പോര്‍ചുഗല്‍ പുറത്താക്കിയ സാന്റോസ് ഇനി പോളണ്ടില്‍
ഖത്തറില്‍ നടന്ന 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ സെമിഫൈനല്‍ കാണാതെ പുറത്തായതിനെത്തുടര്‍ പോര്‍ചുഗല്‍ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കാപ്പെട്ട ഫെര്‍ണാണ്ടോ സാന്റോസിനെ കൈനീട്ടി സ്വീകരിച്ച് പോളണ്ട്. സാന്റോസിനെ ദേശീയ ടീമിന്റെ പരിശീലകനായി നിയമിച്ചുവെന്ന് ഇന്നലെ പോളിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
68-കാരനായ സാന്റോസ് ഇതോടെ പോളണ്ടിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ വിദേശ പരിശീലകനായി. ലിയോ ബീന്‍ഹാക്കര്‍, പൗളോ സോസ എന്നിവരാണ് പോളണ്ടിനെ പരിശീലിപ്പിച്ച വിദേശ പരിശീലകര്‍.
ലോക ഫുട്‌ബോളിലെ നിലവിലെ ഇതിഹാസ താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പരിശീലിപ്പിച്ച അനുഭവസമ്പത്തുമായാണ് സാന്റോസ് പോളണ്ടിലേക്ക് എത്തുന്നത്. ഖത്തറില്‍ നടന്ന ലോകകപ്പിന്റെ നോക്കൗട്ട് മത്സരങ്ങളില്‍ ക്രിസ്റ്റിയാനോയെ ആദ്യ ഇലവനില്‍ ഇറക്കാതെ ബെഞ്ചിലിരുത്തിയ സാന്റോസിന്റെ നടപടി ഏറെ വിവാദമായിരുന്നു.
നീണ്ട എട്ടുവര്‍ഷം പോര്‍ചുഗലിനെ പരിശീലിപ്പിച്ചയാളാണ് സാന്റോസ്. 2016-ല്‍ പോര്‍ചുഗല്‍ യൂറോ ചാമ്പ്യന്മാരായതു സാന്റോസിന്റെ ശിക്ഷണത്തിലാണ്. പിന്നീട് സാന്റോസിനു കീഴില്‍ 2019-ലെ പ്രഥമ നേഷന്‍സ് ലീഗ് കിരീടത്തില്‍ പറങ്കിപ്പട മുത്തമിട്ടതും സാന്റോസിന്റെ ശിക്ഷണത്തിലാണ്. പോര്‍ചുഗല്‍ ടീമിന്റെ ചുമതലയേല്‍ക്കുന്നതിനു മുമ്പ് ഗ്രീസിന്റെ പരിശീലകനായിരുന്നു സാന്റോസ്.