ISL|കളം പിടിക്കാൻ ജംഷഡ്‌പൂരും ഒഡിഷയും
ഐഎസ്എല്ലിന്റെ ആറാം മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സി ഇന്ന് ഒഡിഷ എഫ്‌സിയെ നേരിടും. ജംഷഡ്‌പൂരിന്റെ മൈതാനമായ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വൈകിട്ട് 7 30നാണ് മത്സരം.
കഴിഞ്ഞ തവണ ഐഎസ്എൽ ഷീൽഡ് ചാമ്പ്യന്മാരായ ജംഷഡ്‌പൂർ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. മുൻ വർഷങ്ങളിൽ ഷീൽഡ് ജേതാക്കളായതൊഴിച്ചാൽ പറയത്തക്ക മേന്മകളൊന്നും അവകാശപ്പെടാനില്ല ജംഷഡ്‌പൂർ എഫ്‌സിക്ക്. കഴിഞ്ഞ രണ്ട് വർഷം ടീമിനെ പരിശീലിപ്പിച്ച ഓവൻ കോയലിന്റെയും കഴിഞ്ഞ വർഷം ടീമിന്റെ സ്റ്റാർ പ്ലേയേറായിരുന്ന ഗ്രെഗ് സ്റ്റുവര്‍ട്ടിന്റെയും അഭാവം എങ്ങനെ ബാധിക്കുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള അഡ്രിയാൻ നീൽ ബൂത്രോയ്ഡാണ് ടീമിന്റെ പുതിയ പരിശീലകൻ.
കഴിഞ്ഞ വർഷം 20 മത്സരങ്ങളിൽ ആറ് വിജയം മാത്രം നേടി ഏഴാം സ്ഥാനത്തായിരുന്നു ഒഡിഷ എഫ്‌സി. ഇത്തവണ നല്ല പ്രകടനത്തോടെ പ്ലേയോഫിന് യോഗ്യത ഉറപ്പിക്കാനും അവർ ശ്രമിക്കുക. ഇതിനായി 2019-20 ടീമിനെ പരിശീലിപ്പിച്ച ജോസഫ് ഗോംബൗവിന് തിരികെ പരിശീലകകുപ്പായത്തിൽ കൊണ്ട് വന്നിട്ടുണ്ട് അവർ. ടീമിൽ വൻ അഴിച്ചുപണികൾ നടത്തിയ മാനേജ്മെന്റ് ഗോൾകീപ്പിങ് മുതൽ മുന്നേറ്റം വരെ എല്ലാ ഡിപ്പാർട്മെന്റുകളിലും വൻ മാറ്റങ്ങളാണ് നടത്തിയിട്ടുള്ളത്.
നിലവിൽ എല്ലാ കളിക്കാരും പൂർണ ആരോഗ്യവാന്മാരാണെന്നും, ടീം തിരഞ്ഞെടുപ്പിന് എല്ലാവരും യോഗ്യരാണെന്നും ഇരു പരിശീലകരും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.