ഫ്രാൻസിനോട് അർജന്റീനയ്ക്ക് ഒരു കണക്ക് തീർക്കാനുണ്ട്
ഒരു മാസത്തോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ആരാകും കാല്‍പന്തിന്‌റെ വിശ്വ വിജയിയെന്നറിയാന്‍ ഇനി കലാശപ്പോര് മാത്രം ബാക്കി. രണ്ട് തവണ വീതം കിരീടം നേടി ഫ്രാന്‍സും അര്‍ജന്‌റീനയും ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ മുഖാമുഖമെത്തുമ്പോള്‍ കാര്യങ്ങള്‍ പ്രവചനാതീതമാണ്. രണ്ട് കരുത്തരുടെ ഏറ്റുമുട്ടലില്‍ മികച്ച ഫുട്‌ബോള്‍ വിരുന്ന് പ്രതീക്ഷിക്കുകയാണ് കാല്‍പ്പന്താരാധകര്‍.
നാല് വര്‍ഷം മുന്‍പ് അര്‍ജന്‌റീനയുടെ കിരീടമോഹങ്ങള്‍ അവസാനിച്ചത് ഫ്രഞ്ച് പടയോട്ടത്തിലാണ്. ആ തോല്‍വിക്ക് പകരം വീട്ടാനുണ്ട് മെസിക്കും സംഘത്തിനും. പ്രീ ക്വാര്‍ട്ടറില്‍ 4-3 നാണ് ഫ്രാന്‍സിന്‌റെ വിജയം. രണ്ട് ഗോളുമായി എംബാപ്പെ മികച്ചു നിന്നപ്പോള്‍ ഗ്രീസ്മാനും ലക്ഷ്യം കണ്ടു. 2018 ലോകകപ്പിന്‌റെ ഗോളായി തിരഞ്ഞെടുക്കപ്പെട്ട ഗോള്‍ പവാര്‍ഡ് സ്‌കോര്‍ ചെയ്തതും അതേ മത്സരത്തില്‍. അര്‍ജന്‌റീനയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ ഫ്രാന്‍സ് കിരീടവുമായാണ് റഷ്യയില്‍ നിന്ന് മടങ്ങിയത്.
ലോകകപ്പില്‍ അതിന് മുന്‍പ് രണ്ട് തവണ കൂടി ഇരു ടീമുകളും പരസ്പരം മത്സരിച്ചിട്ടുണ്ട്. 1930 ലും 1978ലും. രണ്ടും ഗ്രൂപ്പ് മത്സരങ്ങള്‍. അര്‍ജന്‌റീനയ്ക്കായിരുന്നു മേല്‍ക്കൈ. 1930 ല്‍ 1-0 നും 1978 ല്‍ 2-1 നും അര്‍ജന്‌റീന വിജയിച്ചു. ലോകകപ്പിന് പുറമെ ഒന്‍പത് സൗഹൃദമത്സരങ്ങളിലും അര്‍ജന്‌റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. നാല് തവണ അര്‍ജന്‌റീന വിജയിച്ചപ്പോള്‍ രണ്ട തവണ ഫ്രാന്‍സ് വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയിലാണ് അവസാനിച്ചത്.