പറങ്കികളുടെ പെര്‍ഫെക്റ്റ് പെപെ
മൈതാനത്തേക്ക് ചുവടുവെക്കുമ്പോള്‍ അയാള്‍ക്കൊരു യോദ്ധാവിന്റെ മുഖമാണ്. മൈതാനം അയാള്‍ക്ക് യുദ്ധഭൂമിയാണ്, പോരാട്ടം വിജയത്തിന് വേണ്ടി മാത്രവും. അതിനായി ആവശ്യമുള്ളതെല്ലാം ചെയ്യും, അതിത്തിരി കടുത്തുപോയെന്ന് കാണുന്നവർക്ക് തോന്നിയേക്കാം. പക്ഷേ, ശൈലിമാറ്റാൻ തയ്യാറല്ല. പോർച്ചുഗലും പോർട്ടോയും റയലുമൊക്കെ പല ജയങ്ങളും ആസ്വദിച്ചത് അയാളുടെ ത്യാഗത്തിന്റെ ചുവടുപറ്റിയായിരുന്നു. കെപ്ലർ ലാവരൻ ഡെ ലിമ ഫെരെയ്‌ര എന്ന പെപെ.
യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലില്‍ ഫ്രാൻസിനോട് പരാജയപ്പെട്ട് പോർച്ചുഗല്‍ പുറത്തായ നിമിഷം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ തോളിലേക്ക് തലകള്‍ ചായ്ച്ച് വിങ്ങിപ്പൊട്ടുകയായിരുന്നു പെപെ. ക്യാമറ കണ്ണുകള്‍ക്ക് മുഖം കൊടുത്തില്ല. പ്രായത്തെ കാഴ്ചക്കാരനാക്കി ടൂർണമെന്റിലുടനീളം പുറത്തെടുത്ത അസാധാരണമായ പ്രകടനങ്ങള്‍ അർഥമില്ലാതായിപ്പോയതിന്റെ വേദന അയാളിലുണ്ടായിരുന്നു.
കാരണം, ഫുട്ബോള്‍ ജീവശ്വാസം പോലെ കൊണ്ടുനടക്കുന്ന ബ്രസീലിലെ മാസിയോയില്‍ ജനിച്ച പെപെ പലതിനോടും പടവെട്ടിയാണ് ലോകഫുട്ബോളിന്റെ മുൻനിരയിലേക്ക് എത്തിയത്. പെപെയെ ഒരു ശാസ്ത്രജ്ഞനാക്കണമെന്നായിരുന്നു പിതാവ് ഫെരേരയുടെ ആഗ്രഹം. പേരില്‍ നിന്ന് തന്നെ തുടങ്ങാം. പേരിലെ കെപ്ലർ വന്നത് ജെർമൻ അസ്ട്രോണമർ ജോഹന്നാസ് കെപ്ലറില്‍ നിന്ന്. ലാവരൻ, ഫ്രഞ്ച് ഫിസിഷ്യനായ ചാള്‍സ് ലൂയിസ് അല്‍ഫോൻസ് ലാവരനില്‍ നിന്നു.
ഫെരേരയുടെ ആഗ്രഹമായിരുന്നില്ല സാക്ഷാത്കരിക്കപ്പെട്ടത്. മകൻ ലാബിലേക്ക് പോകുന്നത് സ്വപ്നം കണ്ടെങ്കില്‍ യാഥാർഥ്യം മറ്റൊന്നായിരുന്നു. ബ്രസീലിലെ കളിമൈതാനങ്ങളില്‍ അവനും കാഴ്ചക്കാരുണ്ടായി. യൂറോപ്പിലേക്കുള്ള ചുവടുമാറ്റവും യാദൃച്ഛികമായിട്ടായിരുന്നു. ഒരു സ്ട്രൈക്കറെ തേടി പോർച്ചുഗല്‍ ക്ലബ്ബ് മരിറ്റിമോ പെപെ ഭാഗമായ കോറിന്ത്യാൻസിന്റെ പരിശീലനം കാണാനെത്തി. മരിറ്റിമോ നോട്ടമിട്ട സ്ട്രൈക്കറെ മാർക്ക് ചെയ്യാനുള്ള നിയോഗം പെപെയ്ക്കായിരുന്നു.
