ജയം അല്ലെങ്കില്‍ മരണം; മെസിക്കും അര്‍ജന്റീനയ്ക്കും വേറെ വഴിയില്ല
നാലു ദിനം മുമ്പ് ഏറ്റ ഞെട്ടലില്‍ നിന്ന അര്‍ജന്റീനയ്ക്കും ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസിക്കും ഇന്ന് ഉയിര്‍ത്തെഴുന്നേറ്റേ പറ്റൂ. ഇന്ന് നടക്കുന്ന ജീവന്‍മരണ പോരാട്ടത്തില്‍ മെക്‌സിക്കോയ്‌ക്കെതിരേ ഒരു ജയത്തില്‍ കുറഞ്ഞൊന്നും അവരുടെ സമ്മര്‍ദ്ദഭാരം കുറയ്ക്കില്ല. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
അപരാജിതരായി 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ലോകകപ്പ് ഫേവറിറ്റുകളായി ഖത്തറിലെത്തിയ മെസിയും സംഘവും ഒരൊറ്റ ദിനം കൊണ്ടാണ് മരണവക്ത്രത്തിലേക്ക് എറിയപ്പെട്ടത്. ദുര്‍ബലരായ സൗദി അറേബ്യയയ്‌ക്കെതിരേ ഒരു ഗോള്‍ ലീഡ് നേടിയ ശേഷം രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ വഴങ്ങി ഞെട്ടിക്കുന്ന തോല്‍വി. ആത്മവിശ്വാസത്തിന്റെ ഗോപുരമുകളില്‍ നിന്നു ഝടുതിയിലുള്ള ഒരു വീഴ്ച.
ഇനി അവര്‍ക്കു മുന്നില്‍ ജീവന്മരണപ്പോരാട്ടങ്ങള്‍ മാത്രം. അതില്‍ ആദ്യ ഇന്ന് മെക്‌സിക്കോയെ കീഴടക്കണം. എങ്കില്‍ മാത്രമേ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കാന്‍ സാധിക്കൂ. ജയത്തില്‍ കുറഞ്ഞതെന്തും അവര്‍ക്കു പുറത്തേക്കുള്ള വഴി തെളിക്കും. അതിനാല്‍ രണ്ടും കല്‍പിച്ചാണ് അവര്‍ ഇറങ്ങുക.
ഇന്ന് ആദ്യ ഇലവനില്‍ മാറ്റം വരുത്തിയാകും കോച്ച് ലയണല്‍ സ്‌കലോണി ടീമിനെ ഇറക്കു. ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത പ്രതിരോധ താരം ക്രിസ്റ്റിയന്‍ റൊമേറോ ആദ്യ ഇലവനില്‍ ഉണ്ടാകാന്‍ സാധ്യത വളരെക്കുറവാണ്. പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എത്തിയേക്കും. വിംഗ് ബാക്കുകളായ നിക്കോളാസ് ഗ്ലിയാഫിക്കോയ്ക്കും നഹ്വേല്‍ മോളിനയ്ക്കും പകരം മാര്‍ക്കോസ് അക്കൂനയും ഗോണ്‍സാലോ മോന്‍ഡ്രിയേലും ഇടംപിടക്കും.
മധ്യനിരയിലും അഴിച്ചുപണി ഉണ്ടാകും. സൗദിക്കെതിരേ മോശം പ്രകടനം കാഴ്ചവച്ച പപ്പു ഗോമസിനു പകരം എന്‍സോ ഫെര്‍ണാണ്ടസിനെയോ, അലക്‌സിസ് അലിസ്റ്ററിനെയോ പരീക്ഷിച്ചേക്കും. നായകന്‍ മെസിയുടെ ഫിറ്റ്‌നെസില്‍ ആശങ്കയില്ലെന്നും ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നും കോച്ച് വ്യക്തമാക്കി.
മറുവശത്ത് ഫിഫ ഫുട്ബാളര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ നേതൃത്വത്തിലെത്തിയ പോളണ്ടിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ഗിലര്‍മോ ഒച്ചാവോയെന്ന വിശ്വസ്ത കാവല്‍ക്കാരന്റെ കരുത്തില്‍ മെക്‌സിക്കോ ഇറങ്ങുന്നത്. ഒച്ചാവോയെ മറികടക്കുക എന്നതാകും അര്‍ജന്റീന നേരിടുന്ന ഏറ്റുവം വലിയ വെല്ലുവിളി.
ഗ്രൂപ്പിലെ ആദ്യ മത്സരം സൗദി അറേബ്യയും പോളണ്ടും തമ്മിലാണ്. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെന്ന കൊമ്പന്മാരെ വീഴ്ത്തിയതോടെ ടൂര്‍ണമെന്റിന്റെ തന്നെ ടീമായി മാറിയിരിക്കുകയാണ് സൗദി. ആ ആത്മവിശ്വാസവുമായിട്ടാണ് അവര്‍ പോളണ്ടിനെതിരേ ഇറങ്ങുന്നത്. ഇന്നു ജയിക്കാനായാല്‍ 2ഘ വര്‍ഷത്തിനു ശേഷം നോക്കൗട്ടില്‍ കടക്കാന്‍ അവര്‍ക്കാകും. മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് സൗദി ഇപ്പോള്‍. മറുവശത്ത് ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് സമനിലയില്‍ കുടുങ്ങിയ പോളണ്ടിന് നോക്കൗട്ട് പ്രതീക്ഷ സജീവമാക്കാന്‍ ജയം അത്യാവശ്യമാണ്. നായകന്‍ ലെവന്‍ഡോവ്‌സ്‌കിയിലേക്കാണ് അവര്‍ ഉറ്റുനോക്കുന്നത്.