ഉദ്ഘാടന മത്സരം പൂര്‍ത്തിയാകും മുമ്പേ ഒഴിഞ്ഞ ഖത്തര്‍ ആരാധകര്‍ നിരന്ന ഗ്യാലറി
ഉദ്ഘാടന മത്സരം പൂര്‍ത്തിയാകും മുമ്പേ ഒഴിഞ്ഞ ഖത്തര്‍ ആരാധകര്‍ നിരന്ന ഗ്യാലറി

'പണംകൊടുത്ത് ലോകകപ്പ് വാങ്ങാനായി, പക്ഷേ ആരാധകരെ കിട്ടിയില്ല'

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 67,372 പേരാണ് ഇന്നലെ സ്‌റ്റേഡിയത്തില്‍ എത്തി മത്സരം വീക്ഷിച്ചത്.
Updated on
1 min read

അറുപതിനായിരത്തിലേറെപ്പേര്‍ തിങ്ങിനിറഞ്ഞ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലായിരുന്നു അറബ് നാട്ടിലെ ആദ്യ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം അരങ്ങേറിയത്. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ ഇക്വഡോറും ഏറ്റുമുട്ടിയ മത്സരത്തില്‍ സ്വന്തം ടീമിനെ പിന്തുണയ്ക്കാന്‍ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തിന്റെ ഭൂരിഭാഗവും മറൂണ്‍ നിറമണിഞ്ഞെത്തിയത് സ്വാഭാവികം.

എന്നാല്‍ 90 മിനിറ്റും അഞ്ച് മിനിറ്റ് ഇന്‍ജുറി സമയവും പൂര്‍ത്തിയായി താരങ്ങള്‍ കളത്തില്‍ നിന്നു കയറുമ്പോള്‍ സ്‌റ്റേഡിയത്തിന്റെ നിറമെങ്ങനെ മഞ്ഞയായി മാറിയെന്നാണ് ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ചോദിക്കുന്നത്. ''പണം കൊടുത്താല്‍ ലോകകപ്പ് സംഘാടനം സാധിച്ചേക്കും, പക്ഷേ ആരാധകരെ വാങ്ങാനാകില്ല'' എന്നാണ് സോഷ്യല്‍ മീഡിയില്‍ ഖത്തര്‍ ആരാധകര്‍ക്കെതിരേ പരിഹാസം നിറയുന്നത്.

ഉദ്ഘാടന മത്സരത്തിനു ഏറെ മുമ്പേ തന്നെ സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 67,372 പേരാണ് ഇന്നലെ സ്‌റ്റേഡിയത്തില്‍ എത്തി മത്സരം വീക്ഷിച്ചത്. ഇതിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഖത്തര്‍ ദേശീയ ടീമിന്റെ മറൂണ്‍ നിറത്തിലുള്ള ജഴ്‌സിയണിഞ്ഞാണ് ടീമിന് പിന്തുണയുമായി സ്‌റ്റേഡിയത്തിലെത്തിയത്.

ഭൂഖണ്ഡങ്ങള്‍ കടന്ന് ലാറ്റിനമേരിക്കയില്‍ നിന്ന് ഇക്വഡോറിനായി ആര്‍പ്പ് വിളിക്കാന്‍ എത്തിയവര്‍ തുലോം തുച്ഛമായിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പേ തന്നെ സ്‌റ്റേഡിയത്തിന്റെ പകുതിയിലധികം ഭാഗവും മഞ്ഞനിറമണിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മറ്റു ടീമുകളുടെ ആരാധകര്‍ പരിഹാസം ചൊരിയുന്നത്.

മത്സരം 15 മിനിറ്റ് പിന്നിടും മുമ്പു തന്നെ ഖത്തര്‍ ടീമിന്റെ പ്രതിരോധ മികവും മത്സരത്തിന്റെ ഗതിയും മനസിലാക്കിയ കാണികള്‍ സ്‌റ്റേഡിയത്തില്‍ വച്ചുതന്നെ ഖത്തര്‍ ജഴ്‌സി ഊരി ഇക്വഡോറിനൊപ്പം ചേരുകയായിരുന്നു. സ്വദേശികളായ ഏതാനും പേരൊഴികെ മറ്റു 'പ്രവാസി' ഖത്തര്‍ ആരാധകരില്‍ ഒട്ടുമുക്കാല്‍ പേരും മത്സരം പൂര്‍ത്തിയാകും മുമ്പേ തന്നെ ഇക്വഡോര്‍ ജഴ്‌സിയണിഞ്ഞ് കൂറുമാറ്റം പ്രഖ്യാപിച്ചിരുന്നു.

ഏറെ പണംചിലവഴിച്ചു സംഘടിപ്പിക്കുന്ന ലോകകപ്പില്‍ പണം കൊടുത്ത് സ്വന്തം ടീമിന് ആരാധകരെ ഉണ്ടാക്കുകയാണ് ഖത്തര്‍ എന്നാണ് വിദേശ മാധ്യമങ്ങളുടെ ആരോപണം. പണം കൊടുത്താല്‍ ലോകകപ്പ് വിലയ്ക്ക് കിട്ടുമെന്നും എന്നാല്‍ യഥാര്‍ഥ ഫുട്‌ബോള്‍ ആരാധകനെ കിട്ടില്ലെന്നുമാണ് അവര്‍ പരിഹസിക്കുന്നത്.

logo
The Fourth
www.thefourthnews.in