ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ബിബിസി എന്തുകൊണ്ട്  ബഹിഷ്‌കരിച്ചു? കാരണം ഇതൊക്കെയാണ്

ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ബിബിസി എന്തുകൊണ്ട് ബഹിഷ്‌കരിച്ചു? കാരണം ഇതൊക്കെയാണ്

ലോകകപ്പ് ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള കാരണം ബിബിസി ഇതുവരെ അറിയിച്ചിട്ടില്ലെങ്കിലും, അവരുടെ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ശ്രദ്ധിച്ചാല്‍ ഒന്നിലധികം കാരണങ്ങള്‍ കണ്ടെത്താം
Updated on
2 min read

ഏറ്റവും ചെലവേറിയ ഫുട്‌ബോള്‍ ലോകകപ്പിനാണ് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. സ്റ്റേഡിയം നിര്‍മാണം മുതല്‍ ഇന്നലെ ഉദ്ഘാടന ചടങ്ങുകളില്‍ വരെ അത് പ്രകടമായിരുന്നു. അതിനൊപ്പം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും, തൊഴിലാളി പ്രശ്‌നങ്ങളും ഉള്‍പ്പെടെ വിവാദങ്ങളും ഉയര്‍ന്നുകേട്ടു. കാല്‍പ്പന്ത് ഉരുണ്ട് തുടങ്ങുമ്പോഴേക്കും സകല വിവാദങ്ങളും കെട്ടടങ്ങുമെന്നായിരുന്നു ഖത്തര്‍ ഭരണകൂടത്തിന്റെയും ലോകകപ്പ് സംഘാടകരുടെയും ചിന്ത. ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാനെയും ബിടിഎസ് ഗായകന്‍ ജങ് കൂക്കിനെയും അണിനിരത്തി ഉദ്ഘാടന ചടങ്ങ് കൊഴുപ്പിച്ച്, ആഗോള മാധ്യമങ്ങളുടെയെല്ലാം ശ്രദ്ധ കാല്‍പ്പന്തിന്റെ വശ്യതയിലേക്കും മാനവികതയിലേക്കും തിരിച്ചുവിടാന്‍ സംഘാടകര്‍ക്ക് കഴിയുകയും ചെയ്തു. എന്നാല്‍, ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചുകൊണ്ട് വിവാദങ്ങളെയെല്ലാം സജീവമാക്കുകയാണ് ബിബിസി.

ലോകകപ്പ് ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള കാരണം ബിബിസി ഇതുവരെ അറിയിച്ചിട്ടില്ലെങ്കിലും, അവരുടെ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ശ്രദ്ധിച്ചാല്‍ ഒന്നിലധികം കാരണങ്ങള്‍ കണ്ടെത്താം. ഫിഫയിലെ അഴിമതി, ഖത്തറിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, സ്വവര്‍ഗലൈംഗികതയ്ക്കുള്ള നിരോധനം, വസ്ത്രസ്വാതന്ത്ര്യം ഉള്‍പ്പെടെ കാര്യങ്ങള്‍ ബിബിസിയുടെ ബഹിഷ്‌കരണത്തിന് കാരണമായിട്ടുണ്ട്. ''ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദപരമായ ലോകകപ്പാണിത്. ഇതുവരെ പന്ത് ഉരുണ്ടുതുടങ്ങിയിട്ടില്ല'' എന്നായിരുന്നു ലോക പ്രശസ്ത ഫുട്‌ബോള്‍ ഷോ ആയ മാച്ച് ഓഫ് ദി ഡേ അവതാരകന്‍ ഗാരി ലിനേകര്‍ ഖത്തര്‍ ലോകകപ്പിനെ വിശേഷിപ്പിച്ചത്.

ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ബിബിസി എന്തുകൊണ്ട്  ബഹിഷ്‌കരിച്ചു? കാരണം ഇതൊക്കെയാണ്
'പണംകൊടുത്ത് ലോകകപ്പ് വാങ്ങാനായി, പക്ഷേ ആരാധകരെ കിട്ടിയില്ല'

''2010ല്‍ ലോകകപ്പ് വേദിയായി ഖത്തറിനെ ഫിഫ തിരഞ്ഞെടുത്തത് മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന നിരവധി ചോദ്യങ്ങളുണ്ട്. ലേല പ്രക്രിയയിലെ അഴിമതി ആരോപണങ്ങള്‍ മുതല്‍ സ്‌റ്റേഡിയങ്ങള്‍ നിര്‍മിച്ച കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വരെ അത് നീളുന്നു. തൊഴിലാളികളില്‍ ചിലര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു, മറ്റു ചിലര്‍ക്ക് ജീവന്‍ തന്നെ നഷ്ടമായി. സ്വവര്‍ഗ ലൈംഗികത ഇവിടെ കുറ്റകരമാണ്. സ്ത്രീകളുടെ അവകാശങ്ങളും അഭിപ്രായ, വസ്ത്ര സ്വാതന്ത്ര്യവുമൊക്കെ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, ലോകകപ്പ് വേനല്‍ക്കാലത്ത് നിന്ന് ശൈത്യകാലത്തേക്ക് മാറ്റാന്‍ ആറ് വര്‍ഷം മുമ്പ് തീരുമാനിച്ചിരുന്നു''- ഖത്തറിനുവേണ്ടി ഫിഫ നിയമങ്ങളും വ്യവസ്ഥകളും മാറ്റിയെഴുതിയെന്ന് സൂചിപ്പിക്കുന്നതായിരുന്നു ലിനേകറിന്റെ വാക്കുകള്‍.

സ്റ്റേഡിയം ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങളും മരണവുമൊക്കെയാണ് ബിബിസി ആവര്‍ത്തിച്ച് കാണിച്ചുകൊണ്ടിരുന്നത്. അതേസമയം, ഖത്തര്‍ ഭരണകൂടം ഫണ്ട് ചെയ്യുന്ന അല്‍ ജസീറ, നിര്‍മാണ തൊഴിലാളികള്‍ ഇംഗ്ലണ്ട് ലോകകപ്പ് ടീം അംഗങ്ങളെ സന്ദര്‍ശിക്കുന്നത് സംപ്രേഷണം ചെയ്തുകൊണ്ടാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ പ്രേമികളെ ആകര്‍ഷിച്ചത്. ദോഹയില്‍ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ വളര്‍ച്ചയും വികസനവുമൊക്കെ അല്‍ ജസീറ പ്രാധാന്യത്തോടെ അവതരിപ്പിച്ചു.

പരസ്യമായുള്ള പ്രണയ പ്രകടനങ്ങള്‍, മദ്യപാനം, സ്ത്രീകള്‍ അല്‍പവസ്ത്രം ധരിക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ക്ക് ഖത്തറില്‍ വിലക്കുണ്ട്. കടുത്ത സാമൂഹിക നിയന്ത്രണങ്ങള്‍ക്കൊപ്പം എല്‍ജിബിടി അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായും വിമര്‍ശനമുണ്ട്. അതിനിടെ, വ്യാജ ആരാധകരെ കൊണ്ട് മത്സരങ്ങള്‍ കൊഴുപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബിബിസിയുടെ ബഹിഷ്‌കരണം വിവാദങ്ങളെ കൂടുതല്‍ ചൂട് പിടിപ്പിച്ചേക്കും.

ഇതിനിടെ, ഖത്തറില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ നടത്തുന്ന പ്രചരണത്തിനെതിരെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രംഗത്തെത്തിയിരുന്നു. ഖത്തറിനെതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ജിയാനി ആവശ്യപ്പെട്ടത്. ഖത്തറിനെ അനുകൂലിച്ച് സംസാരിച്ച ജിയാനി യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ തീര്‍ക്കാന്‍ ഇനിയുള്ള 3000 വര്‍ഷങ്ങള്‍ എങ്കിലും വേണ്ടിവരുമെന്നാണ് അഭിപ്രായപ്പെട്ടത്. ഖത്തര്‍ തൊഴിലാളി ചൂഷണവും ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കാത്തതുമായ ഒരു രാജ്യമാണെന്നത് ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളുടെ ആരോപണങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

logo
The Fourth
www.thefourthnews.in