റോബർട്ടോ മാർട്ടീനസ് പുതിയ പോർച്ചുഗീസ് പരിശീലകൻ

റോബർട്ടോ മാർട്ടീനസ് പുതിയ പോർച്ചുഗീസ് പരിശീലകൻ

ലോകകപ്പ് തോൽവിക്ക് ശേഷം സ്ഥാനമൊഴിഞ്ഞ പരിശീലകൻ ഫെർണാണ്ടോ സാന്റോസിന്‌ പകരക്കാരനായാണ് മാർട്ടിനസ് വരുന്നത്
Updated on
1 min read

പോർച്ചുഗൽ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി മുൻ ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനസിനെ നിയമിച്ചു. ഖത്തറിൽ ബെൽജിയത്തിന്റെ ആദ്യറൌണ്ട് പുറത്താകലിന് പിന്നാലെ മുഖ്യ പരിശീലകസ്ഥാനമൊഴിഞ്ഞ മാർട്ടീനസ് ഉടൻ പുതിയ ചുമതല ഏറ്റെടുക്കുകയാണ്. 2026 വരെയാണ് അദ്ദേഹത്തിന്റെ കരാർ. ലോകകപ്പ് തോൽവിക്ക് ശേഷം സ്ഥാനമൊഴിഞ്ഞ പരിശീലകൻ ഫെർണാണ്ടോ സാന്റോസിന്‌ പകരക്കാരനായാണ് മാർട്ടിനസ് വരുന്നത്. ലോകകപ്പിന്റെ നോക്കൗട്ട്‌ റൗണ്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്ത സാന്റോസിന്റെ നടപടി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. 109 മത്സരങ്ങളിൽ പരിശീലിപ്പിച്ച ഫെർണാണ്ടോ സാന്റോസ് 2016 യൂറോ കപ്പിലും യുവേഫ നേഷൻസ് ലീഗിന്റെ ആദ്യ പതിപ്പിലും പോർച്ചുഗലിന് കിരീടം സമ്മാനിച്ചു.

പോർച്ചുഗൽ ടീമിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് റോബർട്ടോ മാർട്ടിനസ്. പോർച്ചുഗൽ ഭാഷ വശമില്ലാത്ത താൻ എത്രയും വേഗം പോർച്ചുഗീസ് പഠിക്കുമെന്നും വ്യക്തമാക്കി. പ്രതിഭാശാലികളുടെ കാര്യത്തിൽ ലോകത്തിലെ മികച്ച ടീമുകളിലൊന്നാണ് പോർച്ചുഗൽ അവരെ പരിശീലിപ്പിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും മാർട്ടിനസ് കൂട്ടിച്ചേർത്തു. അടുത്ത വർഷം ജർമനിയിൽ നടക്കാനിരിക്കുന്ന യൂറോകപ്പാകും പോർച്ചുഗലിൽ അദ്ദേഹത്തിന്റെ ആദ്യ പ്രധാന വെല്ലുവിളി.

2007 മുതൽ പരിശീലക രംഗത്തുള്ള മാർട്ടിനസ് 2016 ലാണ്ബെൽജിയം ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ഇക്കാലയളവായിൽ അദ്ദേഹത്തിന് കീഴിൽ ബെൽജിയം ലോക റാങ്കിങ്ങിൽ ദീർഘകാലം ഒന്നാം സ്ഥാനത്ത് തുടർന്നു. റഷ്യൻ ലോകകപ്പിൽ ബെൽജിയം മൂന്നാം സ്ഥാനം നേടി. ഖത്തറിൽ പ്രകടനം മോശമായ ബെൽജിയം ആദ്യ റൗണ്ടിൽ തന്നെ പുറത്ത്‌ പോയിരുന്നു. ഇതിന് പിന്നാലെ പരിശീലക സ്ഥാനം അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തു. വിവിധ ടീമുകളിലായി പരിശീലക കരിയറിൽ 523 മത്സരങ്ങൾ പൂർത്തിയാക്കിയ മാർട്ടിനസ് 231 മത്സരങ്ങളിൽ ടീമിനെ ജയത്തിലേക്ക് നയിച്ചു.

logo
The Fourth
www.thefourthnews.in