വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ദക്ഷിണാഫ്രിക്ക പുറത്ത്, ഹോളണ്ട്-സ്‌പെയിന്‍ ക്വാര്‍ട്ടര്‍
ഒമ്പതാമത് ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ നിലവിലെ റണ്ണറപ്പുകളായ ഹോളണ്ട് ക്വാര്‍ട്ടറില്‍. ഓസ്‌ട്രേലിയയിലെ ഓവലില്‍ ഇന്നു നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തായിരുന്നു ഓറഞ്ച് പടയുടെ മുന്നേറ്റം. എതിരില്ലാത്ത രണ്ടൃ ഗോളുകള്‍ക്കാണ് അവര്‍ ആഫ്രിക്കന്‍ ടീമിനെ തകര്‍ത്തുവിട്ടത്.
ഓവലിലെ അലയന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഇരുപകുതികളിലുമായി ജില്‍ റൂര്‍ഡും ലിനെത് ബിരെന്‍സ്‌റ്റെയ്‌നുമാണ് അവരുടെ ഗോളുകള്‍ നേടിയത്. 40,000-ത്തോളം കാണികള്‍ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു ഹോളണ്ടിന്റേത്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ ഹോളണ്ട് ലീഡ് നേടിയിരുന്നു. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജില്‍ റൂഡാണ് ഡച്ച് ടീമിനായി ആദ്യം ലക്ഷ്യം കണ്ടത്. ഫിഫ റാങ്കിങ്ങില്‍ തങ്ങളെക്കാള്‍ 45 സ്ഥാനം പിന്നിലുള്ള ടീമിനെതിരേ തുടക്കത്തിലേ ലീഡ് നേടിയ ശേഷം പിന്നീട് പന്ത് കൈവശം വച്ചു കളിക്കുന്ന തന്ത്രമാണ് ഹോളണ്ട് പയറ്റിയത്.
ആദ്യപകുതിയില്‍ ഈ ഗോളിന്റെ ലീഡ് നിലനിര്‍ത്തിയ അവര്‍ക്കായി രണ്ടാം പകുതിയില്‍ 68-ാം മിനിറ്റില്‍ ബിരെന്‍സ്‌റ്റെയ്‌നാണ് ലീഡ് ഇരട്ടിയാക്കിയത്. ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ യെ്‌ലിന്‍ സ്വാര്‍ട്ടിന്റെ പിഴവ് മുതലെടുത്തായിരുന്നു ബിരെന്‍സ്‌റ്റെയ്‌ന്റെ സ്‌കോറിങ്. രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയ ഹോളണ്ട് പിന്നീട് അധികം ആക്രമണങ്ങള്‍ക്ക് തുനിഞ്ഞില്ല.
അതേസമയം ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ ഏതുവിധേനെയും തിരിച്ചടിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. എന്നാല്‍ സ്പാനിഷ് പ്രതിരോധം വഴങ്ങിയില്ല. മത്സരത്തിന്റെ ആദ്യ പകുതിയിലും ദക്ഷിണാഫ്രിക്ക നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും സ്പാനിഷ് പ്രതിരോധത്തെ കീഴടക്കാനായില്ല. ക്വാര്‍ട്ടറില്‍ സ്‌പെയിനിനെയാണ് ഹോളണ്ട് നേരിടുക.