മൂന്ന് പതിറ്റാണ്ടിനിപ്പുറം ആദ്യമായി സീരി എ ടൈറ്റിലില്‍ മുത്തമിട്ട് നാപോളി; മറഡോണ യുഗത്തിനുശേഷമുള്ള ആദ്യ കിരീടം
ഫ്രൂലി സ്റ്റേഡിയത്തില്‍ അവസാന വിസില്‍ മുഴങ്ങുമ്പോള്‍ നാപ്പോളികള്‍ മതിമറന്ന് ആഘോഷിക്കുകയായിരുന്നു. ഉഡിനീസിനെ സമനിലയില്‍ (1-1) കുരുക്കിയ നാപോളി 33 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ടു. അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണ ക്ലബ് വിട്ടശേഷം ആദ്യമായാണ് നാപോളി ലീഗ് കിരീടം ഉയര്‍ത്തുന്നത്. അഞ്ച് മത്സരം ബാക്കിനില്‍ക്കെ രണ്ടാം സ്ഥാനക്കാരായ ലാസിയോയെക്കാള്‍ നാപോളി 16 പോയിന്റ് മുന്നിലെത്തി.
96 വര്‍ഷത്തെ ക്ലബ് ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് നാപോളികിരീട നേട്ടത്തിലേക്കെത്തുന്നത്. മറഡോണ ക്ലബിനുവേണ്ടി കളിച്ച 1987, 1990 സീസണുകളിലായിരുന്നു കിരീടധാരണം. ഉഡിനീസില്‍ നടന്ന മത്സരത്തില്‍ നായകന്‍ വിക്ടര്‍ ഒസിമെന്റെ രണ്ടാം പകുതിയിലെ ഗോളിലൂടെ നാപോളി ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചു. സ്‌കുഡെറ്റോയ്ക്കായുള്ള 33 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാന്‍ നാപോളിക്ക് ഉഡിനീസിനോട് ആ സമനില ഗോള്‍ മാത്രം മതിയായിരുന്നു.
ഉഡിനീസ് ഗോളിക്ക് തടയാന്‍പോലും അവസരം നല്‍കാതെ ക്വാരറ്റ്‌സ്‌ഖേലിയയുടെ ഷോട്ടില്‍ ഒസിമെന്റെ ബൂട്ടിലൂടെ പാഞ്ഞ് കേറിയ പന്ത് ചരിത്രം കുറിച്ചു
കളിയുടെ 13-ാം മിനുറ്റില്‍ സാന്‍ഡി ലോവ്‌റിച്ചിലൂടെ ലീഡ് നേടിയ ഉഡിനീസിന് രണ്ടാം പകുതിയാല്‍ നാപോളി നായകന്‍ തിരിച്ചടി നല്‍കി. 52-ാം മിനിറ്റില്‍ ഒസിമെന്‍ ഉഡിനീസിന്റെ വലയിലേക്ക് നിറയൊഴിച്ച് മത്സരം സമനിലയാക്കായി. ഉഡിനീസ് ഗോളിക്ക് തടയാന്‍പോലും അവസരം നല്‍കാതെ ക്വാരറ്റ്‌സ്‌ഖേലിയയുടെ ഷോട്ടില്‍ ഒസിമെന്റെ ബൂട്ടിലൂടെ പാഞ്ഞ് കേറിയ പന്ത് ചരിത്രം കുറിച്ചു. ഈ സീസണില്‍ ലീഗിലെ ഒസിമെന്റെ 22-ാം ഗോള്‍. മൂന്ന് പതിറ്റാണ്ടിനുശേഷം സ്‌കുഡെറ്റോ നേപ്പിള്‍സിലേക്ക് മടങ്ങി.
മുന്നേറ്റനിരയുടെ മികവിലാണ് നാപോളിയുടെ സ്വപ്‌നക്കുതിപ്പ് പൂര്‍ത്തിയായത്. നൈജീരിയന്‍താരം വിക്ടര്‍ ഓസിമെന്‍, ജോര്‍ജിയയുടെ ക്വിച്ച ക്വാരറ്റ്‌സ്‌ഖേലിയ, ഇറ്റാലിയന്‍ താരം മാറ്റിയോ പൊളിറ്റാനോ എന്നിവര്‍ നയിച്ച ആക്രമണനിരയാണ് നാപോളിയെ വിജയവഴിയിലെത്തിച്ചത്. 2001ല്‍ റോമ കിരീടം നേടിയശേഷം ഇറ്റലിയിലെ പരമ്പരാഗത സോക്കര്‍ തലസ്ഥാനങ്ങളായ മിലാനും ടൂറിനും തെക്ക് ഒരു ക്ലബ് ലീഗ് നേടുന്നത് ഇതാദ്യമാണ്.
ലുസിയാനോ സ്‌പെല്ലെറ്റിയുടെ വരവോടെയാണ് നാപോളിയുടെ രാശി തെളിഞ്ഞത്. പരമ്പരാഗതമായി പ്രതിരോധത്തിലൂന്നിയുള്ള ഇറ്റാലിയന്‍ കളി ശൈലിയില്‍നിന്ന് വ്യത്യസ്തമായി ആക്രമണ ഫുട്‌ബോളിനാണ് സ്‌പെല്ലെറ്റി മുന്‍ഗണന നല്‍കിയത്. മറ്റൊന്ന്, ഖ്വിച്ച ക്വാരറ്റ്‌സ്‌ഖേലിയ എന്ന വിംഗറിന്റെ സാന്നിധ്യമാണ് നാപോളിക്ക് കരുത്തുപകര്‍ന്നത്. മറഡോണയുടെ പിന്മുറക്കാരനായി നാപോളി വാഴ്ത്തിയ ക്വാരറ്റ്‌സ്‌ഖേലിയയെ 'ക്വാറഡോണ' എന്നാണ് വിളിക്കുന്നത്.
12 ലീഗ് ഗോളും 10 അസിസ്റ്റും നേടി സെൻസേഷനായി മാറിയ വിംഗർക്വാരറ്റ്‌സ്‌ഖേലിയ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടീമിന്റെ നിര്‍ണായക ശക്തികള്‍ എല്ലാം ഒരുമിച്ച് നാപോളിയെ ചരിത്രനേട്ടത്തിന്റെ ചിറകിലേറ്റുകയായിരുന്നു.