'എംഎല്‍എസിനെക്കാള്‍ മികച്ചത് പ്രോ ലീഗ്'; മെസിക്കെതിരേ പരോക്ഷ പരിഹാസവുമായി ക്രിസ്റ്റിയാനോ
അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ ലീഗ് സോക്കര്‍(എംഎൽഎസ്) ക്ലബ് ഇന്റർ മിയാമിയിൽ ചേർന്നതിന് പിന്നാലെ പരിഹാസ പരാമർശവുമായി പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എംഎൽഎസിനേക്കാള്‍ മികച്ചത് സൗദി പ്രോ ലീഗാണെന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ പരാമർശം. മാത്രമല്ല അടുത്തയിടെ യൂറോപ്യൻ ഫുട്ബോളിന്റെ നിലവാരം നഷ്ടപ്പെട്ടെന്നും ഇനി ഒരിക്കലും യൂറോപ്പിലേക്ക് തിരിച്ചുവരില്ലെന്നും റൊണാൾഡോ പറഞ്ഞു.
"കടുത്ത നിലവാര തകർച്ചയിലൂടെയാണ് യൂറോപ്യൻ ഫുട്ബോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരു യൂറോപ്യൻ ക്ലബിലേക്കും ഞാൻ ഇനി തിരിച്ചു വരുകയില്ല. ആ കാര്യത്തിൽ എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. പ്രീമിയർ ലീഗിന് മാത്രമാണ് മികച്ച നിലവാരവുമുള്ളത്, നിലവിൽ മറ്റെല്ലാ ലീഗിനേക്കാളും മുൻപന്തിയിൽ നിൽക്കുന്നത് അവർ മാത്രമാണ്"
സൗദി ലീഗിലേക്ക് വന്നപ്പോൾ പലരും വിമർശിച്ചതായും എന്നാൽ ആ തീരുമാനം ശെരിയായിരുന്നു എന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായെന്നും റൊണാൾഡോ പറഞ്ഞു. "സൗദി ലീഗിലേക്ക് വന്നതിന് എല്ലാവരും എന്നെ എത്രയോ വിമർശിച്ചു. ക്ലബിൽ ചേരാനുള്ള എന്റെ തീരുമാനം ശരിയായിരുന്നു എന്ന് എല്ലാവർക്കും ഇപ്പോൾ ബോധ്യമായിക്കാണും. സൗദിയുടെ പ്രോ ലീഗ്, യുഎസിന്റെ മേജർ ലീഗ് സോക്കറിനെക്കാൾ എത്രയോ മികച്ചതാണ്. ഇപ്പോൾ എല്ലാ കളിക്കാരും സൗദി ലീഗിലേയ്ക്ക് വന്ന കൊണ്ടിരിക്കുകയാണ്. അത് ക്ലബ് മികച്ചതായത് കൊണ്ട് മാത്രമാണ്. ഒരു വർഷത്തിനുള്ളിൽ ഇനിയും നിരവധി കളിക്കാർ സൗദി ടീമിലേയ്ക്ക് കടന്നു വരും. വരുന്ന ഒരു വർഷത്തിനുള്ളിൽ ടർക്കിഷ് ലീഗിനെയും ഡച്ച് ലീഗിനെയും മറികടക്കാൻ സൗദി ലീഗിന് സാധിക്കുമെന്നാണ് എന്റെ വിശ്വാസം", റൊണാൾഡോ പറഞ്ഞു.
കരിം ബെൻസെമ, മാർസെലോ ബ്രോസോവിച്ച്, എന്‍ഗോളോ കാന്റെ, റോബർട്ടോ ഫിർമിനോ, എഡ്വാർഡ് മെൻഡി, കലിഡൗ കൗലിബാലി തുടങ്ങി നിരവധി താരങ്ങളാണ് ക്രിസ്റ്റിയാനോയുടെ പാത പിന്തുടർന്ന് സൗദി പ്രോ ലീഗിൽ എത്തിയത്. രണ്ടര വർഷത്തെ കരാറിൽ കഴിഞ്ഞ ഡിസംബറിലാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബായ അൽ നസറിൽ ചേർന്നത്.