'ഫെർഗുസണോ വെങ്ങറോ ആകാനില്ല'; നിലപാട് വ്യക്തമാക്കി പെപ് ഗ്വാര്‍ഡിയോള
മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായി എത്ര കാലം തുടരുമെന്നതിൽ നിർണായക വെളിപ്പെടുത്തലുമായി സ്പാനിഷ് പരിശീലകൻ പെപ് ഗ്വാര്‍ഡിയോള. ആറ് വർഷമായി ടീമിനെ പരിശീലിപ്പിക്കുന്ന ഗ്വാര്‍ഡിയോള ഫുട്ബോളിലെ വിഖ്യാത പരിശീലകരായ സർ അലക്സ് ഫെർഗുസണെയോ ആഴ്‌സൻ വെങ്ങറെ പോലെയോ ദീർഘകാലം ഒരേ ടീമിൽ പരിശീലകനായി തുടരില്ലെന്ന് വ്യക്തമാക്കി. ക്ലബിന് യോജിച്ച ആളല്ല താനെന്ന് എപ്പോൾ തോന്നുന്നുവോ അപ്പോൾ ടീം വിടാനാണ് ഗ്വാര്‍ഡിയോളയുടെ തീരുമാനം.
നിലവിൽ 2025 വരെ ഗ്വാര്‍ഡിയോളയ്ക്ക് മാഞ്ചസ്റ്റർ സിറ്റിയുമായി കരാറുണ്ട്. നവംബറിലാണ് ഏറ്റവും ഒടുവിലായി അദ്ദേഹം കരാർ പുതുക്കിയത്. "എന്റെ നേതൃത്വത്തിൽ ടീമിന് മുന്നേറാൻ സാധിക്കുമെന്ന വിശ്വാസമുള്ളതിനാലാണ് കരാർ പുതുക്കിയത്. എന്നാൽ രണ്ട് കൂട്ടർക്കും മടുത്താൽ കരാർ അവസാനിക്കുന്നതുവരെ ഞാൻ കാത്തിരിക്കില്ല" ഗ്വാര്‍ഡിയോള പറഞ്ഞു.
അമ്പത്തിയൊന്നുകാരനായ പെപ് ഗ്വാര്‍ഡിയോള 2016ലാണ് പ്രീമിയർ ലീഗ് ടീമിന്റെ പരിശീലകനായി എത്തിയത്. ചുമതല ഏറ്റെടുത്തതിന് ശേഷം സ്ഥിരതയാർന്ന പ്രകടനമാണ് ക്ലബ് ഫുട്ബോളിൽ ടീം പുറത്തെടുക്കുന്നത്. ഇതിനോടകം നാല് തവണ പ്രീമിയർ ലീഗും, ഇംഗ്ലീഷ് ഫുട്ബോൾ ലീഗും നേടിയ സിറ്റി, രണ്ട് തവണ കമ്മ്യൂണിറ്റി ഷീല്‍ഡും ഒരു തവണ എഫ് എ കപ്പും സ്വന്തമാക്കി. പക്ഷെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ടീമിന് നേടിക്കൊടുക്കാൻ ഇതുവരെ ഗ്വാര്‍ഡിയോളക്കായിട്ടില്ല. 2021 സീസണിൽ ഫൈനലിൽ എത്തിയെങ്കിലും ചെൽസിയോട് പരാജയപ്പെടുകയായിരുന്നു.
നടപ്പ് സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനാറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 16 മത്സരങ്ങളില്‍ നിന്ന് 11 ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 36 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് എവർട്ടണിനോട് സമനില വഴങ്ങിയിരുന്നു.