വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: മൊറോക്കോയ്‌ക്കെതിരേ ജര്‍മനിയുടെ ആറാട്ട്
ഒമ്പതാമത് ഫിഫ വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ കരുത്തരായ ജര്‍മനിയ്ക്ക് തകര്‍പ്പന്‍ തുടക്കം. ഇന്ന് മെല്‍ബണിലെ റെക്ടാംഗുലര്‍ സ്‌റ്റേഡിയത്തില്‍ നടന്ന തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരേ ജര്‍മനിയുടെ ഗോള്‍ വര്‍ഷം. മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് അവര്‍ ആഫ്രിക്കന്‍ ടീമിനെ തുരത്തിയത്.
സ്‌ട്രൈക്കര്‍ അലക്‌സാന്‍ഡ്ര പോപ്പ് നേടിയ ഇരട്ടഗോളുകളും മൊറോക്കോ വഴങ്ങിയ ഇരട്ട സെല്‍ഫ് ഗോളുകളുമാണ് ജര്‍മനിക്ക് വമ്പന്‍ ജയമൊരുക്കിയത്. ക്ലാരാ ബ്യൂള്‍, ലീ ഷ്യൂളര്‍ എന്നിവരാണ് ജര്‍മനിയുടെ മറ്റു രണ്ടു ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ അവര്‍ രണ്ടു ഗോളുകള്‍ക്കു മുന്നിലായിരുന്നു.
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ ജര്‍മനി ഗോള്‍ വേട്ട ആരംഭിച്ചിരുന്നു. കാതറിന്‍ ഹെന്‍ഡ്രിച്ച് ബോക്‌സിനുള്ളിലേക്ക് പായിച്ച ഒരു ലോ ക്രോസില്‍ തലവച്ച് പോപ്പാണ് ജര്‍മനിയുടെ അക്കൗണ്ട് തുറന്നത്. ലീഡ് വഴങ്ങിയതോടെ പ്രതിരോധം കടുപ്പിച്ച മൊറോക്കോ പിന്നീട് ജര്‍മന്‍ താരങ്ങളുടെ മുന്നേറ്റം മുളയിലേ നുള്ളാനാണ് ശ്രമിച്ചത്.
ആദ്യപകുതിയില്‍ ഏറെക്കുറേ അതില്‍ മൊറോക്കന്‍ താരങ്ങള്‍ അതില്‍ വിജയിക്കുകയും ചെയ്തു. എന്നാഇ 39-ാം മിനിറ്റില്‍ മൊറോക്കന്‍ പ്രതിരോധം തകര്‍ത്ത് പോപ്പ് വീണ്ടും ലക്ഷ്യം കണ്ടു. ക്ലാരാ ബ്യൂള്‍ നല്‍കിയ ക്രോസില്‍ നിന്ന് മറ്റൊരു ഹെഡ്ഡറിലൂടെയായിരുന്നു പോപ്പിന്റെ രണ്ടാം ഗോള്‍.
ഇടവേളയില്‍ രണ്ടുഗോള്‍ ലീഡില്‍ പിരിഞ്ഞ ജര്‍മനി പിന്നീട് രണ്ടാം പകുതിയില്‍ അക്ഷരാര്‍ത്ഥത്തില്‍ മൊറോക്കോയെ തകര്‍ക്കുകയായിരുന്നു. ഇടവേള കഴിഞ്ഞ ആദ്യ മിനിറ്റില്‍ തന്നെ മൂന്നാം ഗോള്‍ പിറന്നു. ബ്യൂള്‍ ആയിരുന്നു സ്‌കോറര്‍. പിന്നീട് തുടരെ രണ്ട് സെല്‍ഫ്‌ഗോളുകള്‍ കൂടിയായതോടെ മൊറോക്കോ തളര്‍ന്നു.
54-ാം മിനിറ്റില്‍ എയ്ത എല്‍ ഹാജും 79-ാം മിനിറ്റില്‍ യാസ്മിന്‍ മ്രാബെറ്റുമാണ് സ്വന്തം വലയില്‍ പന്ത് എത്തിച്ചത്. പിന്നീട് നിശ്ചിത സമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ ഷ്യൂളറിലൂടെ ആറാം ഗോളും നേടി ജര്‍മനി പട്ടിക പൂര്‍ത്തിയാക്കി. ജൂലൈ 30-ന് കൊളംബിയയ്‌ക്കെതിരേയാണ് ജര്‍മനിയുടെ അടുത്ത മത്സരം. മൊറോക്കോ അന്നേ ദിവസം ദക്ഷിണകൊറിയയെ നേരിടും.