ക്ലബ്ബിന്റെ മുന്നോട്ട് പോക്കിന് ആ ട്രാൻസ്ഫർ അനിവാര്യമായിരുന്നു. അതുകൊണ്ട് തന്നെ കോറിന്ത്യാൻസിന്റെ പ്രസിഡന്റ്, പെപെയോട് ക്ഷമ കാണിക്കണമെന്ന ഉപദേശവും നല്‍കി. പക്ഷേ, തങ്ങള്‍ തേടിയെത്തിയ സ്ട്രൈക്കറിന്റെ കാലുകളില്‍ നിന്ന് അനായാസം പന്തുതട്ടിയെടുക്കുന്ന പെപെയുടെ വൈഭവത്തില്‍ മരിറ്റിമോയുടെ പ്രസിഡന്റും പരിശീലകനും അത്ഭുതപ്പെട്ടു. അനുസരണ കാണിക്കാത്തതിന് പഴികേള്‍ക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ച പെപെയെ തേടിയെത്തിയത്, യൂറോപ്പിലേക്ക് പോരുമോയെന്ന ചോദ്യമായിരുന്നു.
പോർച്ചുഗലില്‍ കാലുകുത്തുമ്പോള്‍ അഞ്ച് യൂറോ മാത്രമായിരുന്നു പെപെയുടെ പോക്കറ്റിലുണ്ടായിരുന്നത്. ഭക്ഷണത്തിനും അമ്മയെ വിളിക്കാനും. പിന്നീട് മാരിറ്റിമോയില്‍ മൂന്ന് മാസം, ശേഷം പോർട്ടോയിലേക്ക്. അവിടെയാണ് പെപെയെന്ന പ്രതിരോധ താരത്തിന്റെ വളർച്ചയുടെ തുടക്കം. സമ്മർദം മാത്രമല്ല, ഉത്തരവാദിത്തവുമുണ്ടായിരുന്നു. സെന്റർ ബാക്കായുള്ള പോർട്ടൊക്കാലം പോലെയായിരുന്നില്ല സ്പെയിനില്‍.
ലാ ലിഗ, സെന്റർബാക്കുകളുടെ ശവപ്പറമ്പ് എന്നറിയപ്പെട്ടിരുന്ന കാലത്താണ് റയലിലേക്ക് പെപെ എത്തുന്നത്. പാകൊ പാവോണ്‍, റൗള്‍ ബ്രാവൊ, വാള്‍ട്ടർ സാമുവല്‍, ജോനാഥൻ വുഡ്ഗേറ്റ് എന്നിവർ പരാജയപ്പെട്ടിടത്തായിരുന്നു പെപെയ്ക്ക് ഉയരേണ്ടിയിരുന്നത്. സ്പെയിനിലെ ആദ്യ 30 മിനുറ്റില്‍ തന്നെ പെപെയ്ക്ക് കാര്യങ്ങള്‍ വ്യക്തമായി. വണ്‍ ഓണ്‍ വണ്‍ സാഹചര്യങ്ങളില്‍ സഹായത്തിന് പോലും ഒപ്പമോടിയെത്താൻ ആരുമുണ്ടായില്ല. പെപെയ്ക്ക് നല്‍കിയ 30 മില്യണ്‍ യൂറോ പോലും ചോദ്യം ചെയ്യപ്പെട്ടു.
