അദ്ഭുതക്കുതിപ്പ് തുടരാന്‍ മൊറോക്കോ; സെമി ബെര്‍ത്ത് ഉറപ്പിക്കാന്‍ പറങ്കികള്‍
അവിസ്മരണീയ കുതിപ്പാണ് മൊറോക്കന്‍ ഫുട്‌ബോള്‍ ടീം ഈ ലോകകപ്പില്‍ നടത്തുന്നത്. ബെല്‍ജിയവും ക്രൊയേഷ്യയും ഉള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ നിന്ന് ഒന്നാമന്മാരായി നോക്കൗട്ടില്‍ കടന്ന അവര്‍ പ്രീക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്. ഇന്നു നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ അപകടകാരികളായ പോര്‍ചുഗലാണ് അവരുടെ എതിരാളികള്‍. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 6-1 എന്ന സ്‌കോറിന് തകര്‍ത്താണ് പറങ്കിപ്പടയുടെ വരവ്.
ഖത്തര്‍ ലോകകപ്പിലെ അവസാന ആഫ്രിക്കന്‍ പ്രതീക്ഷയാണ് മൊറോക്കോ. മാത്രമല്ല ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനല്‍ കളിക്കുന്ന ആദ്യ അറബ് രാജ്യവും. അതിനാല്‍ തന്നെ അല്‍തുമാമ സ്‌റ്റേഡിയത്തില്‍ പോര്‍ചുഗലിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ സ്വന്തം മണ്ണില്‍ കളിക്കുന്ന പ്രതീതിയായിരിക്കും അവര്‍ക്ക്. അത്രകണ്ട് ഗ്യാലറി പിന്തുണയാണ് മൊറോക്കോയ്ക്ക് ലഭിക്കുക. നിറഞ്ഞ ഗ്യാലറിക്കു മുന്നില്‍ അവര്‍ക്ക് ഇതുവരെയുള്ള സ്വപ്‌നക്കുതിപ്പ് തുടരാനാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ലോകകപ്പ് ചരിത്രത്തില്‍ അവസാന എട്ടില്‍ ഇടംപിടിച്ച നാലാമത്തെ ആഫ്രിക്കന്‍ ടീമാണ് മൊറോക്കോ. കാമറൂണ്‍(1990), സെനഗല്‍(2002), ഘാന(2010) എന്നിവരാണ് മുന്‍ഗാമികള്‍. എന്നാല്‍ അവര്‍ക്കാര്‍ക്കും നേടിയെടുക്കാനാകാത്ത സെമി ബെര്‍ത്താണ് ഇന്ന് മൊറോക്കോയുടെ ലക്ഷ്യം.
എന്നാല്‍ പരുക്കും ഫിറ്റ്‌നെസ് പ്രശ്‌നങ്ങളും അവരെ അലട്ടുന്നുണ്ട്. മധ്യനിര താരം സോഫ്യാന്‍ അംറാബത്, നായകനും പ്രതിരോധതാരവുമായ റൊമെയ്ന്‍ സെയ്‌സ്, മറ്റൊരു പ്രതിരോധ താരം നായെഫ് അഗ്യുയേര്‍ഡ് എന്നിവര്‍ പരുക്കിന്റെ പിടിയിലാണെന്നത് മൊറോക്കോയ്ക്ക് തലവേദന ഉണ്ടാക്കുന്നു. ഈ ലോകകപ്പില്‍ ഏറ്റവും കുറച്ച് ഗോള്‍ വഴങ്ങിയ ടീമുകളിലൊന്നായ മൊറോക്കോ തങ്ങളഒടെ ഗോള്‍കീപ്പര്‍ യാസീന്‍ ബോനുവിലും സ്ട്രൈക്കര്‍ ഹക്കീം സിയെച്ചിലും പ്രതിരോധ താരം അച്ചറഫ് ഹക്കീമിയിലുമാണ് പ്രതീക്ഷ വയ്ക്കുന്നത്.
അതേസമയം മറുവശത്ത് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്ന് പോര്‍ചുഗലിന്റെ ആദ്യ ഇലവനില്‍ ഉണ്ടാകുമോയെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ മറ്റൊരാശങ്ക.അഞ്ചു ബാലണ്‍ ഡി ഓര്‍ നേടിയ സൂപ്പര്‍ താരത്തെ ബെഞ്ചിലിരുത്തിയാണ് പോര്‍ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനതിരേ പ്രീക്വാര്‍ട്ടര്‍ കളിച്ചത്. ക്രിസ്റ്റിയാനോയ്ക്കു പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസ് ഹാട്രിക് നേടുകയും ടീം 6-1ന് ജയിക്കുകയും ചെയ്തത് ഇപ്പോള്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസിന് തലവേദനയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സാന്റോസ് റൊണാള്‍ഡോയെ വീണ്ടും ആദ്യ ഇലവനില്‍ പരീക്ഷിക്കാന്‍ തയാറാകില്ലെന്നാണ് സൂചനകള്‍.
ലോകകപ്പ് ചരിത്രത്തില്‍ മാത്രമല്ല ആകെ ഇതിനു മുമ്പ് രണ്ടുതവണ മാത്രമാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. അതില്‍ ഓരോ ജയവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്. 1986-ലാണ് ആദ്യമായി ഇരുകൂട്ടരും കൊമ്പുകോര്‍ത്തത്. അന്ന് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് മൊറോക്കോ പോര്‍ചുഗലിനെ തുരത്തിയിരുന്നു. പിന്നീട് 2018-ല്‍ റഷ്യ ലോകകപ്പിലാണ് ഇവര്‍ ഏറ്റമുട്ടിയത്. അന്ന് ക്രിസ്റ്റിയാനോയുടെ ഗോളില്‍ ജയം പോര്‍ചുഗലിനൊപ്പം നിന്നു.