പെലെ
പെലെ

മരുന്നുകളോട് പ്രതികരിക്കുന്നില്ല; പെലെയെ പാലിയേറ്റീവ് കെയറിലേക്കു മാറ്റി

ചികിത്സയിലിരിക്കെ താരത്തിന് ശ്വാസകോശ അണുബാധ ഉണ്ടായെന്നും കീമോതെറാപ്പി ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട്
Updated on
1 min read

ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ നില അതീവഗുരുതരം. ചികിത്സയിലിരിക്കെ താരത്തിന് ശ്വാസകോശ അണുബാധ സ്ഥിരീകരിക്കുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും കീമോതെറാപ്പി ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പെലെ വെന്റിലേറ്ററിലാണെന്നും വേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നതെന്നും പ്രമുഖ ബ്രസീലിയന്‍ പത്രമായ ഫോള്‍ഹ ഡി എസ് പൗലോ റിപ്പോര്‍ട്ട് ചെയ്തു. 82 കാരനായ പെലെയെ കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വെള്ളിയാഴ്ച പുറത്തുവിട്ട ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു.

2021 സെപ്റ്റംബറില്‍ താരത്തിന് വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്തിരുന്നു.താന്‍ ആശുപത്രിയിലാണെന്നും തനിക്ക് ലഭിച്ച നല്ല സന്ദേശങ്ങള്‍ക്ക് നന്ദിയുണ്ടെന്നും പെലെ വ്യാഴാഴ്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതോടെ താരം സുഖം പ്രാപച്ചു തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ആരോഗനില വഷളായത്.

പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മകളാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. കുറച്ചു നാളുകളായി അസുഖബാധിതനായ അദ്ദേഹത്തെ ഇത്തവണ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ബ്രസീലിനായി മൂന്നു ലോകകപ്പ് കിരീടങ്ങള്‍ നേടിയിട്ടുള്ള പെലെയെ ഫിഫ 20-ാം നൂറ്റാണ്ടിന്റെ താരമായും തെരഞ്ഞെടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in