ആഫ്രിക്കന്‍ കരുത്തിനെ അടിച്ചൊതുക്കി ഓസ്‌ട്രേലിയ; നോക്കൗട്ട് പ്രതീക്ഷ സജീവം
പൊരുതിക്കളിച്ച ആഫ്രിക്കക്കാരെ ഒരൊറ്റ ഗോളില്‍ വീഴ്ത്തി നോക്കൗട്ട് പ്രതീക്ഷ കാത്ത് ഓസ്‌ട്രേലിയ. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഡിയില്‍ ഇന്ന് നടന്ന ആവേശപ്പോരാട്ടത്തില്‍ ടുണീഷ്യയെ മറികടന്നാണ് ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യ ജയം കുറിച്ചത്. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ മിച്ചല്‍ ഡ്യൂക്ക് നേടിയ ഗോളാണ് ടുണീഷ്യയുടെ വിധിയെഴുതിയത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനോട് ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തോറ്റ ഓസ്‌ട്രേലിയയ്ക്ക് ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇന്ന് ജയിച്ചേ തീരുമായിരുന്നുള്ളു. ആ ഒരൊറ്റ ലക്ഷ്യവുമായി കളത്തിലിറങ്ങിയ അവര്‍ ആദ്യ മിനിറ്റു മുതല്‍ക്കേ ആക്രമിച്ചു കളിച്ചു.
മത്സരത്തിന്റെ തുടക്കത്തില്‍ ടുണീഷ്യയെ നിലംതൊടീക്കാതെയുള്ള ആക്രമണമാണ് ഓസ്‌ട്രേലിയ അഴിച്ചുവിട്ടത്. അതിന് 23-ാം മിനിറ്റില്‍ തന്നെ ഫലം കാണുകയും ചെയ്തു.
ഇടതുവിങ്ങില്‍ നിന്ന് മധ്യനിര താരം ഗുഡ്‌വിന്‍ നടത്തിയ മിന്നല്‍ക്കുതിപ്പിനൊടുവില്‍ ബോക്‌സിനു മധ്യത്തിലേക്ക് ഒരു ക്രോസ്. എന്നാല്‍ പന്ത് ടുണീഷ്യന്‍ പ്രതിരോധതാരത്തിന്റെ ചുമലില്‍ തട്ടിത്തെറിച്ചു. എന്നാല്‍ ആ റീബൗണ്ട് ഡ്യൂക്കിന്റെ തലയ്ക്കു പാകമായിരുന്നു. പിഴവില്ലാതെ ഓസീസ് താരത്തിന്റെ ഹെഡര്‍ വലയില്‍ പതിച്ചു.
ലീഡ് നേടിയ ശേഷവും ആദ്യപകുതിയില്‍ സമ്മര്‍ദ്ദം ചെലുത്തിക്കളിച്ചത് ഓസീസായിരുന്നു. എന്നാല്‍ അവര്‍ക്ക് സ്‌കോര്‍ ഉയര്‍ത്താനായില്ല. ഒരു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ ഓസ്‌ട്രേലിയയെ ഞെട്ടിക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയില്‍ ട്യുണീഷ്യ കാഴ്ചവച്ചത്. ഒന്നിനു പിറകെ ഒന്നായി നടത്തിയ ആക്രമണങ്ങളില്‍ ഓസ്‌ട്രേലിയന്‍ പ്രതിരോധം പലപ്പോഴും കാഴ്ചക്കാരായി.
എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ചകള്‍ ടുണീഷ്യയ്ക്ക് അര്‍ഹതപ്പെട്ട സമനില ഗോള്‍ നിഷേധിക്കുകയായിരുന്നു. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ ഡെന്‍മാര്‍ക്കിനോട് ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ടുണീഷ്യയുടെ നോക്കൗട്ട് പ്രതീക്ഷകള്‍ ഏറെക്കുറേ അവസാനിച്ചുകഴിഞ്ഞു. അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെതിരേ വന്‍ ജയം നേടിയാല്‍ മാത്രമേ അവര്‍ക്ക് എന്തെങ്കിലും സാധ്യതയുള്ളു.