പെനാല്‍റ്റി വിവാദം: യുണൈറ്റഡ്-വോള്‍വ്സ് മത്സരം നിയന്ത്രിച്ച റഫറിമാര്‍ക്ക് വിലക്ക്
ഇംഗ്ലീഷ് പ്രിമിയർ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ വോള്‍വ്‌സിന് പെനാല്‍റ്റി അനുവദിക്കാതിരുന്ന വിവാദത്തെത്തുടര്‍ന്ന് മത്സരം നിയന്ത്രിച്ച മൂന്നു റഫറിമാര്‍ക്ക് വിലക്ക്. റഫറി സൈമണ്‍ ഹൂപ്പര്‍, വാര്‍ റഫറി മിഷേല്‍ സാലിസ്ബറി, അസി.വാര്‍ റഫറി റിച്ചാര്‍ഡ് എന്നിവരെയാണ് ഈ വാരാന്ത്യത്തിലെ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്ന് വിലക്കിയത്.
യുണൈറ്റഡ് ഗോളി ഒനാന, വോള്‍വ്‌സ് സ്‌ട്രൈക്കര്‍ സാസ കലാസിച്ചിനെ ഫൗള്‍ ചെയ്യുകയായിരുന്നു.
മത്സരത്തില്‍ റാഫേല്‍ വരാനെ നേടിയ ഗോളില്‍ യുണൈറ്റഡ് വോള്‍വ്‌സിനെ 1-0ന് പരായജപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം വോള്‍വ്‌സ് താരങ്ങള്‍ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി സാധ്യത ഉണ്ടായെങ്കിലും അത് നിഷേധിക്കപ്പെടുകയായിരുന്നു. ഒരു ക്രോസ് തടുക്കാന്‍ ശ്രമിക്കവേ യുണൈറ്റഡ് ഗോളി ആന്ദ്രെ ഒനാന, വോള്‍വ്‌സ് സ്‌ട്രൈക്കര്‍ സാസ കലാസിച്ചിനെ ഫൗള്‍ ചെയ്യുകയായിരുന്നു. വോള്‍വ്‌സ് താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. പിന്നീട് വാര്‍ പരിശോധിച്ച ശേഷവും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു.
ഒനാനയുടെ കൈയ്യില്‍ പന്തില്ലായിരുന്നു എന്നും കൂടാതെ രണ്ട് വോള്‍വ്‌സ് താരങ്ങളുമായി കൂട്ടിയിടിച്ചിട്ടുണ്ടെന്നും വീഡിയോ പരിശോധിച്ചപ്പോള്‍ വ്യക്തമായി. വോള്‍വ്‌സ് താരങ്ങളുടെ പ്രതിഷേധത്തെ വകവയ്ക്കാതെ റഫറി ഹൂപ്പര്‍ പെനാല്‍റ്റി നിഷേധിച്ചു. വാറിലും പെനാല്‍റ്റി നല്‍കിയില്ല. ഇതോടെ വോള്‍വ്‌സിന്റെ അവസരം നിഷേധിക്കപ്പെടുകയായിരുന്നു.
മത്സരത്തിനു ശേഷം സന്ദര്‍ശകര്‍ പെനാല്‍റ്റിക്ക് അര്‍ഹരായിരുന്നു എന്ന് പ്രീമിയര്‍ ലീഗ് എലൈറ്റ് ഗ്രൂപ്പ് മാനേജര്‍ ജോണ്‍ മോസ് സമ്മതിച്ചതായി വോള്‍വ്‌സ് മാനേജര്‍ ഗാരി ഒ നെയ്ല്‍ പറഞ്ഞു. ''ജോണ്‍ മോസ് നേരിട്ട് വന്ന് ക്ഷമ ചോദിച്ചിരുന്നു. ഞങ്ങള്‍ കൃത്യമായി പെനാല്‍റ്റി നല്‍കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു'' ഗാരി വ്യക്തമാക്കി.