പെപെ സാവധാനം ടീമിലേക്ക് ഇഴുകിച്ചേർന്നു. മാഡ്രിഡിന്റെ പ്രതിരോധ വീഴ്‌ചകള്‍ കുറഞ്ഞു തുടങ്ങി. പെപെയെ ആദ്യമായി സ്പെയിൻ അംഗീകരിക്കുന്നത് ക്യാമ്പ് നൗവില്‍ നടന്ന എല്‍ ക്ലാസിക്കോയിലൂടെയാണ്. അന്ന് റയല്‍ ഒരു ഗോളിന് ബാഴ്‌സയെ കീഴടക്കി. റൊണാള്‍ഡിഞ്ഞ്യോയെ ഒറ്റയ്ക്ക് പിടിച്ചുകെട്ടിയ പെപെയായിരുന്നു റയലിന് ജയം സമ്മാനിച്ചത്. ഈ മത്സരത്തോടെ പെപെയായി റയല്‍ പ്രതിരോധത്തിന്റെ നായകൻ, ഒപ്പം സെർജിയോ റാമോസും ചേർന്നു.
പിന്നീട് കസിയസിന് മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ത്തു പെപെയും റാമോസും. ശരീരവും മനസും മുഴുവനായും അർപ്പിച്ചായിരുന്നു പ്രതിരോധം. ചാവേറാകാനും തയ്യാർ. അത്തരം നീക്കങ്ങളില്‍ പലപ്പോഴും പെപെയ്ക്ക് കളത്തിന് പുറത്തുപോകേണ്ടി വന്നു. മെസിയുടെ കയ്യില്‍ ചവിട്ടിയതും, സഹതാരം അർബിയോളെയെ തള്ളിയതും, ഗെറ്റാഫെ താരം കാസ്‌ക്വരോയെ തൊഴിച്ചതുമെല്ലാം പെപെയ്ക്ക് വെറുക്കപ്പെട്ടവനെന്ന ഖ്യാതി മാത്രമാണ് നേടിക്കൊടുത്തത്.
കാസ്ക്വരോയെ തൊഴിച്ചതിന് കോപം നിയന്ത്രിക്കുന്നതിനുള്ള കൗണ്‍സിലിങ്ങിന് വിധേയനാകേണ്ടി വന്നു പെപെയ്ക്ക്. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട താരമെന്ന് ആരാധകർ പെപെയെ വിളിച്ചു. പക്ഷേ, അയാള്‍ കളത്തില്‍ നല്‍കുന്ന ഇംപാക്ട് പകരംവെക്കാനാകാത്ത ഒന്നായിരുന്നു. അതുകൊണ്ട് കളത്തില്‍ പെരുമാറ്റത്തില്‍ പെപെയെ കൈവിടാൻ ആരും തയാറായില്ല. അയാളിലൂടെ പലവിജയങ്ങളും മാഡ്രിഡും പോർട്ടോയും പോർച്ചുഗലും പിന്നീട് നേടി.
ഞാൻ ഒരു ചലഞ്ചിനായി തയാറെടുക്കുമ്പോള്‍, എതിരാളികളെ കാത്തു നില്‍ക്കാറില്ല. എന്റെ ലക്ഷ്യം പന്തു നേടുക എന്നത് മാത്രമാണ്. ആ ശ്രമത്തില്‍ എതിരാളി ഞാനുമായി കൂട്ടിയിടിച്ചാല്‍ അതെന്റെ പ്രശ്നമല്ല. ഞാൻ അദൃശ്യനായ വ്യക്തിയൊന്നുമല്ല. ഞാന്‍ എന്തുവിലകൊടുത്തും പന്തുനേടും, പിന്നീട് സംഭവിക്കുന്നതൊന്നും ഒഴിവാക്കാനാകുന്നതല്ല. പെപെയുടെ വാക്കുകളാണിത്.
ഫ്രാൻസിനെതിരെ 90-ാം മിനുറ്റില്‍ 26കാരനായ മാർക്കസ് തുറാമിനൊപ്പമോടി പന്ത് ക്ലിയർ ചെയ്ത ശേഷം ആക്രോശിക്കുന്ന പെപെ, വയസ് 41, This is what he brings to the table.