ഇസ്രയേല്‍ ദേശീയഗാനസമയത്ത് പുറംതിരിഞ്ഞ് പ്രതിഷേധിച്ച് ഇറ്റലി ആരാധകർ; സംഭവം നേഷൻസ് ലീഗില്‍
യുവേഫ നേഷൻസ് ലീഗില്‍ ഇറ്റലി-ഇസ്രയേല്‍ മത്സരത്തിനിടെ നാടകീയ സംഭവങ്ങള്‍. ഇസ്രയേല്‍ ദേശീയ ഗാനത്തിനിടെ പ്രതിഷേധവുമായി ഇറ്റലി ആരാധകർ. ഇന്ന് പുലർച്ചെ നടന്ന ഇറ്റലി-ഇസ്രയേല്‍ മത്സരത്തിനിടെയായിരുന്നു സംഭവം. ഇസ്രയേലിന്റെ ദേശീയഗാനത്തിനിടെ അമ്പതോളം ഇറ്റലി ആരാധകർ പുറംതിരിഞ്ഞുനിന്നായിരുന്നു പ്രതിഷേധിച്ചത്. 'സ്വാതന്ത്ര്യം' എന്ന് എഴുതിയ ഇറ്റലിയുടെ പതാകയും ആരാധകർ ഉയർത്തിപ്പിടിച്ചിരുന്നു.
ഹമാസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഇസ്രയേലിന്റെ ഹോം മത്സരങ്ങള്‍ ഹംഗറിയിലേക്ക് മാറ്റിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബനും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. സുരക്ഷയെ മുൻനിർത്തി പലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധങ്ങള്‍ നിരോധിച്ച പ്രധാനമന്ത്രിയാണ് ഓർബൻ.
ഇസ്രയേല്‍ ദേശീയഗാനത്തിന്റെ സമയത്ത് പുറംതിരിഞ്ഞ് പ്രതിഷേധിച്ച ഇറ്റലി ആരാധകർ ഇറ്റലിയിലെ ഫാസിസ്റ്റ് വിരുദ്ധ ആക്ടിവിസ്റ്റായ ഇലരിയ സാലിസിനെതിരെയും ചാന്റുകള്‍ മുഴക്കി. ഇറ്റാലിയൻ ദിനംപത്രമായ കൊറിയർ ഡെല്ല സെറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് സാലിസിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.
തീവ്രവലതുപക്ഷ വിഭാഗങ്ങളെ ആക്രമിച്ചുവെന്ന കുറ്റമായിരുന്നു സാലിസിന് മുകളില്‍ ആരോപിക്കപ്പെട്ടത്. ഇറ്റാലിയൻ ഗ്രീൻ ആൻഡ് ലെഫ്റ്റ് അലയൻസിന്റെ യൂറോപ്യൻ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മോചനം.
അതേസമയം, നേഷൻസ് ലീഗില്‍ ഇസ്രയേലിനെ രണ്ടിനെതിരെ ഒരു ഗോളിന് ഇറ്റലി പരാജയപ്പെടുത്തി. ഡേവിഡ് ഫ്രറ്റേസി (38'), മോയിസ് കീൻ (62') എന്നിവരാണ് ഇറ്റലിക്കായി ഗോളുകള്‍ നേടിയത്. 90-ാം മിനുറ്റഇല്‍ മുഹമ്മദ് അബു ഫനിയാണ് ഇസ്രയേലിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. രണ്ട് കളിയില്‍ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്താണ് ഇറ്റലി. രണ്ട് തോല്‍വിയോടെ ഇസ്രയേല്‍ അവസാന സ്ഥാനത്താണ്.