ഔദ്യോഗിക കരാറായി; നെയ്മര്‍ ഇനി സൗദിയില്‍ പന്ത് തട്ടും

ഔദ്യോഗിക കരാറായി; നെയ്മര്‍ ഇനി സൗദിയില്‍ പന്ത് തട്ടും

160 ദശ ലക്ഷം യൂറോ(ഏകദേശം 1,451 കോടി രൂപ)യാണ് അല്‍ഹിലാല്‍ നെയ്മറിനു നല്‍കുന്ന പ്രതിഫലം
Updated on
1 min read

അഭ്യൂഹങ്ങള്‍ സത്യമായി. ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ ജൂനിയര്‍ ഇനി സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലില്‍. ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട് സൗദി ക്ലബുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ ഒപ്പിട്ടത്. 160 ദശ ലക്ഷം യൂറോ(ഏകദേശം 1,451 കോടി രൂപ)യാണ് അല്‍ഹിലാല്‍ നെയ്മറിനു നല്‍കുന്ന പ്രതിഫലം.

2017ലാണ് റെക്കോര്‍ഡ് തുക നല്‍കി പിഎസ്ജി ബാഴ്‌സയില്‍ നിന്ന് നെയ്മറെ വിലക്കെടുത്തത്. 112 മത്സരങ്ങളിലായി ക്ലബിനു വേണ്ടി 82 ഗോളുകളാണ് താരം നേടിയത്. തുടര്‍ച്ചയായുള്ള പരുക്കും മോശം ഫോമും കാരണം നെയ്മറിനെ നിലനിര്‍ത്തേണ്ടെന്ന് പിഎസ്ജി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് അല്‍ ഹിലാലിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം.

നെയ്മറിന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയും അല്‍ ഹിലാലുമാണ് താരത്തെ സൈന്‍ ചെയ്യാന്‍ മുന്‍ നിരയിലുണ്ടായിരുന്നത്. അതേ സമയം അമേരിക്കന്‍ ലീഗായ എംഎല്‍എസില്‍ നിന്നും നെയ്മറെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.

നെയ്മര്‍ക്ക് പിന്നാലെ ഫുള്‍ഹാമില്‍ നിന്ന് സൂപ്പര്‍ താരം അലക്‌സാണ്ടര്‍ മിട്രോവിച്ചിനെയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അല്‍ ഹിലാല്‍. നിലവില്‍ റൂബന്‍ നെവസ്, കലിദോ കൗലിബാലി തുടങ്ങിയ വമ്പന്‍ താര നിരയും അല്‍ ഹിലാലില്‍ കളിക്കുന്നുണ്ട്. നെയ്മര്‍ കൂടിയെത്തിയതോടെ ലോകത്തിലെ തന്നെ ഉയര്‍ന്ന താര മൂല്യമുള്ള ടീമായി അല്‍ ഹിലാല്‍ മാറിയിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in