അവസരങ്ങൾ തുലച്ച് കാനഡ; ബെൽജിയത്തിന് ഒരു ഗോൾ ജയം

അവസരങ്ങൾ തുലച്ച് കാനഡ; ബെൽജിയത്തിന് ഒരു ഗോൾ ജയം

ആദ്യ പകുതിയുടെ അവസാന മിനുറ്റില്‍ ബറ്റ്ഷുവായ് നേടിയ ഗോളിലൂടെയാണ് ബെല്‍ജിയം കാനഡയെ തോല്‍പ്പിച്ചത്
Updated on
1 min read

കരുത്തരായ ബെല്‍ജിയത്തിന് ലോകകപ്പില്‍ വിജയത്തുടക്കം. ആദ്യ പകുതിയുടെ അവസാന മിനുറ്റില്‍ ബറ്റ്ഷുവായ് നേടിയ ഗോളിലൂടെ ബെല്‍ജിയം കാനഡയെ തോല്‍പ്പിച്ച് മൂന്ന് പോയിന്‌റ് സ്വന്തമാക്കി. പെനാല്‍റ്റിയടക്കം ഗോളവസരങ്ങള്‍ മുതലാക്കാനായില്ലെങ്കിലും കളിമികവില്‍ കാനഡയും മനസ് കീഴടക്കി.

ഗോളി കോര്‍ട്ട്വയ്ക്ക് അവകാശപ്പെട്ടതാണ് ബെല്‍ജിയത്തിന്‌റെ ജയം. 10 മിനുറ്റില്‍ തന്നെ മത്സരത്തില്‍ ലീഡ് നേടാനുള്ള അവസരം കാനഡയ്ക്ക് ലഭിച്ചെങ്കിലും കോര്‍ട്ട്വയുടെ മിന്നും സേവ് ബെല്‍ജിയത്തെ രക്ഷിച്ചു. കരാസ്‌കോയുടെ ഹാന്‍ഡബോള്‍ ഫൗളിനാണ് കാനഡയ്ക്കനുകൂലമായി റഫറി പെനാറ്റിവിളിച്ചത്. ഡേവിസ് എടുത്ത കിക്ക് ബെല്‍ജിയം ഗോളി തടഞ്ഞിട്ടു. 80ാം മിനുറ്റില്‍ ജോണ്‍സ്റ്റന്റെ പാസില്‍ ലാരിന്‍ തൊടുത്ത ഹെഡ്ഡര്‍ തടഞ്ഞ് കോര്‍ട്ട്വ ഒരിക്കല്‍ കൂടി രക്ഷകനായി.

കളം നിറഞ്ഞ് കളിച്ച കാനഡ എതിര്‍ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. പെനാല്‍റ്റിയടക്കം 21 ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ലോകകപ്പ് വേദിയില്‍ താരതമ്യേന പുതുമുഖങ്ങളായ ടീം പക്ഷേ, ശക്തമായ ആക്രമണ നിരയുള്ള ബെല്‍ജിയത്തെ ഒരു ഗോളില്‍ ഒതുക്കി. മൊറോക്കോ- ക്രൊയേഷ്യ മത്സരം സമനിലയില്‍ പിരിഞ്ഞതിനാല്‍ ഗ്രൂപ്പില്‍ സാധ്യതകള്‍ ഏത്‌വിധവും മാറിമറിയാം എന്നതാണ് സാഹചര്യം. തോറ്റെങ്കിലും ഉണര്‍ന്ന് കളിക്കാനായത് വരും മത്സരങ്ങളില്‍ കാനഡയ്ക്ക് പ്രതീക്ഷ നല്‍കും.

logo
The Fourth
www.thefourthnews.in