നോക്കൗട്ടിന് മുമ്പൊരു 'ഫൈനലിന്' അര്‍ജന്റീന; വെല്ലുവിളി പോളണ്ട്
ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസിയുടെയും അര്‍ജന്റീനയുടെയും ഭാവി ഇന്നറിയാം. ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെതിരേ ജയിച്ചാല്‍ അര്‍ജന്റീന നോക്കൗട്ടിലേക്ക് മുന്നേറും, തോറ്റാല്‍ പുറത്താകും. മത്സരം സമനിലയില്‍ കലാശിച്ചാല്‍ സൗദി അറേബ്യ-മെക്‌സിക്കോ മത്സരഫലത്തെ ആശ്രയിക്കേണ്ടി വരും.
ഗ്രൂപ്പ് സിയില്‍ നിലവില്‍ നാലു മത്സരങ്ങളുമായി പോളണ്ടാണ് ഒന്നാമത്. മൂന്നു പോയിന്റുമായി അര്‍ജന്റീന രണ്ടാമതും സൗദി മൂന്നാമതുമാണ് അവസാന സ്ഥാനത്തുള്ള മെക്‌സിക്കോയ്ക്ക് ഒരു പോയിന്റാണുള്ളത്. അതിനാല്‍ ഇന്നത്തെ സൂപ്പര്‍ പോരാട്ടത്തില്‍ അര്‍ജന്റീനയ്‌ക്കെതിരേ സമനില നേടിയാലും പോളണ്ടിന് നോക്കൗട്ടിലെത്താം.
ആദ്യ മത്സരത്തില്‍ സൗദി അറേബ്യയയോടേറ്റ തോല്‍വിയാണ് അര്‍ജന്റീനയെ ഈ പ്രതിസന്ധിയിലേക്ക് വലിച്ചിട്ടത്. നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ തോല്‍പിച്ചാണ് അവര്‍ തിരിച്ചുവരവ് നടത്തിയത്. അതേ പ്രകടനം വീണ്ടും ആവര്‍ത്തിക്കാനാകും മെസിയും സംഘവും ശ്രമിക്കുക.
അര്‍ജന്റീന നിരയില്‍ ഇന്ന് ഒരു മാറ്റം വന്നേക്കും. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ഗോള്‍ നേടിയ എന്‍സോ ഫെര്‍ണാണ്ടസിനെ ഇന്ന് ആദ്യ ഇലവനില്‍ ഇറക്കിയേക്കും. നായകന്‍ ലയണല്‍ മെസിയിലേക്കാണ് ടീം ഉറ്റുനോക്കുന്നത്. സ്‌ട്രൈ്ക്കര്‍ ലാത്വാരോ മാര്‍ട്ടിനസ്, മധ്യനിര താരങ്ങളായ എയ്ഞ്ചല്‍ ഡിമരിയ, റോഡ്രിഗോ ഡി പോള്‍ എന്നിവര്‍ ഫോമിലേക്ക് ഉയരാത്തത് അവര്‍ക്ക് തലവേദനയാണ്.
മറുവശത്ത് നായകന്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ബൂട്ടുകളിലേക്കാണ് പോളണ്ട് ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരേ പെനാല്‍റ്റി നഷ്ടമാക്കിയ ലെവന്‍ഡോവ്‌സ്‌കി രണ്ടാം മത്സരത്തില്‍ സൗദിക്കെതിരേ ഗോള്‍ നേടി ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.
ഇരുടീമുകളും ഇതുവരെ 11 തവണയാണ് നേര്‍ക്കു നേര്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ ആറു തവണയും ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു. മൂന്നു തവണ പോളണ്ട് ജയിച്ചപ്പോള്‍ രണ്ടു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
ഗ്രൂപ്പിലെ മറ്റൊരു സൗദി അറേബ്യയും മെക്‌സിക്കോയുമാണ് ഏറ്റുമുട്ടുന്നത്. ഖത്തര്‍ ലോകകപ്പിന്റെ നോക്കൗട്ടില്‍ കടക്കുന്ന ആദ്യ ഏഷ്യന്‍ ടീമാകാനുള്ള ലക്ഷ്യത്തോടെയാണ് സൗദി ഇന്നിറങ്ങുക. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ച് ലോകത്തെ അമ്പരപ്പിച്ച അവര്‍ക്ക് ഇന്ന് ഒരു ജയം മതിയാകും നോക്കൗട്ട് ഉറപ്പിക്കാന്‍.
അതേസമയം മറുവശത്ത് മെക്‌സിക്കോയ്ക്കും നോക്കൗട്ട് സാധ്യതകളുണ്ട്. സൗദിക്കെതിരേ മികച്ച ജയം നേടിയാല്‍ അവസാന 16-ല്‍ എത്താനുള്ള സാധ്യതയള്ളതിനാല്‍ അവരും രണ്ടും കല്‍പിച്ചുള്ള പോരാട്ടത്തിനാകും ശ്രമിക്കുക.