ഫ്രഞ്ച് പടയോട്ടത്തിന്റെ വഴിമുടക്കാന്‍ മൊറോക്കന്‍ മതില്‍
ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ന് അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ആഫ്രിക്കന്‍ വീരന്മാരായ മൊറോക്കോയും കൊമ്പുകോര്‍ക്കുമ്പോള്‍ ഒരു പക്ഷേ ഇംഗ്ലണ്ടിന്റെയും പോര്‍ച്ചുഗലിന്റെയും ആരാധകര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞെന്നു വരില്ല.
കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഫ്രാന്‍സ് കളത്തിലിറങ്ങുമ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ സെമിഫൈനലില്‍ കടന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന ഖ്യാതിയുമായാണ് മൊറോക്കോ ഇറങ്ങുന്നത്.
കളത്തിലിറങ്ങും മുമ്പേ മത്സരത്തിലെ ഫേവറൈറ്റുകളാണ് ഫ്രാന്‍സ്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തിനെതിരേയും പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനെതിരേയും ക്വാര്‍ട്ടറില്‍ പോര്‍ചുഗലിനെതിരേയും നേടിയ ജയങ്ങളിലൂടെ തങ്ങളെ എഴുതിത്തള്ളരുതെന്ന് പറയാതെ പറഞ്ഞുകഴിഞ്ഞു മൊറോക്കോ.
മൊറോക്കോയാണ് ഈ ടൂര്‍ണമെന്റിനെ ഇത്രകണ്ട് ആവേശകരമാക്കിയിരിക്കുന്നതെന്നു നിസംശയം പറയാം. കരുത്തരായ ബെല്‍ജിയം, ക്രൊയേഷ്യ എന്നിവരടങ്ങിയ ഗ്രൂപ്പില്‍ നിന്ന് ഒന്നാമന്മാരായി നോക്കൗട്ടില്‍ കടന്ന അവര്‍ അവിടെ നടത്തിയത് രണ്ടും ജയന്റ് കില്ലിങ്ങാണ്.
മറുവശത്ത് ആധികാരികമായി കുതിച്ചെത്തിയ ടീമാണ് നിലവിലെ ജേതാക്കളായ ഫ്രാന്‍സ്. കളിച്ച മത്സരത്തിഇ ഒന്നിലൊഴികെ എല്ലാത്തിലും സമസ്ത മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് അവര്‍ ജയിച്ചു കയറിയത്. ടൂര്‍ണമെന്റില്‍ ഒരേയൊരു തവണമാത്രമാണ് അവര്‍ പരാജയം രുചിച്ചത്. അത് അഫ്രിക്കന്‍ ടീമായ ടുണീഷ്യയോടാണെന്നതും ശ്രദ്ധേയം.
ഫ്രാന്‍സിന്റെ ഏഴാം ലോകകപ്പ് സെമി ഫൈനലാണിത്. ആദ്യ മൂന്നെണ്ണത്തിലും തോല്‍വി രുചിച്ച അവര്‍ 1998, 2006ഏ 2018 വര്‍ഷങ്ങളില്‍ ജയിച്ചു ഫൈനലില്‍ കടന്നിരുന്നു. അതില്‍ 98-ലും 2018-ലും അവര്‍ കിരീടം ചൂടുകയും ചെയ്തു.
ഫ്രാന്‍സ് പ്രതീക്ഷകളുടെ സകല ഭാരവും പേറിയെത്തുമ്പോള്‍ ഭയമില്ലാത്തവരുടെ സംഘമായാണ് മൊറോക്കോ അണിനിരക്കുന്നത്. ലോകകപ്പ് സെമിഫൈനല്‍ ബെര്‍ത്ത് പോലും അവരെ സംബന്ധിച്ച് ചരിത്ര നേട്ടമാണ്. അതിനാല്‍യതന്നെ നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത മാനസികാവസ്ഥയില്‍ കളിക്കാനിറങ്ങുന്ന മൊറോക്കോ ഏറെ അപകടകാരികളാകും.
പ്രതിരോധമാണ് മൊറോക്കോയുടെ കരുത്ത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് അവര്‍ വഴങ്ങിയത് അതാകട്ടെ സെല്‍ഫ് ഗോളും. ഈ ലോകകപ്പില്‍ ിതുവരെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയാണ്. ഇതോടെ മൊറോക്കന്‍ പ്രതിരോധവും എംബാപ്പെയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നത്തെ സെമിഫൈനല്‍.
ടീം വാര്‍ത്തകള്‍
ഫ്രഞ്ച് ടീമിനെ സബന്ധിച്ച് യാതൊരു വിധ ആശങ്കകളും നിലവില്ല. താരങ്ങളെല്ലാം തന്നെ പൂര്‍ണ ഫിറ്റാണ്. ആരും സസ്‌പെന്‍ഷന്‍ പ്രശ്‌നങ്ങളും നേരിടുന്നില്ല. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയ അതേ ഇലവനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത.
അതേസമയം മറുവശത്ത് മൊറോക്കോയ്ക്ക് സ്‌ട്രൈക്കര്‍ വാലിദ് ഛെദീരയുടെ സേവനം ലഭ്യമാകില്ല. പോര്‍ചുഗലിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ഛെദീരയ്ക്ക് ഇന്നത്തെ മത്സരത്തില്‍ പുറത്തിരുന്നേ മതിയാകൂ. അതിനു പുറമേ നായകന റൊമെയ്ന്‍ സെയ്‌സിനേറ്റ പരുക്കും മൊറോക്കോയെ വലയ്ക്കുന്നുണ്ട്.