. വെറുതെയല്ല നാഷണൽസിലെ മികച്ച കളിക്കാരനായി നജീമുദ്ദീനെ ഗാലപ് പോൾ വഴി കോഴിക്കോട്ടുകാർ തിരഞ്ഞെടുത്തത്.

നജീമുദ്ദീൻ്റെ 'മാരക' ഗോളുകൾ
ആദ്യ സന്തോഷ് ട്രോഫി വിജയം അവരെ കള്ളുഷാപ്പിൽ എത്തിച്ചതെങ്ങനെ?

അടിച്ച ഗോളുകളിൽ ഏറ്റവും അവിശ്വസനീയമായി സ്വയം തോന്നിയത് ഏതായിരുന്നു? "പലതുമുണ്ട്. നാഗ്‌ജിയിൽ ട്രാൻസ്പോർട്ടിനെതിരെ നേടിയ ഗോളാണ് പെട്ടെന്ന് ഓർമവരുന്നത്. ഡയനീഷ്യസിന്റെ ഉയർന്നുവന്ന ക്രോസ് തല കൊണ്ട് കണക്ട് ചെയ്യാൻ ഓടിവരികയായിരുന്നു ഞാൻ. പക്ഷേ കണക്കുകൂട്ടൽ തെല്ലൊന്നു പിഴച്ചു.. ഓട്ടം പന്തിനേക്കാൾ ഒരടി മുന്നിലാണ് അവസാനിച്ചത്. ഗോൾ വരയ്ക്ക് തൊട്ടുമുന്നിൽ വെച്ച് ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു ഞാൻ. നിന്ന നിൽപ്പിൽ പിന്നിലേക്കാഞ്ഞുകൊണ്ട് ശക്തമായി പന്ത് ഹെഡ് ചെയ്തു. ആ ആംഗിളിൽ നിന്ന് ഗോളടിക്കാനാകുമെന്ന് പ്രതീക്ഷയില്ലായിരുന്നു..''

പക്ഷേ അത് ഗോളായി. ഒറ്റാലിൽ നിന്നെന്നവണ്ണം നജീമുദ്ദീന്റെ നെറ്റിയിൽ നിന്ന് പോസ്റ്റിലേക്ക് ചീറിപ്പാഞ്ഞ പന്ത് ഗോൾകീപ്പർക്ക് ഒരു പഴുതും നൽകിയില്ല. അങ്ങനെ എത്രയെത്ര "മാരക'' ഗോളുകൾ.

കൊല്ലം എസ് എൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഇൻസൈഡ് ഫോർവേഡ് ആയിരുന്ന നജീമിനെ റൈറ്റ് ഔട്ട് ആക്കിയത് കോച്ച് സൈമൺ സുന്ദർരാജാണ് -- കേരളത്തിന് നടാടെ സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകൻ. നാല് ഗോളടിച്ച് കോച്ചിൻ്റെ പ്രതീക്ഷക്കൊത്ത് ഉയർന്ന നജീം 1973 മുതൽ 80 വരെ തുടർച്ചയായി സന്തോഷ് ട്രോഫി കളിച്ചു. പിന്നീട് ഒരു വ്യാഴവട്ടം കൂടി ടൈറ്റാനിയത്തിന്റെ ജേഴ്‌സിയിൽ. വിരമിച്ച ശേഷം ക്ലബ്ബിന്റെ കോച്ചും മാനേജരുമായി കുറച്ചു കാലം.

നജീമുദ്ദീൻ്റെ 'മാരക' ഗോളുകൾ
ആരവങ്ങളില്‍ നിന്നകന്ന് ആശുപത്രിക്കിടക്കയില്‍ ജാഫർ

കളിക്കളത്തിൽ "ഗോഡ്ഫാദർമാർ'' ഇല്ലാത്തതിനാലാവണം, തന്നെക്കാൾ പ്രതിഭ കുറഞ്ഞവർ പോലും ദേശീയ ടീമിലേക്ക് നടന്നുചെല്ലുന്നത് നിസഹായനായി കണ്ടുനിൽക്കേണ്ടി വന്നു ഈ ഗോളടിവീരന്. ഇന്ത്യക്ക് കളിക്കാനാവാത്തതിൽ ദുഃഖമുണ്ടെങ്കിലും പരിഭവമൊന്നുമില്ല ആരോടും. ഒപ്പം കളിച്ചുനടന്നവർ പലരും കൊൽക്കത്തയിലും മുംബൈയിലും പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോയപ്പോൾ എന്തുകൊണ്ട് നാട്ടിൽ തന്നെ തങ്ങാൻ തീരുമാനിച്ചു എന്ന ചോദ്യത്തിന് മനോഹരമായ ഒരു പുഞ്ചിരിയാണ് മറുപടി. "ഓഫറുകൾ കുറവല്ലായിരുന്നു. ആദ്യം മഫത്ത് ലാലും പിന്നെ ടാറ്റാസും വിളിച്ചു. അത് കഴിഞ്ഞു കൊൽക്കത്ത ക്ലബ്ബുകളും. പക്ഷേ നാടുവിടാൻ തോന്നിയില്ല. ടൈറ്റാനിയത്തിലെ കുടുംബാന്തരീക്ഷം ഒരു കാരണമായിരുന്നു. പിന്നെ വലിയ മോഹങ്ങളും ഇല്ലായിരുന്നു എനിക്ക്...''

സത്യം. മോഹങ്ങൾ മുഴുവൻ നമുക്കായിരുന്നു; പന്തുകളിയെ പ്രാണനു തുല്യം സ്നേഹിച്ച മലയാളികൾക്ക്. ആ മോഹങ്ങൾക്ക് മുകളിലൂടെ പന്തുമായി കുതികുതിച്ച പടക്കുതിര കളിക്കളം വിട്ടിരിക്കാം. പക്ഷേ മനസ്സിന്റെ ആകാശത്ത് ഇന്നും തിളങ്ങിനിൽക്കുന്നു നജീമുദ്ദീൻ; രജതതാരകം പോലെ.

logo
The Fourth
www.thefourthnews.in