മെസിയുടെ അര്‍ജന്റീനയും മോഡ്രിച്ചിന്റെ ക്രൊയേഷ്യയും; സെമിയില്‍ പോരടിക്കുന്ന രണ്ട് സ്വപ്‌നങ്ങള്‍
ഖത്തറില്‍ അങ്കം മുറുകുകയാണ്. ലോകകപ്പ് കിരീടപ്പോരാട്ടത്തില്‍, ആദ്യ സെമിയില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീന ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ നേരിടും. ഒരിക്കല്‍ കയ്യെത്തും ദൂരത്ത് നിന്ന് അകന്നുപോയ കിരീടത്തിലേക്ക് ഒരു ചുവട് മുന്നേറാന്‍ കരുതിയാകും സൂപ്പര്‍ നായകന്മാര്‍ കളത്തിലിറങ്ങുക. 2014ലെ കലാശപ്പോരില്‍ ജര്‍മനിയോടായിരുന്നു മെസിയുടെ അര്‍ജന്റീന കീഴടങ്ങിയത്. ലോകകപ്പ് കിരീട നേട്ടത്തിനായുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അവസാനം കാണാനാണ് മെസിയും സംഘവും ബൂട്ട് അണിയുന്നത്. അതേസമയം, 2018ല്‍ കലാശപ്പോരില്‍ നഷ്ടപ്പെട്ട കന്നിക്കിരീടമെന്ന സ്വപ്‌നം നേടിയെടുക്കാനുറച്ചാണ് മോഡ്രിച്ച് ക്രൊയേഷ്യയെ നയിക്കുന്നത്. രണ്ട് നായകര്‍ക്കും ഇത് അവസാന ലോകകപ്പായിരിക്കുമെന്നതിനാല്‍, പോരാട്ടവീര്യം കൂടുമെന്നുറപ്പ്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ചൊവാഴ്ച പുലര്‍ച്ചെ 12.30നാണ് മത്സരം.
വലിയ ആശങ്കകളേതുമില്ലാതെയാണ് അര്‍ജന്റീന സെമിയിലിറങ്ങുന്നത്. കളിച്ചും കളിപ്പിച്ചും ഗോളടിച്ചും ഗോളിന് വഴിയൊരുക്കുകയും ചെയ്യുന്ന നായകന്‍ മെസി തന്നെയാണ് അര്‍ജന്റീനയുടെ ആവേശം. നാല് ഗോളും രണ്ട് അസിസ്റ്റുമായി ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ എംബാപ്പെയ്ക്ക് തൊട്ടുപിന്നിലാണ് താരം. ജൂലിയന്‍ അല്‍വാരസ്, എര്‍നോ ഫെര്‍ണാണ്ടസ്, അലെക്‌സിസ് മക് അലിസ്റ്റര്‍, ഏയ്ഞ്ചല്‍ ഡി മരിയ, നഹുവേല്‍ മൊളീനയും തുടങ്ങി ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് വരെ നീളുന്ന നിരയുടെ ഫോം അര്‍ജന്റീനയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. അതേസമയം, കഴിഞ്ഞമത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ഗോണ്‍സാലോ മോണ്ടിനെല്ലിനും മാര്‍ക്കോസ് അക്യൂനയ്ക്കും നിര്‍ണായക മത്സരത്തില്‍ പുറത്തിരിക്കേണ്ടിവരും. മെസിയുടെ അവസാന ലോകകപ്പ് കിരീട നേട്ടത്തോടെ ആഘോഷിക്കുക മാത്രമാണ് കോച്ച് ലയണല്‍ സ്‌കലോനിയുടെ സംഘത്തിന്റെയും ലക്ഷ്യം. ലോകകപ്പിലെ 25മത് മത്സരത്തിനാണ് മെസി ഇന്നിറങ്ങുന്നത്. ഇക്കാര്യത്തില്‍ ലോതര്‍ മത്തേയൂസിനൊപ്പം മെസിക്ക് റെക്കോഡ് പങ്കിടാം.
കിരീട പ്രതീക്ഷയുമായി വന്ന ബ്രസീലിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മോഡ്രിച്ചിന്റെ ക്രൊയേഷ്യ അര്‍ജന്റീനയ്‌ക്കെതിരെ കളത്തിലിറങ്ങുന്നത്. പരുക്കോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലാത്തത് കോച്ച് സ്ലാറ്റ്‌കൊ ഡാലിച്ചിന്റെ തന്ത്രങ്ങള്‍ക്ക് കരുത്തേകുന്നു. ഇവാന്‍ പെരിസിച്ച്, മരിയോ പസാലിച്ച്, ബ്രൂണോ പെട്‌കോവിച്ച്, മാഴ്‌സെലോ ബ്രോസോവിച്ച് തുടങ്ങി ഗോള്‍ പോസ്റ്റിന് മുന്നില്‍ അസാമാന്യ പ്രകടനം തുടരുന്ന ഡൊമിനിക് ലിവാകോവിച്ച് വരെ നീളുന്ന ക്രൊയേഷ്യന്‍ നിര അര്‍ജന്റീനയുടെ ഏത് തന്ത്രങ്ങളെയും വെല്ലുവിളിക്കാന്‍ പോന്നതാണ്. അവസാന ലോകപ്പിനിറങ്ങുന്ന നായകന്‍ മോഡ്രിച്ചിന് കിരീടനേട്ടത്തോടെ യാത്രയയപ്പ് ഉറപ്പാക്കുകയാണ് ക്രൊയേഷ്യയുടെയും ലക്ഷ്യം.
അവസാന 41 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒന്ന് മാത്രമേ തോറ്റിട്ടൂള്ളു എന്നത് അര്‍ജന്റീനയുടെ കരുത്ത് വെളിപ്പെടുത്തുന്നു. 28 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ 12 മത്സരങ്ങള്‍ സമനിലയിലായി. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോടായിരുന്നു അര്‍ജന്റീന തോറ്റത്. ലോകകപ്പ് സെമി ഫൈനലിലാകട്ടെ ഇതുവരെ തോറ്റിട്ടുമില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരായ അവസാന 14 ലോകകപ്പ് നോക്കൗട്ട്് മത്സരങ്ങളില്‍ എട്ടും അധിക സമയത്തേക്ക് നീണ്ടിരുന്നു. അതേസമയം, ക്രൊയേഷ്യ അവസാന 12 ലോകകപ്പ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് തോറ്റത്. അഞ്ച് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ആറെണ്ണം സമനിലയിലായി. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ പത്തില്‍ എട്ട് മത്സരങ്ങളും ജയിച്ചിട്ടുണ്ട്. അവസാന ആറ് നോക്കൗട്ട് മത്സരങ്ങളില്‍ അഞ്ചെണ്ണം അധിക സമയത്തേക്ക് നീണ്ടിരുന്നു. ഇരുവരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്.