അടക്കി വാഴാന്‍ അര്‍ജന്റീന; അടിച്ചിടാന്‍ ഓസ്‌ട്രേലിയ

അടക്കി വാഴാന്‍ അര്‍ജന്റീന; അടിച്ചിടാന്‍ ഓസ്‌ട്രേലിയ

ഇതുവരെ കളിച്ച ഏഴു മത്സരങ്ങളില്‍ അഞ്ചിലും അര്‍ജന്റീന ജയിച്ചപ്പോള്‍ ഒരു തവണയാണ് ഓസ്‌ട്രേലിയയ്ക്ക് അട്ടിമറി നടത്താന്‍ സാധിച്ചത്.
Updated on
1 min read

ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന ഒരു തോല്‍വി, പരാജയമറിയാതെ തുടരെ 36 മത്സരങ്ങള്‍ നീണ്ട ആ കുതിപ്പിന് അപ്രതീക്ഷിത അവസാനം... നടയടി പോലൊയിരുന്നു ഈ ലോകകപ്പിന്റെ തുടക്കത്തില്‍ അര്‍ജന്റീനയ്ക്ക് സൗദി അറേബ്യയില്‍ നിന്നേറ്റ പ്രഹരം. പിന്നീട് നോക്കൗട്ടിനു തുല്യമായ രണ്ടു പോരാട്ടങ്ങള്‍ തുടരെ ജയിച്ചാണ് അവര്‍ യഥാര്‍ത്ഥ നോക്കൗട്ടിലേക്ക് എത്തിയിരിക്കുന്നത്.

ഇന്നു നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ഏഷ്യ-ഓഷ്യാന മേഖലയില്‍ നിന്നുള്ള ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ഗ്രൂപ്പ് സി ജേതാക്കളായാണ് അര്‍ജന്റീന അവസാന 16-ല്‍ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ 1-2 എന്ന സ്‌കോറിനായിരുന്നു അവര്‍ സൗദി അറേബ്യയോടു തോറ്റത്.

പിന്നീട് മെക്‌സിക്കോയെയും പോളണ്ടിനെയും എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു വീതം തോല്‍പിച്ചാണ് അവര്‍ ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായത്. മൂന്നു മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകളാണ് അവര്‍ സ്‌കോര്‍ ചെയ്തത്. വഴങ്ങിയത് രണ്ടെണ്ണവും. രണ്ടു ഗോളുകളുമായി നായകന്‍ ലയണല്‍ മെസിയാണ് ഗോള്‍ വേട്ടയില്‍ മുന്നില്‍. യുവതാരങ്ങളായ ജൂലിയന്‍ ആല്‍വാരസ്, അലക്‌സിസ് മാക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് മറ്റു മൂന്നു ഗോളുകള്‍ നേടിയത്.

നായകന്‍ മെസിയുടെ ഫോമിലേക്കു തന്നെയാണ് അര്‍ജന്റീന ഉറ്റുനോക്കുന്നത്. എന്നാല്‍ തീര്‍ത്തും മെസിയെ മാത്രം ആശ്രയിച്ചല്ല ലയണല്‍ സ്‌കലോണി ടീം കെട്ടിപ്പടുത്തിരിക്കുന്നത്. മെസിക്കു സ്‌കോര്‍ ചെയ്യാനാകാതെ പോയ പോളണ്ടിനെതിരായ മത്സരത്തില്‍ യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നിരുന്നു. ഇത് നോക്കൗട്ടില്‍ മെസിയുടെ സമ്മര്‍ദ്ദം കുറയ്ക്കും.

മുന്‍നിരയില്‍ ലാത്വാരോ മാര്‍ട്ടിനസും മധ്യനിരയില്‍ റോഡ്രിഗോ ഡിപോളും തങ്ങളുടെ പൂര്‍ണ ഫോം വീണ്ടെടുക്കാത്തതു മാത്രമാണ് അര്‍ജന്റീനയെ വലയ്ക്കുന്നത്. മധ്യനിരയില്‍ എയ്ഞ്ചല്‍ ഡി മരിയ, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരെല്ലാം മികച്ച ഫോമിലാണ്. പ്രതിരോധനിരയില്‍ ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ഓട്ടാമെന്‍ഡി, മാര്‍ക്കോസ് അക്യുന, നഹേലു മോളിന എന്നിവരും ക്രോസ് ബാറിനു കീഴില്‍ എമിലിയാനോ മാര്‍ട്ടിനസും മികച്ച പ്രകടനമാണ് കാഴചവയ്ക്കുന്നത്.

മറുവശത്ത് ആദ്യ മത്സരത്തില്‍ 1-4 എന്ന സ്‌കോറില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോടു തോറ്റുതുടങ്ങിയ ഓസ്‌ട്രേലിയ പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ക്ലീന്‍ഷീറ്റ് നേടി ജയിച്ചാണ് നോക്കൗട്ടില്‍ കടന്നത്. മിച്ചല്‍ ഡ്യൂക്ക്, മാത്യു ലെക്കി, റിലി മക്ഗ്രീ, ക്രെയ്ഗ് ഗുഡ്‌വിന്‍, ആരോണ്‍ മൂയി തുടങ്ങിയവരിലാണ് അവരുടെ പ്രതീക്ഷ.

നേര്‍ക്കുനേര്‍ കണക്കുകളില്‍ അര്‍ജന്റീനയ്ക്കാണ് ആധിപത്യം. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളില്‍ അഞ്ചിലും ലാറ്റിനമേരിക്കന്‍ ടീം ജയിച്ചപ്പോള്‍ ഒരു തവണയാണ് ഓസ്‌ട്രേലിയയ്ക്ക് അട്ടിമറി നടത്താന്‍ സാധിച്ചത്. ഒരു മത്സരം സമനിലയിലായി. 12 തവണ അര്‍ജന്റീന വലചലിപ്പിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്ക്കു നേടാനായത് ഏഴു ഗോളുകളാണ്. ഏറ്റവും ഒടുവില്‍ 2007 സെപ്റ്റംബറിലാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. അന്ന് 1-0 എന്ന സ്‌കോറില്‍ ജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു.

logo
The Fourth
www.thefourthnews.in