ഏഷ്യയ്‌ക്കെതിരേ ഇന്ന് ബ്രസീലും ക്രൊയേഷ്യയും

ഏഷ്യയ്‌ക്കെതിരേ ഇന്ന് ബ്രസീലും ക്രൊയേഷ്യയും

രാത്രി 8:30-ന് നടക്കുന്ന മത്സരത്തില്‍ ജപ്പാന്‍ ക്രൊയേഷ്യയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ രാത്രി 12:30-ന് ദക്ഷിണ കൊറിയയ്ക്ക് സാക്ഷാല്‍ ബ്രസീലാണ് എതിരാളികള്‍.
Updated on
1 min read

ഗള്‍ഫ് മണ്ണില്‍ ഏഷ്യന്‍ അട്ടിമറികളുടെ വീരേതിഹാസം ഇനിയും തുടരുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്നറിയാം. ലോകകപ്പിലെ ഏഷ്യന്‍ പ്രതീക്ഷകളായ ജപ്പാനും ദക്ഷിണ കൊറിയയും ഇന്ന് ജീവന്മരണപ്പോരാട്ടത്തിന് ഇറങ്ങുകയാണ്. രാത്രി 8:30-ന് നടക്കുന്ന മത്സരത്തില്‍ ജപ്പാന്‍ ക്രൊയേഷ്യയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ രാത്രി 12:30-ന് ദക്ഷിണ കൊറിയയ്ക്ക് സാക്ഷാല്‍ ബ്രസീലാണ് എതിരാളികള്‍. വന്‍ ശക്തികളുടെ വമ്പിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഏഷ്യന്‍ ടീമുകള്‍ക്കാകുമോയെന്നു കണ്ടറിയാം.

നെയ്മര്‍ ഇറങ്ങും, ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബ്രസീല്‍

ദക്ഷിണകൊറിയയ്‌ക്കെതിരേ സൂപ്പര്‍ താരം നെയ്മറിനെയും അണിനിരത്തിയാകും ബ്രസീല്‍ ഇറങ്ങുക. പരുക്കിനെത്തുടര്‍ന്ന് ആദ്യ റൗണ്ടിലെ രണ്ടു മത്സരങ്ങള്‍ നഷ്ടമായ നെയ്മര്‍ ഇന്ന് കളത്തിലിറങ്ങുമെന്ന് കോച്ച് ടിറ്റെ വ്യക്തമാക്കി. താരം ഇന്നലെ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു.

എന്നാല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസ്, പ്രതിരോധ താരം അലക്‌സ് ടെല്ലസ് എന്നിവര്‍ പരുക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാണ്. പരുക്കിന്റെ പിടിയിലുള്ള ഡാനിലോ, അലക്‌സ് സാന്‍ഡ്രോ എന്നിവരും ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്.

ഗ്രൂപ്പ് റൗണ്ടില്‍ അവസാന മത്സരത്തില്‍ കാമറൂണിനോടു തോറ്റാണ് ബ്രസീല്‍ ഇറങ്ങുന്നത്. അതേസമയം ശക്തരായ പോര്‍ചുഗലിനെ അട്ടിമറിച്ചാണ് കൊറിയയുടെ വരവ്. ഇതിനു മുമ്പ് ഏഴു തവണയാണ് കൊറിയയും ബ്രസീലും ഏറ്റുമുട്ടിയിട്ടുള്ളത്. അതില ആറിലും ബ്രസീലിനായിരുന്നു ന്ഥം. ഒരു തവണ കൊറിയ ജയിച്ചു. ആ പ്രകടനം ആവര്‍ത്തിക്കാനായിരിക്കും ഇന്ന് അവരുടെ ശ്രമം.

'ജയന്റ് കില്ലര്‍' മികവ് തുടരുമോ?

ഖത്തര്‍ ലോകകപ്പിലെ ജയന്റ് കില്ലര്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ.... ജപ്പാന്‍! നാലു തവണ ചാമ്പ്യന്മാരായ ജര്‍മനിയെയും ഒരു തവണ ജേതാക്കളായ സ്‌പെയിനെയും ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പിച്ച് ആ ഗ്രൂപ്പില്‍ നിന്ന് ചാമ്പ്യന്മാരായി നോക്കൗട്ടില്‍ കടന്നവരെ വേറെ എന്തു വിളിക്കാന്‍!

ഗ്രൂപ്പ് ഘട്ടത്തില്‍ നടത്തിയ പ്രകടനം ഫ്‌ളൂക്ക് അല്ലെന്ന് തെളിയിക്കാനുള്ള മികച്ച അവസരമാണ് ജപ്പാന് ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ മത്സരം. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ക്രൊയേഷ്യയെയാണ് അവര്‍ക്ക് അവസാന 16-ല്‍ നേരിടേണ്ടത്. ഇന്നു ജയിച്ചാല്‍ ലോകകപ്പ് ചരിത്രത്തില്‍ ജപ്പാന്റെ ഏറ്റവും വലിയ മുന്നേറ്റമാകും. 2002, 2010, 2018 ലോകകപ്പുകളില്‍ പ്രീക്വാര്‍ട്ടറില്‍ കടന്നതാണ് അവരുടെ ഏറ്റവും വലിയ നേട്ടം.

പ്രത്യാക്രമണങ്ങളിലൂടെ വീണുകിട്ടുന്ന അവസരങ്ങള്‍ ഗോളാക്കനുള്ള മികവാണ് ജപ്പാന്റെ കരുത്ത്. ഈ 'ഗറില്ലാ' തന്ത്രത്തിനു മുന്നിലാണ് ജര്‍മനിയും സ്‌പെയിനും അടിയറവ് പറഞ്ഞത്. സ്‌ട്രൈക്കര്‍ റിറ്റ്‌സു ഡൊവാന്‍, ആവോ ടനാക എന്നിവരാണ് അവരുടെ തുറുപ്പ് ചീട്ട്. രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട കൊ ഇടാകുരയ്ക്ക് കളിക്കാനാകാത്തത് അവര്‍ക്കു തിരിച്ചടിയാണ്.

മറുവശത്ത് തോല്‍വി അറിയാതെയാണ് ക്രൊയേഷ്യയുടെ വരവ്. ആദ്യ മത്സരത്തില്‍ മൊറോക്കോയോടു സമനില വഴങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ കാനഡയെ തകര്‍ത്തിരുന്നു. പിന്നീട് നിര്‍ണായക മത്സരത്തില്‍ ബെല്‍ജിയത്തോടു സമനില വഴങ്ങിയാണ് അവര്‍ നോക്കൗട്ടില്‍ കടന്നത്. മുന്‍നിര താരങ്ങളായ ലൂക്കാ മോഡ്രിച്ച്, ഇവാന്‍ പെരിസിച്ച്, കൊവാസിച്ച് എന്നിവരുടെ മോശം ഫോം അവര്‍ക്കു തിരിച്ചടിയാണ്. രണ്ടു ഗോള്‍ നേടിയ ആന്ദ്രെ ക്രമാറിച്ചിലാണ് അവരുടെ പ്രതീക്ഷ.

logo
The Fourth
www.thefourthnews.in