'പൂവണിഞ്ഞത് എന്റെ മോഹം' മെസിയെ തോളിലേറ്റി അഗ്യൂറോ

'പൂവണിഞ്ഞത് എന്റെ മോഹം' മെസിയെ തോളിലേറ്റി അഗ്യൂറോ

വിരമിക്കുന്നതിന് മുൻപ് രാജ്യത്തിനായി ലോകകപ്പ് ഉയർത്തണമെന്ന ആഗ്രഹം ബാക്കിവച്ചായിരുന്നു അഗ്യൂറോയുടെ മടക്കം
Updated on
1 min read

അസുഖത്തെ തുടർന്ന് ഫുട്ബോള്‍ കരിയർ അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വന്ന താരമാണ് സെർജിയോ അഗ്യൂറോ. വിരമിക്കുന്നതിന് മുൻപ് അര്‍ജന്റീനയ്ക്കായി ലോകകപ്പ് ഉയർത്തണമെന്ന മോഹവും ബാക്കി വച്ചായിരുന്നു അഗ്യൂറോയുടെ മടക്കം. കാത്തിരിപ്പിനൊടുവിൽ അർജന്റീന ലോകകിരീടം ഉയർത്തിയപ്പോൾ അഗ്യൂറോയുടെ ആഗ്രഹവും പൂവണിഞ്ഞു. മത്സര ശേഷം അർജന്റീനിയൻ താരങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ വിജയം ആഘോഷിച്ച അഗ്യൂറോ കിരീടം ഉയർത്തുകയും ചെയ്തു.

അർജന്റീനയ്ക്കായി 2005ലും 2007ലും അണ്ടർ 20 ലോകകിരീടം നേടിക്കൊണ്ടായിരുന്നു അഗ്യൂറോ ശ്രദ്ധനേടിയത്. തുടർന്ന് അർജന്റീനയ്ക്കായി ദേശീയ തലത്തിൽ 101 മത്സരങ്ങൾ കളിച്ച താരം 41 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. അർജന്റീനയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഗോൾ വേട്ടക്കാരനാണ് അദ്ദേഹം. 2008ൽ ഒളിമ്പിക്സ് സ്വർണം നേടിയ അർജന്റീന ടീമിലും അംഗമായിരുന്നു അഗ്യൂറോ.

86നെ ഓർമിപ്പിക്കുന്ന ആഘോഷം

ജൂനിയർ തലം മുതലേ മെസിയും അഗ്യൂറോയും അടുത്ത സുഹൃത്തുക്കളാണ്. ഈ ആത്മബന്ധമാണ് ഇന്നലെ ലുസെയ്ൽ മൈതാനത്തും കണ്ടത്. 1986ലെ മറഡോണയുടെ ലോകകപ്പ് ആഘോഷത്തെ ഓർമിപ്പിക്കുന്നതായിരുന്നു മെസിയെ തോളിലേറ്റി സെർജിയോ അഗ്യൂറോ നടത്തിയ ആഘോഷ പ്രകടനം. വലതുകൈയ്യിൽ കിരീടവുമായി ഗാലറിയിലേക്ക് നോക്കി ആഹ്ലാദിക്കുന്ന മെസി, ചുറ്റും സഹതാരങ്ങളും ആരാധകരും ചിത്രമെടുക്കാൻ തയ്യാറായി നിക്കുന്നവരും. മറഡോണയുടെ പിൻഗാമിയെന്ന് ലോകം വാഴ്ത്തിയ ലയണൽ മെസിക്ക് എന്തുകൊണ്ടും അർഹതപ്പെട്ട ആഘോഷം.

മറഡോണയ്ക്ക് ശേഷം നീണ്ട 36 വർഷമാണ് അർജന്റീനയുടെ കിരീട ധാരണത്തിനായി ലോകം കാത്തിരുന്നത്. കഴിഞ്ഞ വർഷം അന്തരിച്ച മറഡോണയ്ക്ക് നൽകാവുന്ന ഏറ്റവും മികച്ച ആദരവുമായി അർജന്റീനയുടെ കിരീട നേട്ടം.

logo
The Fourth
www.thefourthnews.in